കോഴിക്കോട്: പിഎസ്സി അംഗമായി നിയമിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് കോഴ കൊടുത്തെന്ന ആരോപണം പാര്‍ട്ടി ഇടപെട്ട് ഒതുക്കിയെങ്കിലും വിവാദം പുതിയ വഴിത്തിരിവില്‍. സിപിഎം നേതാക്കളുടെ സമ്മര്‍ദത്തില്‍ ആര്‍ക്കും കോഴ കൊടുത്തിട്ടില്ലെന്ന് പ്രസ്താവിച്ച പരാതിക്കാരന് ഇപ്പോള്‍ മൊഴി മാറ്റി. ഇയാളുടെ സംഭാഷണത്തിന്റെ ശബ്ദ രേഖ വ്യാപകമായി പ്രചരിക്കുന്നു.
കണ്ണൂര്‍ സ്വദേശിക്കാണ് പണം കൊടുത്തതെന്നും പാര്‍ട്ടി നടപടിക്ക് വിധേയനായ പ്രമോദിനെ സിപിഎമ്മിലെ എതിര് ഗ്രൂപ്പുകാര്‍ ആസൂത്രിതമായി കുടുക്കിയതാണെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍. നിരപരാധിത്തം വ്യക്തമായെന്നും തുടര്‍നടപടികള്‍ക്കു പോകുമെന്നും പറയുന്നുണ്ട്. ഈ വിഷയത്തില്‍ സിപിഎമ്മില്‍ നിന്നു പുറത്താക്കിയ കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി.
കണ്ണൂര്‍ സ്വദേശിക്കാണ് പണം നല്‍കിയതെന്നു പരാതിക്കാരന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ പണം ആരു വാങ്ങിയെന്നും ആര്‍ക്കു നല്‍കിയെന്നും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും പരാതി നല്‍കുമെന്ന് പ്രമോദ് പറഞ്ഞു.
തെളിവില്ലെന്നു പറഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ നേതാക്കളും പോലീസും അന്വേഷണം അവസാനിപ്പിച്ച കേസിലാണ് പരാതിക്കാരന്റെ തന്നെ ശബ്ദ സന്ദേശം പുറത്തു വന്നിരിക്കുന്നത്. പിഎസ്സി അംഗമാക്കാമെന്നു പറഞ്ഞ് വനിതാ ഡോക്ടറില്‍ നിന്ന് പ്രമോദ് 22 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി.
കണ്ണൂര്‍ സ്വദേശിക്കാണ് പണം നല്‍കിയതെന്നും ജീവനു ഭീഷണിയുള്ളതിനാല്‍ പലതും തുറന്നുപറയാന്‍ കഴിയില്ലെന്നും പരാതിക്കാരന്റെ ശബ്ദ സന്ദേശത്തിലുണ്ട്. പിഎസ്സി കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയുടെ പേര് വന്നതിനു പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയാണെന്ന് തെളിയിക്കുന്നതു കൂടിയാണ് ശബ്ദസന്ദേശം.
അതേസമയം പിഎസ്സി കോഴക്കേസില്‍ ഇന്നലെ പുറത്തു വന്ന പരാതിക്കാരന്റെ ശബ്ദരേഖ വ്യക്തമാക്കുന്നത് സിപിഎമ്മില്‍ അരങ്ങേറിയ വിഭാഗീതയതും ഗ്രൂപ്പ് കളിയും. നിയമനത്തിന് യഥാര്‍ഥ പണം നല്‍കിയത് കണ്ണൂരിലെ ഒരു വ്യക്തിക്കാണെന്നും കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി അംഗവും പ്രാദേശിക വനിതാ നേതാവും സിപിഎം കൗണ്‍സിലറും ചേര്‍ന്ന് ആരോപണം പ്രമോദ് കോട്ടുളിയുടെ പേരിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നുവെന്നും പരാതിക്കാരന്റെ ശബ്ദ സന്ദേശത്തിലുണ്ട്.
ഭാര്യയുടെ ജോലി ആവശ്യത്തിനായി ഒരു വനിതാ നേതാവിനോട് സഹായം തേടിയിരുന്നു. ഒരാള്‍ക്ക് പണം നല്കിയ കാര്യവും വനിതാ നേതാവിനോട് പറഞ്ഞിരുന്നു ഇത് പ്രമോദിന്റെ പേരിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ള സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇദ്ദേഹത്തിന്റെ ബാങ്കില്‍ യോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും ഭാര്യക്ക് ദേശീയ ആരോഗ്യ മിഷന് വഴി ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറെ കാണാനെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നില്‍ എത്തിച്ചതെന്നും പറയുന്നുണ്ട്.
തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച കേസിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. സിറ്റി പോലീസ് കമ്മിഷണര്‍ക്കു ലഭിച്ച പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. പരാതിക്കാരനെയും ഭാര്യയെയും കമ്മീഷണര്‍ ഓഫീസില്‍ വിളിപ്പിച്ചു മൊഴിയെടുത്തെങ്കിലും പണമിടപാടിനു തെളിവൊന്നുമില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: