ഇപ്രകാരമുള്ള സമഷ്ടിയുടെ പരിച്ഛേദമാണ് ഓരോ മനുഷ്യനും. അതിനാല്‍ മനുഷ്യനില്‍ നിശ്ചലാവസ്ഥയിലുള്ള ചിത് സ്വരൂപവും, ശക്തിയുടെ വിവിധ കേന്ദ്രങ്ങളും (ഷഡാധാരങ്ങള്‍), അതിന്റെ പരിണാമ ഫലങ്ങളും (ബുദ്ധി, അഹം, മനസ്സുള്‍പ്പെടെ 11 ഇന്ദ്രിയശക്തികള്‍, അഞ്ച് തന്മാത്രകള്‍, പഞ്ചഭൂതങ്ങള്‍ എന്നിവ) എല്ലാംതന്നെ സ്ഥിതിചെയ്യുന്നുണ്ട്. ഒരു സാധകന് ആദ്യം പരിണാമ ഫലങ്ങളാകുന്ന ഉള്ളിലെ ഊര്‍ജ്ജങ്ങളെ തന്റെ ഉള്ളില്‍ത്തന്നെ സ്ഥിതിചെയ്യുന്ന പരാശക്തിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. പിന്നീട് പരാശക്തി ശുദ്ധബോധവുമായി സമ്മേളിക്കുന്നു. ഈ സാധനയ്‌ക്ക് ഗുരുവിന്റെ മേല്‍നോട്ടമുണ്ടായിരിക്കണം. തന്ത്രവിദ്യയുടെ സാഫല്യത്തിന് മന്ത്രവും യന്ത്രവും സഹായകമാകുന്നു. മന്ത്രമുരുവിടല്‍ വിവിധ ശക്തികേന്ദ്രങ്ങളെ (ചക്രങ്ങളെ) ഉണര്‍ത്തുകയും, അവയെ അതത് അധീശ ശക്തികളിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്നു.
സമഷ്ടിയിലും വ്യഷ്ടിയിലും ഒരുപോലെ അടങ്ങിയിട്ടുള്ള പ്രധാന തത്ത്വങ്ങളെ ക്ഷേത്രഗണിത മാതൃകയില്‍ ചിത്രീകരിച്ചിട്ടുള്ളതാണ് ശ്രീചക്രം മുതലായ യന്ത്രങ്ങള്‍. ഇതിന്റെ പകര്‍പ്പുകള്‍ തന്നെയാണ് ക്ഷേത്രങ്ങളും. ഇങ്ങനെ സമഷ്ടിയുടെ പകര്‍പ്പുകളാണ് ഓരോ വ്യഷ്ടിയും, അതുപോലെതന്നെ ക്ഷേത്രവും. ക്ഷേത്രത്തിന്റെ പുറംമതില്‍, ശീവേലിപ്പുര, വിളക്കുമാടം, നാലമ്പലം, അകത്തെ ബലിവട്ടം എന്നിവ ദേവന്റെ സ്ഥൂലശരീരമാകുന്നു. ക്ഷേത്രത്തിലെ കേന്ദ്രബിന്ദുവായിട്ടുള്ള ദേവന്റെ സൂക്ഷ്മശരീരമാണ് ശ്രീകോവിലും അതിലെ പ്രതിഷ്ഠയും. ഈശ്വര ശക്തി കേന്ദ്രീകരിക്കപ്പെടുന്ന ഷഡാധാരങ്ങളും ഇതില്‍ കല്‍പ്പന ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദീകരണം പി.മാധവ്ജി രചിച്ച”ക്ഷേത്ര ചൈതന്യ രഹസ്യം’ എന്ന ഗ്രന്ഥത്തിലുണ്ട്.
ക്ഷേത്രാരാധന സാധാരണ മനുഷ്യര്‍ക്കുള്ളതാണെന്ന് പറയാറുണ്ടല്ലോ. എന്നാല്‍ ലാഘവബുദ്ധിയോടെ നിര്‍വഹിക്കേണ്ട ഒന്നല്ല ഇത്. സാധകനില്‍ ദേവചൈതന്യം ഉണര്‍ന്ന് പരമകോടിയിലെത്തുന്നതുവരെയും അതിനെ ആശ്രയിക്കാവുന്നതാണ്. എന്നാല്‍ ചില സാധകരാവട്ടെ, ഏതെങ്കിലും ഒരു ചക്രമുണരുമ്പോള്‍ ഉണ്ടാകുന്ന അമാനുഷിക സിദ്ധികള്‍ മൂലം എല്ലാം നേടിയ മട്ടില്‍ അവയെ പ്രദര്‍ശിപ്പിച്ച് മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. ഇത്തരം സിദ്ധികള്‍ ഒരു സാധകനില്‍ ആദ്ധ്യാത്മിക അഹങ്കാരം വളര്‍ത്തുക വഴി അയാളെ ശരിയായ മാര്‍ഗത്തില്‍ നിന്നും വ്യതിചലിപ്പിക്കാറുണ്ട്. സിദ്ധികള്‍ ഒരു സാധകന്റെ ലക്ഷ്യത്തെ തകര്‍ക്കുന്നതാണെന്ന വസ്തുത ശ്രീരാമകൃഷ്ണനെപ്പോലുള്ള ആത്മീയഗുരുക്കന്മാര്‍ മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്.
സാധകര്‍ വഴിതെറ്റുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ശാക്തസമ്പ്രദായത്തില്‍ ആത്മീയ ജ്ഞാനവും മോക്ഷവും സാധിക്കാനുള്ള അനുഷ്ഠാനങ്ങള്‍ ഉപദേശിക്കുന്ന ശുഭാഗമങ്ങളും (സമയ’മാര്‍ഗ്ഗം), മാന്ത്രികശക്തികളെ ഉണര്‍ത്താനുള്ള കൗളാഗമങ്ങളും (കൗള മാര്‍ഗ്ഗം), പിന്നെ രണ്ടിനെയും ഉപദേശിക്കുന്ന മിശ്രാഗമങ്ങളുമുണ്ട്. ഊര്‍ജത്തിന് നന്മയും തിന്മയുമില്ല. അതിനെ എപ്രകാരം മനുഷ്യര്‍ ഉപയോഗപ്പെടുത്തുന്നുവെന്നതിലാണ് നന്മയും തിന്മയുമടങ്ങുന്നത്. അതിനാല്‍ അഭൗമ ഊര്‍ജ്ജത്തിന്റെ കേന്ദ്രങ്ങളാകുന്ന ക്ഷേത്രത്തെയും പ്രതിഷ്ഠയെയും സാത്വികഗുണ പരിപോഷണത്തിനും ആത്മീയ സാധനയ്‌ക്കും ഉപയോഗപ്രദമാക്കേണ്ടത് പൂജാരിമാരുടെയും ക്ഷേത്രസമിതിയുടെയും ഭക്തരുടെയും ഉത്തരവാദിത്വമാണ്. ശക്തികേന്ദ്രങ്ങളെ ദുഷിപ്പിക്കുന്നത് നാടിനും നാട്ടാര്‍ക്കും അശുഭകരമാകുന്നു.
ബംഗാളിലും കേരളത്തിലുമാണ് കാളിക്ഷേത്രങ്ങളും കാളിപൂജയും താരതമ്യേന അധികമായിട്ടുള്ളത്. ശിവന്റെ ത്രിനേത്രത്തിലെ ക്രോധാഗ്നിയാണ് കാളി. അതിനാല്‍ ജന്മനാ രൗദ്രഭാവയും ഉഗ്രമൂര്‍ത്തിയുമായ കാളിയെ വൈരാഗ്യത്തിനും മോക്ഷത്തിനും ഉപയോഗപ്പെടുത്താമെങ്കിലും, ഗൃഹസ്ഥര്‍ക്ക് ഈ ശക്തി ശുഭകാരിയാവണമെന്നില്ല. ബ്രഹ്മചാരിയും സര്‍വ്വസംഗപരിത്യാഗിയുമായിരുന്ന ശ്രീരാമകൃഷ്ണദേവന് കാളി മംഗളകാരിയായിരുന്നു. കാരണം രാമകൃഷ്ണ ദേവന്‍ ആഗ്രഹിച്ചത് പരമ ഭക്തിയും മുക്തിയും മാത്രമായിരുന്നു. എന്നാല്‍ ലൗകികത ഉപേക്ഷിക്കാത്ത ഭക്തരില്‍ ചിലര്‍ പരമശിവനെ ചവിട്ടിനില്‍ക്കുന്ന ഉഗ്രരൂപിണിയായ കാളിയെ ക്ഷിപ്രപ്രസാദത്തിനായി ആരാധിക്കാറുണ്ട്. വിശ്വാസമനുസരിച്ച് ഭഗവാന്റെ ത്രിനേത്രത്തില്‍/ജടയില്‍ നിന്നുദ്ഭവിച്ച ക്രോധാഗ്നി ദുഷ്ടനിഗ്രഹത്തിനായി നിയോഗിക്കപ്പെട്ടു. ആ ശക്തിയാവട്ടെ ഭഗവാന്റെ ശരീരത്തിലേക്ക് തിരികെ കയറാന്‍ വിസമ്മതിച്ചുവെന്നും, അതിനാല്‍ അതിനെ തന്നിലേക്ക് ലയിപ്പിക്കാന്‍ വേണ്ടി ഭഗവാന്‍ നിലത്തുകിടന്നുവെന്നും, അപ്പോള്‍ ദേവിയുടെ പാദം ഭഗവാന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതുമൂലം ആ ശക്തിയുടെ ലയം സംഭവിച്ചുവെന്നും പറയപ്പെടുന്നു. ഇവിടെ ഭഗവാന്‍ പോലും വളരെ പണിപ്പെട്ട് ലയിപ്പിക്കാന്‍ ശ്രമിച്ച ക്രോധാഗ്നിയെ സാധാരണ മനുഷ്യര്‍ വിടാതെ പിന്തുടരുന്നുവെന്നത് ആശ്ചര്യകരമാണ്! ഈശ്വരാനുഗ്രഹം നിസ്സാരകാര്യമല്ല
ക്ഷേത്രാരാധനയെ ആശ്രയിക്കുന്ന ഭക്തര്‍ ആത്മീയ ജ്ഞാനവും ശരിയായ ഭക്തിയും മോക്ഷവും ലഭ്യമാക്കാനാണ് ലക്ഷ്യമിടേണ്ടത്. ക്ഷേത്രാനുഷ്ഠാനത്തിന്റെ പൊരുള്‍ മനസ്സിലാക്കാതെ അതനുഷ്ഠിക്കുന്നതു കാരണം ഭക്തര്‍ പൊതുവെ തങ്ങളുടെ ദുരിതങ്ങള്‍ ദേവനെ നേരിട്ടുകണ്ട് ബോധിപ്പിക്കാനും, അവയുടെ പരിഹാരത്തിനായി അര്‍ച്ചന തുടങ്ങിയ വഴിപാടുകള്‍ നടത്താനും മാത്രമായി ക്ഷേത്രദര്‍ശനത്തെ പരിമിതപ്പെടുത്തുകയാണ് പതിവ്. മനുഷ്യരുടെ ഏത് പ്രശ്‌നപരിഹാരത്തിനും ഈശ്വരനെ ആശ്രയിക്കാം. എന്നാല്‍ ക്ഷേത്രാരാധനയെന്നത് വളരെ സങ്കീര്‍ണമായിട്ടുള്ള താന്ത്രികവിദ്യയിലെ ആത്മീയാനുഷ്ഠാനമാണെന്നത് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ ഹൈന്ദവ ക്ഷേത്രങ്ങളില്‍ സാധാരണ ഭക്തര്‍ പ്രദക്ഷിണമല്ലാതെ മറ്റ് അനുഷ്ഠാനമൊന്നും ചെയ്യുന്നില്ല. എല്ലാം പൂജാരിയാണല്ലോ ചെയ്യുന്നത്. ഭക്തര്‍ക്ക് ശരിയായ മതപഠനവും ലഭ്യമാകുന്നില്ല. വളരെ കുറച്ചു പേര്‍ ക്ഷേത്രദര്‍ശന വേളയില്‍ മന്ത്രമുരുവിടുകയും ധ്യാനനിരതരാവുകയും ചെയ്യുന്നുവെന്നത് നിഷേധിക്കുന്നില്ല. പക്ഷേ ദേവനെ ദര്‍ശിച്ചു മാത്രം പോകുന്നവരും, ഭൗതിക കാര്യങ്ങള്‍ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിച്ചു മടങ്ങുന്നവരുമാണ് കൂടുതല്‍ പേരും. ക്ഷേത്രാരാധനയുടെ പിന്നിലെ തത്ത്വം സാധാരണ ഹൈന്ദവര്‍ അറിയാതെ പോകുന്നുവെന്നത് ഖേദകരമാണ്. ഏറ്റവും മഹത്തായ ഒരു തത്ത്വദര്‍ശനമാണ് ക്ഷേത്രനിര്‍മിതിയിലും ക്ഷേത്രാരാധനയിലും അടങ്ങിയിട്ടുള്ളത്. ക്ഷേ്രതത്തിലെ പൂജാരിമാരില്‍ പോലും പലരും പൂജ ചെയ്യാന്‍ മാത്രം പഠിക്കുന്നവരാണ്. ധാരാളം പണച്ചെലവുള്ള വിവിധ ഇനം പൂജകളുടെ എണ്ണം കൂട്ടാനും ഉത്സവങ്ങള്‍ പൂര്‍വ്വാധികം പൊടിപൊടിക്കാനുമാണ് ഇന്നത്തെ പല ക്ഷേത്രസമിതികളും ഉദ്യമിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തില്‍ ദേവചൈതന്യം തനതായ ഭാവത്തില്‍ നിലനില്‍ക്കണമെങ്കില്‍ അതുമായി ബന്ധപ്പെടുന്ന മനുഷ്യമനസ്സുകള്‍ യഥാര്‍ത്ഥത്തില്‍ ഈശ്വരോന്മുഖമാകണം.
ക്ഷേത്ര പരിസരത്ത് ഒരു ശിശുവെങ്ങാനുംമൂത്രമൊഴിച്ചാല്‍ തിടുക്കത്തില്‍ പരിസരം വൃത്തിയാക്കുന്നു. എന്നാല്‍ ദിനംപ്രതി ദേവന്റെ സൂക്ഷ്മശരീരത്തില്‍ ഏല്‍പ്പിക്കുന്ന മനുഷ്യരുടെ ദോഷകരമായ അനാത്മചിന്തകള്‍ അവഗണിക്കപ്പെടുന്നു. ദേവന്റെ തേജസ്സ് നഷ്ടപ്പെടാന്‍ ഇവ കാരണമാകുന്നുവെന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. വിശ്വരഹസ്യത്തിന്റെ ശ്രേഷ്ഠവും അതേസമയം സങ്കീര്‍ണവുമായ സംവിധാനമെന്ന നിലയ്‌ക്ക് ക്ഷേത്രങ്ങളില്‍ ആത്മീയ പ്രഭാഷണവും ഭജനയും ധ്യാനവും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഭക്തിയിലും അനുഷ്ഠാനങ്ങളിലും ശുദ്ധിയും ആത്മാര്‍ത്ഥതയും പുലര്‍ത്തേണ്ടതുണ്ട്.
ആത്മീയ മാര്‍ഗത്തിലെ കുറുക്കുവഴിയായി ക്ഷേത്രാരാധനയെ കാണാന്‍ പാടില്ല. ക്ഷേത്രദര്‍ശനം ഫലപ്രദമാവണമെങ്കില്‍ ഭക്തരുടെ അന്തരംഗത്തില്‍ അനിവാര്യമായ പരിണാമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഐഹിക സുഖഭോഗങ്ങള്‍ ആര്‍ജിക്കുന്നതിനുവേണ്ടിയുള്ള ചവിട്ടുപടിയായി ക്ഷേത്രാരാധനയെ കാണുന്നത് ഭക്തിയല്ല. ആത്മീയ സാധനയുടെ ഫലമായി ലഭിക്കുന്ന സിദ്ധികളില്‍ അഭിരമിക്കുന്നതുപോലും നിഷിദ്ധമാണെന്നിരിക്കെ സാധാരണ ഭക്തര്‍ക്ക് മനുശുദ്ധിയും ഹൃദയനൈര്‍മല്യവും ഉണ്ടായിരിക്കേണ്ടത് പരമപ്രധാനമാണ്. ഈശ്വരാനുഗ്രഹമെന്നത് നിസ്സാരകാര്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക