സ്വച്ഛതീരം സുരക്ഷിത സമുദ്രം എന്ന സന്ദേശവുമായി 21ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമുദ്രതീര ശുചീകരണത്തിലെ വന്‍ ജനപങ്കാളിത്തം ആശാവഹമാണ്. രാജ്യത്ത് ഇതിന് നേതൃത്വം നല്‍കിയത് പര്യാവരണ്‍ സംരക്ഷണ് ഗതിവിധിയായിരുന്നു. ഭാരതത്തിന്റെ 7500 കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരം ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള തീരങ്ങളിലൊന്നാണ്. വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സാമൂഹ്യ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമെല്ലാം രാവിലെ രണ്ട് മണിക്കൂര്‍ നേരം സമുദ്രതീര ശുചീകരണത്തില്‍ പങ്കെടുത്തു. പൊതുജനങ്ങളും സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തികളും ഈ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി എന്നത് സമുദ്രതീര ശുചീകരണത്തിന്റെ പ്രാധാന്യം കൂടുതല്‍ ജനങ്ങളിലേക്കെത്തുന്നതിന്റെ തെളിവാണ്. ലോകത്തുള്ള സകലമാലിന്യങ്ങളുടെയും സംഭരണശാലയാക്കി സമുദ്രത്തെ മാറ്റിയാല്‍ അനതിവിദൂര ഭാവിയില്‍ പ്രതീക്ഷയ്ക്കപ്പുറത്തുള്ള പ്രത്യാഘാതങ്ങളാണ് ഉണ്ടാകുന്നതെന്ന മുന്നറിയിപ്പാണ് ഓരോ പരിപാടിയിലും ഉയര്‍ന്നു വന്നത്.
കേരളത്തിന്റെ തീരങ്ങളും ശുചീകരിച്ചു. ഒമ്പത് സമുദ്രതീര ജില്ലകളിലായി 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ തീരത്ത് പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ 79 ബീച്ചുകളിലായി 94 കിലോമീറ്റര്‍ പ്രദേശമാണ് ശുചീകരിച്ചത്. 15.5 ടണ്‍ അജൈവ മാലിന്യങ്ങളും 4.75 ടണ്‍ ജൈവ മാലിന്യങ്ങളുമുള്പ്പടെ 20 ടണ്ണില്‍ അധികം മാലിന്യം രണ്ട് മണിക്കൂറിനിടെ ശേഖരിച്ചു എന്നു പറയുമ്പോള്‍ ബോധ്യമാകും സമുദ്രതീരത്തെ മാലിന്യത്തിന്റെ വൈപുല്യം. ശേഖരിച്ചവയില്‍ 57 ശതമാനത്തിലധികവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. 20 ശതമാനത്തോളം ചെരിപ്പ്, ബാഗ് പോലുള്ള റബര്‍ സിന്തറ്റിക്ക് മാലിന്യങ്ങളും. ലോഹാവശിഷ്ടങ്ങള്‍, തെര്‍മോക്കോള്‍, കുപ്പികള്‍, തുണികള്‍, പേപ്പര്‍, തടിക്കഷ്ണങ്ങള്‍, തുടങ്ങി നാല്പതില്പ്പരം തരം മാലിന്യങ്ങള്‍ സമുദ്രതീരത്ത്നിന്ന് ശേഖരിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സുരക്ഷാ സേനയും വിദ്യാര്‍ത്ഥികളും ബഹുജന സംഘടനകളും നാട്ടുകാരുമുള്‍പ്പടെ ആറായിരത്തിലധികം പേര് കേരളത്തിലുടനീളം പങ്കെടുത്തു. അതില്‍ 2750 പേര് വിദ്യാര്‍ത്ഥികളായിരുന്നു എന്നത് പ്രതീക്ഷയുണര്‍ത്തുന്നു. ഏതാണ്ട് എല്ലാ കേന്ദ്രങ്ങളിലും എന്‍സിസി, എന്‍എസ്എസ് എന്നീ സംഘടനകളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. ആറ് കേന്ദ്രങ്ങളില്‍ സമുദ്രരക്ഷാ സേന പങ്കെടുത്തു. ചില സ്ഥലത്ത് സിഐഎസ്എഫ്, കേരള പോലീസ്, സിആര്‍പിഎഫ് എന്നീ സൈനിക വിഭാഗങ്ങളും എത്തിച്ചേര്‍ന്നു. ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം, സേവാഭാരതി, പൂര്‍വസൈനിക സേവ പരിഷത്ത്, ബിഎംഎസ്, ഭാരതീയ വിദ്യാനികേതന്‍, തപസ്യ, റോട്ടറി ക്ലബ്, ഹരിത കര്‍മ്മ സേന, ബിപിസിഎല്‍, ജിയോ നെറ്റ് വര്‍ക്സ് തുടങ്ങി ആകെ 55 വിദ്യാഭ്യാസസ്ഥാപനങ്ങളും 11 സര്‍ക്കാര്‍ സ്ഥാപനങ്ങളും, 17 ബഹുജന സംഘടനകളും പങ്കാളികളായി.
പരിപാടിയുടെ ഉദ്ദേശ്യം
സമുദ്രതീര സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുയെന്നതാണ് പ്രധാന ലക്ഷ്യം. ജീവിക്കാനൊരിടം (ങമസല ഞീീാ ളീൃ ഹശ്ല) എന്നതായിരുന്നു ഇത്തവണത്തെ അന്താരാഷ്ട്ര സന്ദേശവാക്യം. സമുദ്രം അതിന്റെ തനിമയോടെ നിലനിന്നില്ലെങ്കില്‍ ശുദ്ധവായു പോലും ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയിലെ ശുദ്ധവായുവിന്റെ 75 ശതമാനവും ലഭിക്കുന്നത് സമുദ്രത്തിലെ സൂക്ഷ്മ സസ്യങ്ങളില്‍ നിന്നാണ്. സമുദ്രത്തില്‍ എത്തിച്ചേരുന്ന രാസമാലിന്യങ്ങളും പ്ലാസ്റ്റിക്കും പെട്രോളിയം മാലിന്യങ്ങളുമെല്ലാം സൂക്ഷ്മ സസ്യങ്ങളുടെ അന്തകരാവുകയാണ്. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിലൂടെ കാര്‍ബണ്‍ വാതകങ്ങളും മീഥൈനും മറ്റും അധികരിക്കും. ഇത് അന്തരീക്ഷ താപം വര്‍ധിക്കുന്നതിന് കാരണമാകും. ഇതിന്റെയെല്ലാം ഫലമായാണ് കാലാവസ്ഥ വ്യതിയാനവും കടല്‍ക്ഷോഭങ്ങളും വരള്‍ച്ചയും കൊടുങ്കാറ്റുമെല്ലാം സംഭവിക്കുന്നത്. അതുകൊണ്ട് സമുദ്ര പരിപാലനത്തിന് ജനം സജ്ജമായില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമാണ് ഇനിയും മനുഷ്യരാശി നേരിടാനിരിക്കുന്നത് എന്നത് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിനാചരണം.
ജലജീവികളുടെ സ്വാഭാവിക ചലനത്തിന് പ്ലാസ്റ്റിക് തടസമാകുന്നത് കടലില്‍ മീന്‍ കുറയുന്നതിനും കാരണമാകും. പവിഴപ്പുറ്റ് പോലുള്ള ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാണ്. ഭക്ഷണത്തിനുപയോഗിക്കുന്ന മത്സ്യങ്ങളിലും ഉപ്പിലുമെല്ലാം മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് വര്‍ധിക്കുന്നത് മനുഷ്യരുടെയും കടല്‍ ജീവികളുടേയും ആരോഗ്യത്തിനും നിലനില്പിനും കടുത്ത ഭീഷണി സൃഷ്ടിക്കും. മാലിന്യങ്ങള്‍ ജലാശയത്തിലും സമുദ്രത്തിലും പൊതുസ്ഥലത്തും വലിച്ചെറിയുന്ന സ്വഭാവം മനുഷ്യന് മാറ്റുക എന്നതു മാത്രമാണ് ഇതിനുള്ള പരിഹാരം.
നമ്മുടെ ഉത്തരവാദിത്തം
കടല്‍ത്തീര പരിപാലനത്തിനായി കേരള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അവതരിപ്പിച്ച രേഖ നടപ്പാക്കാനുള്ള നീക്കം ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. വേലിയേറ്റ രേഖയില്‍നിന്ന് നിര്‍മ്മാണത്തിനുള്ള പരിധി 200 മീറ്ററായിരുന്നത് 50 മീറ്ററാക്കി കുറച്ചിരിക്കുകയാണ് പുതിയ രേഖയില്‍. ഇത് സമുദ്രതീരം കൈയേറാനുള്ള തീറെഴുതലാണ്. കണ്ടല്‍ക്കാടുകളുടെ ബഫര്‍ സോണും പൊക്കാളി നിലങ്ങളുടെ പരിധിയില്‍ നിര്‍മ്മിതികള്‍ക്കുള്ള അതിരും കുറച്ചിരിക്കുകയാണ്. ഇതൊക്കെ സമുദ്രവും തീരവും സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. ഇക്കാര്യങ്ങളുടെ ഗുരുതരാവസ്ഥ ജനങ്ങളിലെത്തിക്കാന്‍ പരിസ്ഥിതി സംരക്ഷണസമിതി തുടര്‍പദ്ധതികള്‍ ആലോചിച്ചിട്ടുണ്ട്. എത്ര ജാഗ്രതയോടെജവാന്മാര് നമ്മുടെ അതിര്‍ത്തി കാത്തു രക്ഷിക്കുന്നോ അതേ ജാഗ്രതയോടെ സമുദ്രവും തീരവും കാത്തുസൂക്ഷിക്കാന്‍ ഓരോ പൗരനേയും സജ്ജമാക്കുക എന്നതാണ് ഓരോ പ്രകൃതിസ്നേഹിയുടെയും ഉത്തരവാദിത്തം.
(പര്യാവരണ്‍ സംരക്ഷണ് ഗതിവിധി ദക്ഷിണ കേരള പ്രാന്ത സംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: