രത്തന്‍ ശാര്‍ദ്ദ
പരിഭാഷ: എം സതീശന്
ലോകത്തുതന്നെ സമാനതകളില്ലാത്ത സംഘടനാ മാതൃകയാണ് രാഷ്ട്രീയ സ്വയംസേവകസംഘം. മുപ്പത്തഞ്ചുകാരനായ ഒരു ഡോക്ടര്‍ കളിയും പാട്ടുമായി ചുറ്റും കൂടിയ ഒരു ഡസന്‍ ചെറുപ്പക്കാരുമായി 1925ല്‍ തുടങ്ങിയതാണ് ഈ പരീക്ഷണം. അക്കാലത്ത് നാഗ്പൂരിലാകെയുള്ള ചുരുക്കം ഡോക്ടര്‍മാരിലൊരാളായിരുന്നു അദ്ദേഹം. കളികള്‍ക്കൊപ്പം തന്നെ അവര്‍ ദേശസ്നേഹം പഠിച്ചു. സ്വഭാവരൂപീകരണം പഠിച്ചു. സംഘമായി ഒത്തുചേരാന്‍ പഠിച്ചു. സാഹോദര്യത്തിന്റെ പാഠങ്ങള്‍ പഠിച്ചു. തുറന്ന മൈതാനത്ത് നടന്ന ഈ കാര്യക്രമത്തിനെയാണ് ആര്‍എസ്എസിന്റെ ശാഖ എന്ന് വിളിച്ചത്. ഇത് തന്നെയാണ് ആര്‍എസ്എസിന്റെ ശക്തികേന്ദ്രം. ഇതു തന്നെയാണ് സംഘടനാവളര്ച്ചയുടെ അടിസ്ഥാന അളവുകോലും.
ലളിതമാണ് ആശയം. ഒരു ദിവസത്തില്‍ ഒരു മണിക്കൂര്‍ നിങ്ങളുടെ കുടുംബത്തെയും നിങ്ങളെത്തന്നെയും വിട്ടിട്ട് സമൂഹത്തെക്കുറിച്ച് ചിന്തിക്കുക. ബ്രിട്ടീഷുകാര്‍ നിരോധിച്ച വന്ദേമാതരം സ്കൂളില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥന്റെ മുന്നില്‍ പാടിയതിന് പള്ളിക്കൂടത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട് ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിനെ. അദ്ദേഹം ഒറ്റയ്ക്കായിരുന്നില്ല ആ ‘നിയമലംഘനം ‘ നടത്തിയത്. പക്ഷേ ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ച ആ വിപ്ലവത്തിന് മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ അടക്കം തയാറാക്കിയതിന് പിന്നില്‍ അദ്ദേഹമായിരുന്നു. ഈ ഐക്യനിര തകര്‍ക്കാന്‍ എല്ലാ കുട്ടികളെയും ശിക്ഷിക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. പക്ഷേ അതിന് കേശവന് അനുവദിച്ചില്ല. മറ്റ് ഒരാളെയും ശിക്ഷയ്ക്ക് വിട്ടുകൊടുക്കാന്‍ അദ്ദേഹം തയാറായില്ല. ആ ശിക്ഷ ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ കേശവന് മുന്നോട്ടുവന്നു. വന്ദേമാതര പ്രക്ഷോഭത്തിന്റെ ആസൂത്രണം താന്‍ ചെയ്തതാണെന്ന് അദ്ദേഹം അധികൃതരോട് ആര്‍ജവത്തോടെ സമ്മതിച്ചു.
വിപ്ലവകാരികള്ക്കൊപ്പമുള്ള പ്രവര്‍ത്തനം അദ്ദേഹം മെഡിസിന് പഠിക്കുമ്പോഴും തുടര്‍ന്നു. അനുശീലന്‍ സമിതിയായിരുന്നു വേദി. 1918 മുതല്‍ 1924 വരെ കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പ്രവര്‍ത്തനവും ഹിന്ദു മഹാസഭയുമായുള്ള അടുത്ത ബന്ധവുമൊക്കെ ഡോക്ടര്‍ജിയെ കൊണ്ടെത്തിച്ചത് കൃത്യമായ ബോധ്യത്തിലായിരുന്നു. സമൂഹത്തെ ബാധിച്ച സങ്കുചിതത്വത്തെയും ജാതിവാദത്തെയും വിഭാഗീയ ചിന്തകളെയും മറികടന്ന് ഹിന്ദുസമൂഹം ഒന്നിക്കാതെ, പരിഷ്കരിക്കപ്പെടാതെ, അച്ചടക്കം ശീലിക്കാതെ ബ്രിട്ടീഷുകാരെ പുറത്തെറിയാന്‍ ഭാരതീയര്‍ക്ക് കഴിയുക എന്നത് പ്രയാസകരമാണെന്നതായിരുന്നു ആ ബോധ്യം. അഥവാ അവരെ രാജ്യത്ത് നിന്ന് പുറത്താക്കിയാലും നമ്മള് രാജ്യസ്നേഹികളായില്ലെങ്കില്, ഭാരതീയ ദര്‍ശനത്തിലൂന്നി മൂല്യബോധമുള്ളവരായില്ലെങ്കില് ഭരണാധികാരികള്‍ മാറുമെന്നല്ലാതെ ജനങ്ങള്‍ക്ക് അവരുടെ സാധ്യതകള്‍ തിരിച്ചറിയാനാകില്ല, ആരോഗ്യപൂര്‍ണവും സമൃദ്ധവുമായ സമൂഹത്തെ നിര്‍മ്മിക്കാനാവില്ല എന്ന ബോധ്യം.
കേശവ ബലിറാം ഹെഡ്ഗേവാര്‍ ആരംഭിച്ച സംഘടനയില്‍ ഓരോ വ്യക്തിയും വികാസത്തിലേക്കുയരുകയും സമൂഹത്തിനായി സമര്‍പ്പിക്കാന്‍ തയാറാവുകയും സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത് ചുറ്റുമുള്ളവരെ സഹായിക്കുകയും ചെയ്യും. അവിടെ ഒരു തരത്തിലുള്ള വ്യക്തിഗത താത്പര്യങ്ങള്‍ക്കോ പ്രശസ്തിക്കോ ഇടമില്ല. ഈ അടിസ്ഥാന ആശയങ്ങളെ ഇന്ധനമാക്കി ജ്വലിച്ചാണ് ആര്‍എസ്എസ് ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്തിയത്. കാലക്രമേണ ഇതേ വിചാരധാരയിലൂന്നി നൂറിലേറെ സംഘടനകള്‍ രൂപം കൊണ്ടു. അവയില്‍ 36 സംഘടനകള്‍ ദേശവ്യാപകമായ തലത്തില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. ഇങ്ങനെ ദേശീയ, സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സംഘടനകള്‍ രാഷ്ട്രത്തെ മുന്‍നിര്‍ത്തി സാധ്യമായ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നു. ഈ ആശയത്തെ പിന്‍പറ്റുന്നവരുടെ എണ്ണം ഇന്ന് കോടിക്കണക്കിനാണ്. ആര്‍എസ്എസുമായി ഏറെ അടുപ്പമുള്ള, ഹിന്ദുത്വ ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനമായ ബിജെപി പ്രവര്‍ത്തകരുടെ എണ്ണം ഇതിലുള്‍പ്പെടുത്തിയിട്ടില്ല. സമ്മോഹനവും ആകര്‍ഷകവുമായ ഈ വളര്‍ച്ചയുടെ നിര്‍മാതാക്കള്‍ കഴിഞ്ഞ നാല് തലമുറയായി ചോരയും വിയര്പ്പുമൊഴുക്കുന്ന ആരാലും അറിയാത്ത ദശലക്ഷക്കണക്കിന് സ്വയംസേവകരാണ്. സ്വയം പ്രേരിതരായി സ്വയം മുന്നേറുന്ന വ്യക്തികളെയാണ് സ്വയംസേവകരെന്ന് പറയുന്നത്.
കൊളോണിയല്‍ ചിന്താധാരകളില്‍ നിന്ന് സമൂഹത്തെ ഭാരതകേന്ദ്രിതമായ ആശയപ്രപഞ്ചത്തിലേക്ക് നയിച്ചുവെന്നതാണ് ആര്‍എസ്എസിന്റെ വലിയ വിജയം. ഭാരതകേന്ദ്രിതമായ ലോക കാഴ്ചപ്പാടിലേക്ക് ചര്‍ച്ചകള്‍ മാറി. ഭാരതത്തിന്റെ പാരമ്പര്യത്തിലും അറിവിലും ചരിത്രത്തിലും വേരുന്നിയതായിരുന്നു ആ ചര്‍ച്ചകള്‍. ഭാരതത്തെയും ഭാരതീയതയെയും നിര്‍വചിക്കുന്നതിന്റെ കേന്ദ്രബിന്ദുവായി ഹിന്ദുത്വം മാറി. 1947 ആഗസ്ത് 15ന് പിറന്ന നവജാതശിശുവായ ഇന്ത്യ എന്ന ആശയത്തില്നി
ന്ന് സനാതനവും സാംസ്കാരികവുമായ ഭാരതമെന്ന സത്തയുടെ സ്വീകാര്യതയിലേക്ക് സമൂഹത്തെ നയിക്കാനായത് ആര്‍എസ്എസിന്റെ വിജയമാണ്. ഭരണകൂടമാണ് രാഷ്ട്രമെന്ന പടിഞ്ഞാറന്‍ കാഴ്ചപ്പാടില്‍നിന്ന് ഹിന്ദുത്വത്തിന്റെ, സംസ്കാരത്തിന്റെ ആധാരത്തിലുള്ള രാഷ്ട്രത്വത്തിലേക്ക് സമാജത്തിന്റെ ചിന്തകളെ നയിച്ചത് ആര്‍എസ്എസിന്റെ വിജയമാണ്.
ഹിന്ദുത്വം എന്നത് മതമല്ല. അത് നമ്മുടെ സഹജമായ സാംസ്കാരികഗുണങ്ങളാണ്. നിത്യജീവിതത്തില്‍ നമുക്കിടയില്‍ പ്രകടമാകുന്ന മത, ജാതി, സമ്പ്രദായങ്ങള്ക്കതീതമാണത്. അത് നമ്മുടെ പെരുമാറ്റമാണ്. നമ്മുടെ ഉത്സവങ്ങളിലും ബഹുസ്വരതയിലും അന്തര്‍ലീനമാണത്. ഇതിനെയാണ് ഹിന്ദുനെസ് എന്ന് വിശേഷിപ്പിക്കുന്നത്. രാഷ്ട്രം എന്ന ഭാരതീയ ആശയത്തിന് വേദങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ രാജ്യമെന്ന സങ്കല്പം പടിഞ്ഞാറ് ഉദയം ചെയ്തിട്ട് മൂന്ന് നൂറ്റാണ്ടേ ആയിട്ടുള്ളൂ. ഭാരതത്തിന്റെ ഈ വിശാലവും അഗാധവുമായ ചരിത്രം കാണാത്ത, കൊളോണിയല്‍ ബുദ്ധിജീവികളാണ് പടിഞ്ഞാറിന്റെ കല്പനയില് നിന്നാണ് ആര്‍എസ്എസ് രാഷ്ട്രം എന്ന ആശയം എടുത്തതെന്ന് വാദിക്കുന്നത്.
അധിനിവേശ ശക്തികളുടെ, പ്രത്യേകിച്ച് ബ്രിട്ടീഷുകാരുടെ തോളിലേറി സഞ്ചരിച്ച പള്ളിമതം ഭാരതീയ സാംസ്കാരിക ജീവിതത്തിലെ വ്യത്യസ്തതകളെ വഴിതെറ്റിക്കാനും ഭിന്നത സൃഷ്ടിക്കാനും കഠിനമായി പരിശ്രമിച്ചു. കമ്മ്യൂണിസ്റ്റുകള്‍ അവരുടെ കാലടിപ്പാടുകളെ പിന്തുടര്ന്നു. ആര്യന് അധിനിവേശസിദ്ധാന്തം, ആദിവാസികളും ആര്യന്മാരുമായുള്ള സംഘര്‍ഷം, ഗോത്രജനതയുടെ ചൂഷണം, ഹിന്ദുധര്‍മ്മം പഴഞ്ചനും യാഥാസ്ഥിതികവുമാണെന്ന പ്രചരണം, മതംമാറ്റം അതില്‍ നിന്നുള്ള മോചനമാണെന്ന വാദം, പുരാതന സംസ്കൃതിയുടെ നേട്ടങ്ങളെ നിരസിക്കല്‍, മഹത്തായ ശാസ്ത്രീയമായ കണ്ടെത്തലുകളെ തട്ടിയെടുത്ത് അവരുടേതാണെന്ന് മേനിനടിക്കല്‍ തുടങ്ങിയവയെല്ലാം ഭാരതീയ ജീവിതത്തെയും സമൂഹത്തിന്റെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും തകര്‍ക്കാനുള്ള ഉപകരണങ്ങളാക്കിമാറ്റി.
വര്‍ഷങ്ങളായി അടിത്തട്ടിലുള്ള പ്രവര്‍ത്തനത്തിലൂടെയും ബൗദ്ധികമായ മുന്നേറ്റത്തിലൂടെയും ആര്‍എസ്എസ് നമ്മുടെ സംസ്കൃതിയുടെയും ധര്‍മ്മത്തിന്റെയും സാവധാനം മഹത്വത്തെ മടക്കിക്കൊണ്ടുവന്നു. ഹിന്ദുനാഗരികതയുടെ നേട്ടങ്ങളെ ആഗോളതലത്തില്‍ വ്യാപിപ്പിച്ചു. സമാജത്തിന്റെ ബോധതലത്തെ ഉയര്‍ത്തി. ഭാരതീയ ആദര്‍ശങ്ങളും മൂല്യങ്ങളും നേട്ടങ്ങളും തെളിവ് സഹിതം സമര്‍ത്ഥിക്കാന്‍ കഴിയുന്ന നൂറുകണക്കിന് ബുദ്ധിശാലികള്‍ വളരുന്ന അന്തരീക്ഷം സൃഷ്ടിച്ചു.
ഹിന്ദുസമൂഹത്തെ സ്വയം നവീകരിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് അടിത്തട്ടുവരെ സാമൂഹ്യ സൗഹാര്‍ദത്തിന് വഴിയൊരുക്കി എന്നത് ഒരു നേട്ടമാണ്. ആ വഴിയാകട്ടെ സമന്വയത്തിന്റേതാണ് സംഘര്‍ഷത്തിന്റേതല്ല. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ കടമെടുത്താല്‍ അത് ക്രാന്തിയല്ല(വിപ്ലവം) സംക്രാന്തിയാണ് (ക്രമേണയുള്ള മാറ്റം). വനവാസി കല്യാണ്‍ ആശ്രമത്തിലൂടെ വനവാസിമേഖലകളില്‍ ഇത് പ്രവര്‍ത്തിച്ചു. അതിവിദൂരവും ഒറ്റപ്പെട്ടതുമായ മേഖലകളില്‍ പോലും ഏകല്‍ വിദ്യാലയങ്ങളിലൂടെ ഈ പ്രവര്‍ത്തനം എത്തി. ഭാരതം അതിന്റെ തനിമയെ സാക്ഷാത്കരിക്കുന്നതു കാണാന്‍ ഒരുകാലത്തും ഇഷ്ടപ്പെടാത്ത ഛിദ്രശക്തികളുടെ പ്രവര്‍ത്തനം മൂലം അകന്നുപോയിരുന്ന പട്ടികജാതി, പട്ടിക വര്‍ഗ സമൂഹത്തെ ഹിന്ദുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക്, ഭാരതീയ വിചാരധാരയിലേക്ക് തോളോടുതോള്‍ ചേര്‍ത്ത് ഉയര്‍ത്താന്‍ ഇത്തരം മുന്നേറ്റങ്ങളിലൂടെ കഴിഞ്ഞു.
ഇന്ന് നമ്മള് കാണുന്ന ഭാരതത്തിന്റെ പുനരുത്ഥാനത്തിനും
സാധ്യതകള്‍ക്കും പിന്നില്‍ ആര്‍എസ്എസ് നിശബ്ദമായി നടത്തുന്ന പ്രവര്ത്തനങ്ങളുണ്ടണ്ട്. എത്തിപ്പിടിച്ച നേട്ടങ്ങളില്‍ ആ പ്രവര്‍ത്തന സാഫല്യമുണ്ട്.
മുന്നില്‍ കണ്ട ലക്ഷ്യങ്ങള്‍ എത്ര വേഗത്തില്‍ നേടാം എന്നതിലായിരുന്നു ഡോ. ഹെഡ്ഗെവാറിന്റെ ആകുലതകള്‍. നമ്മുടെ സങ്കീര്‍ണമായ നാഗരികതയെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിന് എളുപ്പമുള്ള ഉത്തരങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആയിരം വര്‍ഷത്തെ അടിമത്തം, നമ്മുടെ ശക്തി ക്ഷയിപ്പിച്ച അധിനിവേശക്കാര്‍ക്കെതിരായ സുദീര്‍ഘമായ ചെറുത്തുനി
ല്പ്പ്, ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ സംഭവിച്ച ചിന്തയിലെ കോളനിവല്‍ക്കരണം, നമ്മുടേതായ ആന്തരിക സാമൂഹ്യ ദൗര്‍ബല്യങ്ങള്‍ എന്നിവയൊക്കെ ഒരുപക്ഷേ ഈ വേഗതയെ തടഞ്ഞിരിക്കാം. എന്നാല്‍ ഇപ്പോള്‍ അതിന്റെ ആക്കം വീണ്ടെടുക്കുകയാണ്. ആര്‍എസ്എസ് കൂടുതല്‍ വികാസം പ്രാപിച്ചതോടെ അതിന്റെ ലക്ഷ്യങ്ങളും ഉയര്‍ന്നു. ഈ സാംസ്കാരിക നവോത്ഥാനത്തില്‍ കൂടുതല്‍ ആളുകള്‍ ചേരുന്നതോടെ സേവനം, സാമൂഹ്യ സൗഹാര്‍ദ്ദം, പരിസ്ഥിതി പു
നരുജ്ജീവനം തുടങ്ങിയവയില്‍ ആര്‍എസ്എസ് കൂടുതലായി ശ്രദ്ധയൂന്നി. അതിനാല്‍, സംഘങ്ങള്‍ പരിശീലന തന്ത്രങ്ങളും പരിഷ്കരിക്കുകയാണ്.
ഭാരതവിരുദ്ധ ശക്തികളുടെ കൂട്ടുകെട്ടിന്റെ സഹായത്തോടെയും പിന്തുണയോടെയും ഇടത് മതേതര ശക്തികള്‍ പ്രചരിപ്പിക്കുന്ന നിഷേധാത്മകതയില്‍, പതിറ്റാണ്ടുകള്‍ തുടര്‍ന്ന സാമൂഹ്യ സൗഹാര്‍ദ്ദത്തിനായുള്ള യത്നങ്ങള്‍ എളുപ്പത്തില്‍ തടസപ്പെടുമെന്നതിനാല്‍ ഒരാള്‍ വല്ലപ്പോഴുമെങ്കിലും അസന്തുഷ്ടനായേക്കാം. അത് പത്ത് അടി മുന്നോട്ടും രണ്ട് അടി പിന്നോട്ടും എന്ന തോന്നലും ഉണ്ടാക്കിയേക്കും. പ്രായോഗികമായ പ്രവര്‍ത്തനങ്ങളെക്കാള്‍ നിയമപരമായ ആക്ടിവിസത്തിന്റെ അഭാവമാണ് മറ്റൊരു പ്രശ്നം. ആര്‍എസ്എസിന്റെയും അതേ വിചാരധാരയിലുള്ള വിവിധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിലുള്ള വിമുഖതയും ഒരു ബലഹീനതയാണെന്ന് ഞാന്‍ കരുതുന്നു.
എന്നാലും ഭാരതീയതയിലും ഹിന്ദുത്വത്തിലുമുള്ള അടിയുറച്ച വിശ്വാസം ഇത്തരം തിരിച്ചടികളെയും ദൗര്‍ബല്യങ്ങളെയും അതിജീവിക്കാനും മുന്നോട്ടുപോകാനും ആര്‍എസ്എസിന് സഹായകമായി.
സാമൂഹ്യ പരിഷ്കാരങ്ങളിലും രാഷ്ട്രപുരോഗതിയിലും കുത്തക തങ്ങള്‍ക്കാണെന്ന് ആര്‍എസ്എസ് ഒരിക്കലും കരുതിയിട്ടില്ല. രാജ്യത്തിനും സമൂഹത്തിലും വേണ്ടി ഭാവാത്മകമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളും സംഘടനകളുമായും സഹകരിക്കാന്‍ സംഘം എന്നും തയാറാണ്.
ആര്‍എസ്എസ് നിര്‍വചിക്കുന്ന ‘സജ്ജന ശക്തികള്‍’ അല്ലെങ്കില്‍ സദുദ്ദേശ ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വിശാലതയാണ് വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തില്‍നിന്ന് സംഘടന ആര്‍ജിച്ച ഏറ്റവും വലിയ കരുത്ത്. തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും തക്കസമയത്ത് മറ്റുള്ളവരെ ശ്രദ്ധാ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കുന്നതും അവരില്‍ ആര്‍എസ്എസിനോട് കൂടുതല്‍ അടുപ്പം ഉണ്ടാക്കിയിട്ടുണ്ട്. മറ്റൊരിടത്തും വേദി പങ്കിടാത്തവര്‍ ആര്‍എസ്എസും വിവിധ ക്ഷേത്ര സംഘടനകളുമായി ചേര്‍ന്ന് പൊതുരംഗത്ത് വരാന്‍ സന്നദ്ധരാണ്.
നിഷേധാത്മകമല്ലാത്ത ഈ ശക്തികളുടെ ഒത്തുചേരല്‍ ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്ക് കരുത്താകും. ആര്‍എസ്എസ് സ്വയം അതിന്റെ മഹത്വവല്‍ക്കരണം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, ശക്തിക്ഷയമോ പിളര്‍പ്പുകളോ ഇല്ലാതെ 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ‘ആഘോഷങ്ങള്‍’ ഒന്നുമില്ല, ഇത് ഭാരതത്തില്‍ അപൂര്‍വമാണ്. കഴിയുന്നത്ര ജനങ്ങളെയും പ്രസ്ഥാനങ്ങളെയും ഒപ്പം കൂട്ടി സ്വയംസേവകരുമായി ചേര്‍ന്ന് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാനുള്ള പു
ത്തന്‍ ഊര്‍ജ്ജത്തിലാണ് ആര്‍എസ്എസ്. ആര്‍എസ്എസിന് ഭാരതം ഹിന്ദു രാഷ്ട്രമാണ്.
1920 കളില്‍ ഒരു പൊതുയോഗത്തില്‍ വെച്ച് ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ഏതു വിഡ്ഢിയാണ് പറയുന്നതെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ഡോ. ഹെഡ്ഗേവാര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ചു- ‘ഞാന്‍ കേശവ ബലിറാം ഹെഡ്ഗെവാര്‍ പറയുന്നു, ഇത് ഹിന്ദുരാഷ്ട്രമാണ്’
ഭാരതത്തെ കരുത്തുറ്റതും സമ്പല്‍സമൃദ്ധവുമായ രാഷ്ട്രമാക്കി ലോകവേദിയില്‍ ഒന്നാമതാക്കാന്‍ നമ്മുടെ സംസ്കാരത്തിന്റെ വേരുകളും പാരമ്പര്യവും വിജ്ഞാന സംവിധാനങ്ങളും തിരിച്ചറിഞ്ഞ് അവയെ വഴികാട്ടികളാക്കിയാല് മാത്രം മതിയെന്ന ഉറച്ച ബോധ്യമാണ് ആര്‍എസ്എസിനെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: