ശ്രീനഗർ ; ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിൽ 56 ശതമാനത്തിലധികം വോട്ടുകൾ രേഖപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ 26 നിയമസഭാ സീറ്റുകളിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടന്നത്. ഈ ഘട്ടത്തിലും ജനങ്ങൾ ആവേശത്തോടെയാണ് വോട്ട് ചെയ്യാൻ എത്തിയത് .
തലസ്ഥാനമായ ശ്രീനഗറിൽ 29 ശതമാനവും റിയാസിയിൽ 74 ശതമാനത്തിലധികം വോട്ടുകളുമാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ ജമ്മു കശ്മീരിൽ 61 ശതമാനത്തിലധികം പോളിംഗാണ് നടന്നത്.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും 56.05 ശതമാനം വോട്ട് രേഖപ്പെടുത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള 106 അതിർത്തി പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പ് സമാധാനപരമായി നടന്നു. ജമ്മു കശ്മീരിലെ വോട്ടർമാർ അക്രമത്തിനും ബഹിഷ്‌കരണത്തിനും പകരം ജനാധിപത്യ പ്രക്രിയയാണ് സ്വീകരിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.
വോട്ടിങ്ങിനിടെ വാക്കുതർക്കങ്ങൾ തുടങ്ങിയ സംഭവങ്ങൾ നടന്നെങ്കിലും എവിടെയും റീപോളിംഗ് വേണ്ടിവന്നില്ല.ഏറ്റവും ഉയർന്ന 79.95 ശതമാനം വോട്ടിംഗ് നടന്നത് ജമ്മു മേഖലയിലെ ശ്രീ മാതാ വൈഷ്ണോ ദേവി കത്ര അസംബ്ലി സീറ്റിലാണ് . ചില പോളിംഗ് ബൂത്തുകളിൽ ഇപ്പോഴും വോട്ടിംഗ് നടക്കുന്നു. 3 നിയമസഭാ മണ്ഡലങ്ങളുള്ള റിയാസി ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക