പാലക്കാട്: കൊച്ചി- ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി അനുമതി ലഭിച്ച പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഒക്ടോബര്‍ ഒന്നിന് സ്ഥലം സന്ദര്‍ശിക്കും. കേന്ദ്രസര്‍ക്കാര്‍ ജോ.സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, കിന്‍ഫ്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ഇതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ വിഹിതം ഉപയോഗിച്ചാണ്് പദ്ധതി വരുന്നത്.
3806 കോടി രൂപ ചെലവില്‍ 1710 ഏക്കറിലാണ് വ്യവസായ സ്മാര്‍ട്ട് സിറ്റി ഒരുങ്ങുക. 8729കോടിയുടെ നിക്ഷേപമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ട ചുമതലമാത്രമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. അടിസ്ഥാനസൗകര്യ വികസനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാരാണ് നടപ്പാക്കുക.
പുതുശേരി സെന്‍ട്രല്‍, പുതുശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നിങ്ങനെ മൂന്നിടങ്ങളിലായി 1710 ഏക്കറില്‍ വികസിപ്പിക്കുന്ന പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിക്കായി പുതുശ്ശേരി വെസ്റ്റില്‍ 240 ഏക്കര്‍ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളതെന്നും, ഏറ്റെടുക്കല്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചു. കേന്ദ്രത്തിന്റെ പാരിസ്ഥിതികാനുമതി ലഭിച്ചു,ഡിപിആര്‍ അംഗീകരിച്ചു. ഒറ്റഘട്ടമായാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെങ്കില്‍ ടെന്‍ഡര്‍ നടപടികളിലേക്ക് നേരിട്ട് കടക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ചെയര്‍മാന്‍ കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സിഇഒ കേന്ദ്രസര്‍ക്കാരിന്റെ ജോ.സെക്രട്ടറിയുമാണ്. റബ്ബര്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, ഔഷധനിര്‍മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോല്‍പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉല്‍പന്നങ്ങള്‍, യന്തോപകരണങ്ങള്‍, ഹൈടെക് വ്യവസായം തുടങ്ങി മാനുഫാക്ച്വറിങ്് മേഖലയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇവിടെ വരുന്നത്.
പുതുശ്ശേരി സെന്‍ട്രലില്‍ ആകെ ഭൂമിയുടെ 59.16 ശതമാനമാണ് (672.7 ഏക്കര്‍) ഇന്‍ഡസ്ട്രിയല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക. ഇവിടെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്കായി 420 ഏക്കറും, ഹൈടെക് മേഖലയ്‌ക്ക് 96.5 ഏക്കറും, നോണ്‍ മെറ്റാലിക് മിനറല്‍ ഉല്‍പന്നങ്ങള്‍ക്ക് 42.3 ഏക്കറും, ടെക്സ്റ്റയില്‍സിന് 54.3 ഏക്കറും, റീസൈക്കിളിന് 59.6 ഏക്കറും ഭൂമിയാണ് നല്‍കുക. 134.4 ഏക്കര്‍ റോഡുകള്‍ക്കായി നീക്കിവയ്‌ക്കും. 64.76 ഏക്കര്‍ ഭൂമി താമസ ആവശ്യങ്ങള്‍ക്കും 27 ഏക്കര്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും 12.48 ഏക്കര്‍ വാണിജ്യ ആവശ്യങ്ങള്‍ക്കും നല്‍കും.
പുതുശ്ശേരി വെസ്റ്റില്‍ 54.25 ശതമാനം ഭൂമിയാണ് (130.19 ഏക്കര്‍) വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക. ഫുഡ് ആന്‍ഡ് ബിവറേജസ് മേഖലയ്‌ക്ക് 64.46 ഏക്കറും, ഫാബ്രിക്കേറ്റഡ് മെറ്റല്‍ പ്രൊഡക്ടുകള്‍ക്ക് 52.94 ഏക്കറും റീസൈക്കിളിങിന് 12.79 ഏക്കറും നല്‍കും. റോഡുകള്‍ക്കായി 34.39 ഏക്കറും നീക്കിവയ്‌ക്കും.
കണ്ണമ്പ്രയില്‍ 54.21 ശതമാനം (169.67 ഏക്കര്‍) ഭൂമിയാണ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക. ഫുഡ് ആന്‍ഡ് ബിവറേജസിന് 107.34 ഏക്കര്‍, നോണ്‍ മെറ്റാലിക് മിനറല്‍ പ്രൊഡക്ട്സ് 20.1 ഏക്കര്‍, റബ്ബര്‍ ആന്‍ഡ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ 30.67 ഏക്കര്‍, റീസൈക്കിളിന് 11.56 ഏക്കര്‍ എന്നിങ്ങനെയാണ് ഇവിടെ ഭൂമിയുടെ വിനിയോഗം നിശ്ചയിച്ചിട്ടുള്ളത്. 40.38 ഏക്കര്‍ ഭൂമി റോഡുകള്‍ക്കായും 4.66 ഏക്കര്‍ താമസ ആവശ്യങ്ങള്‍ക്കും 2.94 ഏക്കര്‍ വാണിജ്യ ആവശ്യങ്ങള്‍ക്കും 4.72 ഏക്കര്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉണ്ടാകുക.
പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കുക. മൂന്നിടങ്ങളിലും ഗ്രീന്‍ബെല്‍റ്റിനും ജലസംരക്ഷണത്തിനും ഭൂമി മാറ്റിവയ്‌ക്കുന്നുണ്ട്. പുതുശ്ശേരി സെന്‍ട്രലില്‍ 60.94 ഏക്കറും പുതുശ്ശേരി വെസ്റ്റില്‍ 35.06 ഏക്കറും കണ്ണമ്പ്രയില്‍ 30.75 ഏക്കറുമാണ് ഗ്രീന്‍ബെല്‍റ്റിനായി ബഫര്‍ സോണായി നിശ്ചയിച്ചിട്ടുള്ളത്. ജലസംരക്ഷണത്തിന് പുതുശ്ശേരി സെന്‍ട്രലില്‍ 8.41 ഏക്കറും പുതുശ്ശേരി വെസ്റ്റില്‍ 5.37 ഏക്കറും കണ്ണമ്പ്രയില്‍ 3 ഏക്കറും മാറ്റിവയ്‌ക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ദേശീയപാത 35 മീറ്റര്‍ വീതിയില്‍ റോഡ് വികസനം, രണ്ട് റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ എന്നിവയുംവരുന്നുണ്ട്. ജലസംഭരണവുമായി ബന്ധപ്പെട്ട് തടയണ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കും. സോളാര്‍, കാറ്റ് എന്നിവയില്‍ നിന്ന് നൂറ് മെഗാവാട്ട് വൈദ്യുതി ഉത്പാദിക്കുന്നതിനുള്ള സംവിധാനവും ഉണ്ടാവും.
കൊച്ചി- ബെംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (കെബിഐസി) നടപ്പിലാക്കുന്നതിനായി 50:50 ശതമാനം പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും (എന്‍ഐസിഡിഐടി) സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഐസിഡിസി) എന്ന പേരില്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് രൂപം നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സ്ഥാപനമായിരിക്കും ഏകോപിപ്പിക്കുക. ഏകജാലക ക്ലിയറന്‍സ് ഏജന്‍സിയാക്കി ഇതിനെ മാറ്റി ആവശ്യമായ അധികാരങ്ങള്‍ നല്‍കും. ഇപിസി കരാറിനുള്ള ആഗോള ടെന്‍ഡറുകള്‍ അടുത്ത മാര്‍ച്ചോടെ അന്തിമമാക്കും. 5-7 വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാവുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 28നാണ് കേന്ദ്ര മന്ത്രിസഭ പദ്ധതി പ്രഖ്യാപനം നടത്തിയത്. വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി, എ. പ്രഭാകരന്‍ എംഎല്‍എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ എസ്. ചിത്ര, കിന്‍ഫ്ര എംഡി: സന്തോഷ് കോശി തോമസ് എന്നിവരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: