World

ഉംറ വിസയിൽ പാകിസ്ഥാനി ഭിക്ഷാടകരെ സൗദിക്കയക്കരുത് ! മക്കയിലെ ഗ്രാൻഡ് മോസ്‌കിനുള്ളിൽ നിന്ന് അറസ്റ്റിലായ പോക്കറ്റടിക്കാരിൽ ഭൂരിഭാഗവും പാകിസ്ഥാനികൾ

Published by

ഇസ്ലാമാബാദ്: മതപരമായ തീർത്ഥാടനത്തിന്റെ മറവിൽ രാജ്യത്തെത്തുന്ന പാകിസ്ഥാൻ യാചകരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയറിച്ച് സൗദി അറേബ്യ. ഇത്തരത്തിലുള്ളവർ ഗൾഫ് രാജ്യത്തേക്ക് കടക്കുന്നത് തടയാൻ നടപടിയെടുക്കാൻ ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടതായും  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ പാക്കിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകരെ പ്രതികൂലമായി ബാധിക്കുമെന്ന് സൗദി അധികൃതരും മുന്നറിയിപ്പ് നൽകിയതായി പാകിസ്ഥാൻ മതകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.

അതേ സമയം ഇതിന് മറുപടിയെന്നോണം ഉംറ യാത്രകൾ സുഗമമാക്കുന്ന ട്രാവൽ ഏജൻസികളെ നിയന്ത്രിക്കാനും അവരെ നിയമപരമായ മേൽനോട്ടത്തിൽ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള ഒരു ഉംറ നിയമം അവതരിപ്പിക്കാൻ പാകിസ്ഥാൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

കൂടാതെ മതപരമായ തീർഥാടനത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്ക് യാചകർ യാത്ര ചെയ്യുന്നത് തടയാനുള്ള വഴികൾ കണ്ടെത്താൻ പാകിസ്ഥാൻ സർക്കാരിനോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൗദി അറേബ്യയിലേക്ക് യാചകരെ അയക്കുന്ന മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ഉറപ്പ് നൽകിയിരുന്നു.

ഈ ശൃംഖലയെ തകർക്കാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ (എഫ്ഐഎ) ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇത് പാകിസ്ഥാന്റെ പ്രതിച്ഛായയെ തകർക്കുന്നുവെന്നും മൊഹ്‌സിൻ പറഞ്ഞു. പാകിസ്ഥാൻ ഭിക്ഷാടകർ മിഡിൽ ഈസ്റ്റിലേക്ക് സിയാറത്ത് (തീർത്ഥാടനം) എന്ന മറവിൽ കടന്നുകയറുന്നു. ഭൂരിഭാഗം ആളുകളും ഉംറ വിസയിൽ സൗദി അറേബ്യ സന്ദർശിക്കുകയും പിന്നീട് ഭിക്ഷാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്ന് കഴിഞ്ഞ വർഷം സൗദി വിദേശകാര്യ സെക്രട്ടറി സീഷൻ ഖൻസാദ പറഞ്ഞിരുന്നു.

വിദേശ പാകിസ്ഥാനികളുടെ പെരുമാറ്റം, പ്രത്യേകിച്ച് തൊഴിൽ നൈതികത, മനോഭാവം, ക്രിമിനൽ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവയെക്കുറിച്ച് നിരവധി ഗൾഫ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഓവർസീസ് പാകിസ്ഥാനികളുടെ സെക്രട്ടറി അർഷാദ് മഹമൂദ് കഴിഞ്ഞ വർഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഓവർസീസ് പാക്കിസ്ഥാനിസ് ആൻഡ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻ്റ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് പിടിക്കപ്പെടുന്ന ഭിക്ഷാടകരിൽ 90 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണ്. സൗദി അറേബ്യയിലേക്ക് യാചകരെ അയക്കുന്നതിന് ഉത്തരവാദികളായ മാഫിയകൾക്കെതിരെ കർശന നടപടിയെടുക്കാൻ എഫ്ഐഎയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഒരു മാസം മുമ്പ് സൗദി അറേബ്യയിലേക്കുള്ള വിമാനത്തിൽ നിന്ന് 11 യാചകരെ കറാച്ചി വിമാനത്താവളത്തിൽ നിന്ന് എഫ്ഐഎ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലും സൗദി അറേബ്യയിലേക്കുള്ള വിമാനത്തിൽ നിന്ന് തീർഥാടക വേഷം ധരിച്ച 16 യാചകരെയും അറസ്റ്റ് ചെയ്തിരുന്നു.

അതേ സമയം മക്കയിലെ ഗ്രാൻഡ് മോസ്‌കിനുള്ളിൽ നിന്ന് അറസ്റ്റിലായ പോക്കറ്റടിക്കാരിൽ ഭൂരിഭാഗവും പാകിസ്ഥാൻ പൗരന്മാരാണെന്ന് ഖാൻസാദയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക