സോനിപത് : കോൺഗ്രസ് അഴിമതിയിൽ വേരൂന്നിയിരിക്കുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മൂഡ ) അഴിമതിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സോനിപതിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവേയാണ് കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങളെ അദ്ദേഹം ഉയർത്തിക്കാട്ടിയത്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മൂഡ കുംഭകോണത്തിനെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. രണ്ട് വർഷമേ ആയിട്ടുള്ളൂ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ നോക്കൂ. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ ആരോപണം ഉയരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം ആവശ്യമാണെന്നാണ് കോടതി വ്യക്തമാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹരിയാനയിലെ മുൻ കോൺഗ്രസ് ഭരണത്തെയും അദ്ദേഹം വിമർശിച്ചു. മുമ്പ് ഇവിടെ കോൺഗ്രസ് സർക്കാർ ഉള്ളപ്പോൾ കർഷകരുടെ ഭൂമി തട്ടിയെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പുറമെ കോൺഗ്രസ് എല്ലായ്‌പ്പോഴും എസ്‌സി , എസ്‌ടി , ഒബിസി എന്നിവരെ എവിടെ നിന്നും അകറ്റി നിർത്താനാണ് ശ്രമിച്ചത്.
എന്നാൽ കോൺഗ്രസ് സർക്കാരിൽ നിന്ന് അകന്നപ്പോഴെല്ലാം പാവപ്പെട്ടവർക്കും സംവരണ വിഭാഗങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോഴെല്ലാം ദളിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ തട്ടിയെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസിനെക്കാൾ അഴിമതി നിറഞ്ഞ മറ്റൊരു പാർട്ടിയില്ല. കോൺഗ്രസ് എവിടെ കാലുകുത്തിയാലും അഴിമതിയും സ്വജനപക്ഷപാതവും ഉറപ്പാണെന്ന് ഏവർക്കുമറിയാവുന്നതാണ്. രാജ്യത്തിന്റെ സർക്കാർ സംവിധാനത്തിൽ അഴിമതി സൃഷ്ടിക്കുന്നതും പരിപോഷിപ്പിക്കുന്നതും കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: