കൊച്ചി: നടിയുടെ പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യലിനിടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെഷൻസ് കോടതി മുൻ കൂർജാമ്യം അനുവദിച്ചതിനാൽ രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കും.
376-ാം വകുപ്പ് പ്രകാരമായിരുന്നു ഇടവേള ബാബുവിനെതിരെ കേസെടുത്തിരുന്നത്. ഇടവേള ബാബുവിനെ ഇന്ന് രാവിലെ മുതൽ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്ത് വരികയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു ഇടവേള ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. ജസ്റ്റിസ് ഹണി എം വർഗീസിന്റെ ബെഞ്ചാണ് ജാമ്യം നൽകിയത്.
കൊച്ചിയിലെ നടിയുടെ പരാതിയിൽ നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. ആരോപണ വിധേയരായ ഏഴ് പേരും വിവിധയിടങ്ങളിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.
ഓഗസ്റ്റ് 28ന് എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലാണ് നടനെതിരെ കേസെടുത്തത്. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഫോം പൂരിപ്പിക്കുന്നതിനിടെ കഴുത്തിൽ ചുംബിച്ചെന്നുമാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: