Kerala

ഒന്നര നൂറ്റാണ്ടിലേറെ ജീവിച്ചു പോന്ന ഭൂമി വഖഫ് സ്വന്താകുമ്പോള്‍: വഖഫ് അവകാശങ്ങള്‍ വേട്ടയാടുന്ന മുനമ്പം

Published by

കൊച്ചി: മുനമ്പം – ചെറായി ഭാഗത്തെ നിര്‍ദ്ധനരായ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം കടുത്ത അനീതിയാണെന്ന് സീറോ മലബാര്‍ സഭ,

വഖഫ് ബോര്‍ഡിന്റെ പരിധിയില്ലാത്ത അധികാരങ്ങള്‍ തടയാനും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വരുന്ന വഖഫ് ഭേദഗതി ബില്‍ സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സ്വാഗതം ചെയ്തതു.
രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന വഖഫ് സംവിധാനങ്ങള്‍ ഏതു നിയമത്തിന്റെ പേരിലായാലും തിരുത്തപ്പെടണം.ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം ഇവിടെ സംഭവിക്കാന്‍ പാടില്ല. മുനമ്പം ചെറായി ഭാഗത്ത് സംഭവിക്കുന്നതുപോലുള്ള നീക്കങ്ങള്‍ രാജ്യത്ത് ഒരിടത്തും ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് സഭയുടെ ആവശ്യം.

വഖഫ് അവകാശങ്ങള്‍ വേട്ടയാടുന്ന മുനമ്പം
എറണാകുളം ജില്ലയില്‍ വൈപ്പിന്‍ കരയുടെ വടക്ക് കടലിനോട് ചേര്‍ന്ന് മുനമ്പം, ചെറായി, പള്ളിക്കല്‍ ദ്വീപ് മേഖലയില്‍ 1989 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുള്‍പ്പെട്ട 600ല്‍പ്പരം കുടുംബങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വര്‍ഷത്തോളമായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയില്‍ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍. കേട്ടുകേള്‍വിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകള്‍ നിയമാനുസൃതം ആര്‍ജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.

വഖഫ് ബോര്‍ഡ് അവകാശവാദങ്ങള്‍ ഉയര്‍ത്തി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെറായി, മുനമ്പം, പള്ളിക്കല്‍ പ്രദേശത്തെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം ആരംഭിക്കുന്നത് 1902ലാണ്. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവ്, ഗുജറാത്തില്‍ നിന്ന് കേരളത്തിലെത്തിയ അബ്ദുല്‍ സത്താര്‍ മൂസ ഹാജി സേട്ടിന് 404 ഏക്കര്‍ ഭൂമിയും 60 ഏക്കര്‍ വെള്ളക്കെട്ടും കൃഷി ആവശ്യത്തിനായി പാട്ടത്തിന് കൊടുക്കുകയുണ്ടായി. അക്കാലത്തിനും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രദേശവാസികളായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഒഴിവാക്കിയായിരുന്നു പാട്ടം

പിന്നീട് 1948ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ സിദ്ദിഖ് സേട്ട് ഈ ഭൂമി രജിസ്റ്റര്‍ ചെയ്തു വാങ്ങി. 50 വര്‍ഷങ്ങള്‍ക്കിടെ ആ ദ്വീപ് മേഖലയില്‍ പല ഭാഗങ്ങളിലായി ഒട്ടേറെ ഭൂമി കടലേറ്റം മൂലം നഷ്ടമായിരുന്നു. പ്രത്യേകിച്ച്, 1934ല്‍ ഉണ്ടായ ശക്തമായ കാലവര്‍ഷവും കടല്‍ക്ഷോഭവും ‘പണ്ടാര കടപ്പുറം’ എന്നറിയപ്പെട്ടിരുന്ന ഒരു കടപ്പുറത്തെ പൂര്‍ണമായി ഇല്ലാതാക്കി. സേട്ടിന് മഹാരാജാവ് പാട്ടത്തിന് നല്‍കിയിരുന്ന ഭൂമിയില്‍ വലിയൊരുഭാഗം അവിടെയായിരുന്നു. പില്‍ക്കാലത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭൂമിയില്‍ മത്സ്യത്തൊഴിലാളികള്‍ ഒരു നൂറ്റാണ്ടോളമായി താമസിച്ചുവന്നിരുന്ന പ്രദേശങ്ങളും ഉള്‍പ്പെട്ടു.ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമി സിദ്ദിഖ് സേട്ട് 1950 നവംബര്‍ ഒന്നാംതിയ്യതി ഫാറൂഖ് കോളെജ് മാനെജ്‌മെന്റിന് കൈമാറി (1948ലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ ഫാറൂഖ് കോളെജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്). ഫാറൂഖ് കോളെജിന്റെ തുടക്കക്കാരനായിരുന്ന ചാവക്കാട് സ്വദേശി മൗലവി അബ്ദുള്ള അഹമ്മദ് അലിയുമായി സിദ്ദിഖ് സേട്ടിന് ഉണ്ടായിരുന്ന അടുപ്പമാണ് ഭൂമി കോളെജിന് നല്‍കാനുള്ള കാരണമെന്നു പറയപ്പെടുന്നു.
എന്നാല്‍, 404 ഏക്കറുണ്ടായിരുന്ന ഭൂമി കടല്‍ശോഷണം സംഭവിച്ച് വര്‍ഷങ്ങള്‍ കൊണ്ട് നാലിലൊന്നായി ചുരുങ്ങിയത് മനസിലാക്കി അത്തരമൊരു ഭൂമി കൈവശം വച്ചിട്ടു കാര്യമില്ല എന്ന ചിന്ത കൂടി സേട്ടിന് ഉണ്ടായിരുന്നതായി സൂചനകളുണ്ട്. എന്നാല്‍, ക്രയവിക്രയം നടത്താമെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഫാറൂഖ് കോളെജ് മാനെജ്‌മെന്റ് ഈ ഭൂമി ഉപയോഗിക്കരുത്, ഫാറൂഖ് കോളെജ് ഏതെങ്കിലും കാലത്ത് ഇല്ലാതാകുന്ന പക്ഷം അന്ന് ഈ ഭൂമിയുണ്ടെങ്കില്‍ തന്റെ സന്തതി പരമ്പരയ്‌ക്ക് അത് തിരികെ ലഭിക്കണം എന്നീ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ആധാരമാണ് അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഭൂമി കൈമാറ്റം ചെയ്യുന്നതിന് മുമ്പുതന്നെ അവിടെ താമസക്കാരായിരുന്ന ചില കുടുംബങ്ങള്‍ താലൂക്ക് ഓഫീസില്‍ നിന്ന് കുടികിടപ്പ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ ലഭിക്കാന്‍ ആ സര്‍ട്ടിഫിക്കറ്റ് സഹായകമാകും എന്നതിനാലാണ് പ്രദേശവാസികള്‍ അപ്രകാരം ചെയ്തത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂവിനിയോഗം സംബന്ധിച്ച ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഫാറൂഖ് കോളെജ് മാനെജ്‌മെന്റും തദ്ദേശവാസികളും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഈ കേസ് കുറേക്കാലം തുടര്‍ന്നു. ഭൂമി ഫാറൂഖ് കോളെജിന് ഇഷ്ടദാനം കിട്ടിയതാണ് എന്ന വിലയിരുത്തലിനെ തുടര്‍ന്ന് പിന്നീടുള്ള കോടതി ഉത്തരവുകള്‍ പ്രദേശവാസികള്‍ക്ക് അനുകൂലമായില്ല.
1975ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘം രൂപീകരിക്കുകയും പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. ആ കേസ് 12 വര്‍ഷം തുടര്‍ന്നു. നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുതീര്‍പ്പ് പ്രകാരം 1987 ല്‍ ഫാറൂഖ് കോളെജ് മാനെജ്‌മെന്റിന് കൂടിയ വില കൊടുത്ത് അന്നുണ്ടായിരുന്ന കുടികിടപ്പുകാര്‍ അവര്‍ ഒരു നൂറ്റാണ്ടിലേറെയായി ജീവിച്ചിരുന്ന ഭൂമി വാങ്ങി. സെന്റിന് 250 രൂപ പ്രകാരമാണ് അന്ന് അവര്‍ നല്‍കിയത്. അന്ന് സമീപപ്രദേശങ്ങളില്‍ പലയിടങ്ങളിലും സ്ഥലത്തിന് 100 രൂപയില്‍ താഴെ മാത്രമായിരുന്നു വില.എങ്കിലും കാലങ്ങളായി അവിടെ ജീവിച്ചു പോന്ന മത്സ്യത്തൊഴിലാളികള്‍ എന്ന നിലയില്‍ തൊഴിലിനെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ വലിയ വില കൊടുക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തുടര്‍ന്ന് ഫാറൂഖ് കോളെജിന്റെ മാനേജിങ് കൗണ്‍സില്‍ സെക്രട്ടറി ഹസന്‍കുട്ടി സാഹിബ് ഒപ്പിട്ട 280ഓളം ആധാരങ്ങളാണ് 1989 മുതല്‍ 1993 വരെയുള്ള കാലത്ത് രജിസ്റ്റര്‍ ചെയ്തത്.ദുരിതങ്ങളിലേക്ക് തള്ളിയിട്ട വഖഫ് അവകാശവാദംപിന്നീടുള്ള മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് പ്രദേശം നല്ല രീതിയില്‍ വികസിച്ചു. നൂറുകണക്കിന് കോണ്‍ക്രീറ്റ് വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിര്‍മിക്കപ്പെട്ടു. റോഡുകളും പാലങ്ങളും പണിതു.

അങ്ങനെയിരിക്കെയാണ് സമാധാനമായി ജീവിച്ചുപോന്ന ഒരു ജനതയ്‌ക്ക് പെട്ടെന്ന് മറ്റൊരു വെല്ലുവിളി നേരിടേണ്ടതായി വന്നത്. 2022 ജനുവരിയില്‍ കരമടയ്‌ക്കാന്‍ വില്ലെജ് ഓഫിസിലെത്തിയ ഒരാള്‍ക്ക് അതിന് കഴിഞ്ഞില്ല. അത് വഖഫ് ഭൂമിയാണ് എന്നൊരു ഓര്‍ഡര്‍ തഹസില്‍ദാരില്‍ നിന്ന് എത്തിയിരുന്നതാണ് തടസത്തിന് കാരണമായത്. പിന്നീടുള്ള അന്വേഷണത്തിലാണ് 2019ല്‍ തന്നെ ഇത്തരം നീക്കങ്ങള്‍ വഖഫ് ബോര്‍ഡ് ആരംഭിച്ചിരുന്നതായി പ്രദേശവാസികള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നാല്‍, ഭൂമിയുടെ നിലവിലെ ഉടമസ്ഥരായ അവരിലാര്‍ക്കും ഒരു നോട്ടീസ് പോലും ലഭിച്ചിരുന്നില്ല.പിന്നീട് ജനപ്രതിനിധികളുമായി ബന്ധപ്പെടുകയും ഒട്ടേറെ ചര്‍ച്ചകള്‍ നടത്തുകയും ഹൈക്കോടതിയില്‍ കേസ് നടത്തുകയും ചെയ്ത ശേഷമാണ് 600ഓളം വരുന്ന കുടുംബങ്ങള്‍ക്ക് കരമടയ്‌ക്കാന്‍ അനുമതി ലഭിക്കുന്നത്. എന്നാല്‍, കരമടയ്‌ക്കാനും പോക്കുവരവ് നടത്താനും അനുവദിച്ചു കൊണ്ട് ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് ലഭിച്ചതിന് പിന്നാലെ വഖഫ് ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനെ തുടര്‍ന്ന് ആ ഓര്‍ഡര്‍ സ്‌റ്റേ ചെയ്യപ്പെട്ടു. നിലവില്‍ 2022 മുതല്‍ പലപ്പോഴായി പ്രദേശവാസികള്‍ ഫയല്‍ ചെയ്ത 5 കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഈ ഭൂമി വഖഫ് ബോര്‍ഡിന്റെ രേഖകളില്‍ ഉള്‍പ്പെട്ടതിനാലും, കേസുകള്‍ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണെടുക്കാനോ ഉടമസ്ഥര്‍ക്ക് കഴിയുന്നില്ല. വലിയ പണം മുടക്കി ഹൈക്കോടതിയില്‍ കേസ് നടത്തേണ്ടിവരുന്നത് നിര്‍ധനരായ മുനമ്പം നിവാസികള്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. മറുപക്ഷം അതിശക്തരായതിനാലും വഖഫ് നിയമവും വഖഫ് ബോര്‍ഡും അവര്‍ക്ക് പിന്തുണയായുണ്ട് എന്നതിനാലും കേസിന്റെ ഭാവിയെക്കുറിച്ച് അവര്‍ക്ക് വലിയ ആശങ്കകളുണ്ട്.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വഖഫ് നിയമ പരിഷ്‌കരണത്തെ ആ നാട്ടുകാര്‍ വലിയ പ്രതീക്ഷയോടെ കാണുന്നു.കോടതിയിലെ വാദങ്ങള്‍വഖഫായി നല്കുന്ന ഭൂമിക്ക് ദാതാക്കള്‍ നിബന്ധനകള്‍ നിഷ്‌കര്‍ഷിക്കാന്‍ പാടില്ല എന്നതാണ് ചട്ടം. എന്നാല്‍, ഫാറൂഖ് കോളെജിന് രജിസ്റ്റര്‍ ചെയ്തുനല്‍കിയിരിക്കുന്ന ആധാരം നിബന്ധനകളോടു കൂടിയതാണ്. കോളെജ് എന്നെങ്കിലും ഇല്ലാതാകുന്ന പക്ഷം അന്ന് അവശേഷിക്കുന്ന ഭൂമി ആദ്യ ഉടമസ്ഥന്റെ അനന്തരാവകാശികള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ ആധാരത്തിലുണ്ട്. അതിനാല്‍, ഇപ്പോഴത്തെ ‘വഖഫ് ‘ അവകാശവാദങ്ങള്‍ നിലനില്‍ക്കില്ല എന്നതാണ് കോടതിക്ക് മുന്നിലുള്ള പ്രധാന വാദം.ഫാറൂഖ് കോളെജിന് ഗിഫ്റ്റ് ആയി ലഭിച്ച ഭൂമിയെന്ന് മുന്‍ കോടതിവിധികളില്‍ പലപ്പോഴും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതിനാല്‍ അത്തരമൊരു ഭൂമി ‘വഖഫ് ‘ എന്ന് സ്ഥാപിക്കാനാവില്ല. വഖഫ് നിയമത്തില്‍ 2013 ല്‍ നടത്തിയ ഭേദഗതികള്‍ പ്രകാരം, ഒരു ഭൂമി ‘വഖഫ് ‘ എന്ന് സ്ഥാപിക്കണമെങ്കില്‍ 3 വര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്യണമെന്നുണ്ട്. എന്നാല്‍ 2019ലാണ് മുനമ്പം നിവാസികളുടെ ഭൂമി ‘വഖഫ് ‘ ആണെന്നുള്ള അവകാശം വഖഫ് ബോര്‍ഡ് ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍, ഭൂമിയുടെ നിലവിലെ ഉടമസ്ഥരെ അറിയിച്ചുകൊണ്ടുള്ള ഒരു നിയമാനുസൃത നീക്കവും ഉണ്ടായിട്ടില്ല.

ഭരണഘടനാ വിരുദ്ധത, അനീതി, അവഗണനവഖഫ് അവകാശവാദങ്ങള്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മാന്യമായ ജീവിതത്തിനും സ്വത്തിനും തുല്യതയ്‌ക്കുമുള്ള മൗലികാവകാശങ്ങള്‍ക്കും മതേതരത്വത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ഇപ്പോള്‍ നിലവിലുള്ള വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നത് നിസ്തര്‍ക്കമാണ്. ശരിയ നിയമത്തെ ഇന്ത്യന്‍ നിയമ വ്യവസ്ഥിതിക്ക് മുകളില്‍ സ്ഥാപിക്കുന്ന വ്യവസ്ഥകള്‍ വഖഫ് നിയമത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്തവിധം അല്ലാഹുവിനു സമര്‍പ്പിക്കപ്പെട്ടത് എന്നാണ് ‘വഖഫ് ‘ എന്ന വാക്കിന്റെ അര്‍ഥം. 1995ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന വഖഫ് നിയമപ്രകാരം ഏതെങ്കിലും ഒരു സ്ഥലത്തിന് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചാല്‍ അതിസങ്കീര്‍ണമായ നിയമ നടപടികളിലേക്കാണ് പിന്നീട് നീങ്ങുക.

വേണ്ടവിധത്തിലുള്ള കോടതി, സര്‍ക്കാര്‍ ഇടപെടലുകള്‍ തക്കസമയത്ത് ഉണ്ടായില്ലെങ്കില്‍ സ്ഥലം എന്നത്തേയ്‌ക്കുമായി വഖഫ് ബോര്‍ഡിന്റേതായി മാറും.ഈ ഗുരുതരമായ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മുതല്‍ പ്രദേശവാസികളും അവരുടെ പ്രതിനിധികളും ജനപ്രതിനിധികളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും രാഷ്‌ട്രീയ നേതൃത്വങ്ങളെയും പലവിധത്തില്‍ സമീപിച്ചു. വിഷയം പരിഹരിച്ചുതരാം എന്നുള്ള ജനപ്രതിനിധികളുടെ ഉറപ്പിലാണ് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക് പോകാതിരുന്നത്. എന്നാല്‍ ആ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. കോടതിയിലെ കേസുകള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതിന് പലവിധത്തിലുള്ള തടസങ്ങള്‍ നേരിടുന്നതാണ് മറ്റൊരു പ്രതിസന്ധി. 2023 ജൂലൈയിലാണ് അവസാനമായി കോടതിയില്‍ വാദം നടന്നത്. നിലവില്‍ തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സര്‍വെകള്‍ ആ പ്രദേശത്ത് നടന്നിട്ടുണ്ട്. തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കല്‍ നടക്കുമ്പോള്‍ കേസില്‍ ഉള്‍പ്പെട്ട ഭൂമി ആയതിനാല്‍ അനേകര്‍ നഷ്ടപരിഹാരം പോലും ലഭിക്കാതെ തെരുവിലേയ്‌ക്ക് ഇറങ്ങേണ്ട സാഹചര്യം ഉടലെടുത്തേക്കാം.
മുനമ്പം ഇനി ആവര്‍ത്തിക്കരുത്മുനമ്പത്തെ നിര്‍ധനരായ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള ചില തല്‍പരകക്ഷികളുടെ നീക്കം കടുത്ത അനീതിയാണ്. മുനമ്പത്തെ ജനങ്ങളുടെ അവസ്ഥ കേരള മനഃസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്. കേരള സര്‍ക്കാരിന്റെ നിഷ്‌ക്രിയാവസ്ഥയും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കാന്‍ നയരൂപീകരണം നടത്തിയ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് വഖഫ് നിയമങ്ങളാല്‍ വേട്ടയാടപ്പെടുന്ന മുനമ്പം നിവാസികളെ കണ്ടില്ലെന്ന് നടിക്കുന്നു? എന്തുകൊണ്ട് അവിടെ നടക്കുന്ന നീതിനിഷേധങ്ങളില്‍ ഇടപെടാന്‍ മടികാണിക്കുന്നു?ഒരു മതസമൂഹത്തോട് ബന്ധപ്പെട്ട ഒരു സംവിധാനം, ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും ഇത്തരത്തില്‍ ഉപദ്രവിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നത്? തങ്ങളുടെ സമുദായക്കാരാരും ആ പ്രദേശത്തില്ല എന്നുള്ള വര്‍ഗീയ ചിന്തയുള്ളതിനാലാണോ മതസ്പര്‍ദ്ധയ്‌ക്കു പോലും കാരണമാകുന്ന തരത്തില്‍ യാതൊരു സാമൂഹ്യാവബോധവും ഇല്ലാത്ത തരത്തിലുള്ള പെരുമാറ്റം ചിലരില്‍ നിന്നും ഉണ്ടാകുന്നത്? വഴിമുട്ടിയ പാവപ്പെട്ട ജനതയുടെ നിലവിളിക്കും കണ്ണീരിനും ഈ പരിഷ്‌കൃത സമൂഹത്തില്‍ ഒരു വിലയുമില്ലേ?

വഖഫ് നിയമ ഭേദഗതിയെക്കുറിച്ചു മുസ്‌ലിം സംഘടനകള്‍ ഉന്നയിക്കുന്ന പരാതികളും പരിഭവങ്ങളും ഗവര്‍മെന്റ് ഗൗരവപൂര്‍വം പരിഗണിക്കേണ്ടത് തന്നെയാണ്. മതങ്ങള്‍ക്കുള്ള ഭരണഘടനാനുസൃത അവകാശങ്ങളുടെ നിഷേധം ഒരിക്കലും സംഭവിക്കാന്‍ പാടില്ല. അതസമയം തന്നെ, മുനമ്പത്ത് സംഭവിക്കുന്നതുപ്പോലുള്ള നീക്കങ്ങള്‍ ഇനി ഒരിക്കലും രാജ്യത്ത് ഒരിടത്തും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഗവര്‍മെന്റ് സ്വീകരിക്കണം. പൊതുജന ജീവിതത്തെ ദുഃസഹമാക്കുന്ന, പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന, മാനുഷിക പരിഗണനയക്കു പോലും പ്രാധാന്യം നല്‍കാത്ത സംവിധാനങ്ങള്‍ ഏതു നിയമത്തിന്റെ പേരിലായാലും തിരുത്തപ്പെടണം.മുനമ്പത്ത് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിക്ക് സമാനമായ നീക്കങ്ങള്‍ ഇനി ഒരിക്കലും ഇന്ത്യയില്‍ എവിടെയും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ഭേദഗതികള്‍ വഖഫ് നിയമത്തില്‍ വരുത്തേണ്ടതുണ്ട്. പൊതുജനത്തിന്റെ സ്വത്തിനും മൗലിക അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ മതേതരത്വത്തിനും വെല്ലുവിളിയായി മാറിയേക്കാവുന്ന വകുപ്പുകള്‍ നീക്കം ചെയ്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്ന് പ്രതീക്ഷിക്കാം

ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മിഷന്‍

 

 ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം

മുനമ്പം – ചെറായി ഭാഗത്തെ നിര്‍ദ്ധനരായ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം കടുത്ത അനീതിയാണ്.വഖഫ് ബോര്‍ഡിന്റെ പരിധിയില്ലാത്ത അധികാരങ്ങള്‍ തടയാനും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഇല്ലാതാക്കാനും കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വരുന്ന വഖഫ് ഭേദഗതി ബില്‍ സീറോ മലബാര്‍ സഭാ അല്‍മായ ഫോറം സ്വാഗതം ചെയ്യുന്നു.
രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശങ്ങളെ വെല്ലുവിളിക്കുന്ന വഖഫ് സംവിധാനങ്ങള്‍ ഏതു നിയമത്തിന്റെ പേരിലായാലും തിരുത്തപ്പെടണം.ഭരണഘടനാനുസൃതമായ അവകാശങ്ങളുടെ നിഷേധം ഇവിടെ സംഭവിക്കാന്‍ പാടില്ല. മുനമ്പം ചെറായി ഭാഗത്ത് സംഭവിക്കുന്നതുപോലുള്ള നീക്കങ്ങള്‍ രാജ്യത്ത് ഒരിടത്തും ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്.

രാജ്യത്ത് എവിടെയും ഏത് മതവിഭാഗത്തിന്റെയും വ്യക്തികളുടെയും സ്വത്ത് വഖഫാക്കി മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള നിലവിലെ ചട്ടം ഭേദഗതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.വഖഫ് ബോര്‍ഡിന് ബോധ്യപ്പെടുന്ന ഏത് ഭൂമിയും ഒരു രേഖയുമില്ലാതെ കൈവശപ്പെടുത്താനാവും വിധമുള്ള നിയമം നീതീകരിക്കാനാവില്ല.ഒരിക്കല്‍ ഭൂമി വഖഫായി പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞാല്‍ അതിന്‍മേലുള്ള തര്‍ക്കം പരിഹരിക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലിനാണ്. ഈ ട്രൈബ്യൂണല്‍ മുസ്ലീങ്ങള്‍ മാത്രം ഉള്‍പ്പെടുന്നതാണ്.അമുസ്ലീങ്ങളുടെ ഭൂമി അവകാശ തര്‍ക്കവും മുസ്ലീങ്ങള്‍ മാത്രം ഉള്‍പ്പെട്ട സമിതി പരിഹരിക്കണം എന്ന് പറയുന്നതിലെ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്.
ലോകത്തെല്ലായിടത്തും വഖഫുകളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം കൊണ്ടുവരുന്ന കാലമാണിത്.തുര്‍ക്കി,സൗദി അറേബ്യ,ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ മതേതര സ്വഭാവത്തിലേക്ക് വഖഫ് ഘടന മാറിക്കഴിഞ്ഞു.ഇന്ത്യയില്‍ വ്യാപകമായ കെടുകാര്യസ്ഥതയുടെയും,വിശാലമായ ഭൂമിയില്‍ നിയമവിരുദ്ധമായ അവകാശവാദങ്ങളുടെയും ആരോപണങ്ങള്‍ ഇതിന്റെ പേരില്‍ ഉയര്‍ന്നു കഴിഞ്ഞു.

രാജ്യത്ത് നിലനില്‍ക്കുന്ന നിയമപ്രകാരം ഉണ്ടാക്കിയ വഖഫ് ബോര്‍ഡിന്റെ ചട്ടങ്ങളില്‍ മറ്റേതിലുമെന്നതുപോലെ കാലാനുസൃതമായി പരിഷ്‌കാരങ്ങള്‍ വരുത്താനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിനുണ്ട്. വന്‍ തോതിലുള്ള കയ്യേറ്റവും ചൂഷണവുമാണ് വഖഫ് ആക്ടിന്റെ പിന്‍ബലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.ഇന്ത്യയിലുടനീളം, സ്വകാര്യ ഭൂമി മുതല്‍ പ്രധാന നഗര റിയല്‍ എസ്‌റ്റേറ്റ് വരെയുള്ള ആയിരക്കണക്കിന് സ്വത്തുക്കള്‍ പലപ്പോഴും ശരിയായ രേഖകളോ,വിവരങ്ങളോ ഇല്ലാതെ വഖഫ് ആയി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല കേസുകളിലും,സ്വകാര്യ സ്വത്തുക്കള്‍ യഥാര്‍ത്ഥ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ വഖഫ് ആയി രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി.ഇത് ഇപ്പോള്‍ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഖഫ് നിയമത്തില്‍ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വഖഫ് ഭേദഗതി ബില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും സുതാര്യത വര്‍ദ്ധിപ്പിക്കാനും വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയാനും ശ്രമിക്കുന്നു. വഖഫ് ഭൂമി കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ ശക്തമായ ചട്ടക്കൂട് സ്ഥാപിക്കുക, അവ ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ബില്‍ ലക്ഷ്യമിടുന്നത്.

മുനമ്പം – ചെറായി പ്രദേശങ്ങളിലെപ്പോലെ രാജ്യത്തെ കടുത്ത അനീതികള്‍ പരിഹരിക്കാന്‍ വഖഫ് നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അല്‍മായ ഫോറം പിന്തുണയ്‌ക്കുന്നു.വഖഫ് ഭേദഗതി ബില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും സുതാര്യത വര്‍ദ്ധിപ്പിക്കാനും വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയാനും ശ്രമിക്കുന്നു. വഖഫ് ഭൂമി കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ ശക്തമായ ചട്ടക്കൂട് സ്ഥാപിക്കുക,അവ ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.വഖഫ് പരിഷ്‌കരണത്തിന്റെ ആവശ്യകത അനിഷേധ്യമാണ്.ന്യായമായ ഭരണത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയും എല്ലാ സമുദായങ്ങള്‍ക്കും നീതി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ സാംസ്‌കാരികവും മതപരവുമായ അഖണ്ഡത സംരക്ഷിക്കാനുള്ള പരിഷ്‌കാരങ്ങള്‍ക്കായുള്ള ശ്രമങ്ങളേയും അല്‍മായ ഫോറം സ്വാഗതം ചെയ്യുന്നു.
.
ടോണി ചിറ്റിലപ്പിള്ളി,

അല്‍മായ ഫോറം സെക്രട്ടറി
സീറോ മലബാര്‍ സഭ,എറണാകുളം

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക