കൊല്ലം: കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിത്യേന ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങളുടെ പരിശുദ്ധി പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ആവശ്യപ്പെട്ടു.
നെയ്യ്, എണ്ണ, കര്‍പ്പൂരം. പാല്, ചന്ദനം എന്നിവ കൃത്രിമമായി ഉണ്ടാക്കുന്നതിന് വന്‍ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ പശ്ചാത്തലത്തിലെങ്കിലും ദേവസ്വം ബോര്‍ഡുകള്‍ പൂജാദ്രവ്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതാണ്.
ദേവസ്വം ബോര്‍ഡുകളും ക്ഷേത്രം ട്രസ്റ്റുകളും മായം കലരാത്ത പൂജാ ദ്രവ്യങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസാദങ്ങളുടെ തനിമയും പരിശുദ്ധിയും സംരക്ഷിക്കാനും അതിലുപയോഗിക്കുന്ന ദ്രവ്യങ്ങളുടെ ഗുണനിലവാരം ബോധ്യപ്പെടാനും ഭക്തര്‍ക്ക് അവകാശമുണ്ടെന്നും സുരേഷ് ചൂണ്ടിക്കാട്ടി.
തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന നെയ്യ്, പാല്, തൈര് അടക്കമുള്ള ദ്രവ്യങ്ങളുടെ ശുദ്ധിയും പവിത്രതയും സര്‍ക്കാരും വിവിധ ദേവസ്വം ബോര്‍ഡുകളും ക്ഷേത്ര ഭരണ സമിതികളും ഭക്തരും ഉറപ്പുവരുത്താന്‍ പരിശ്രമിക്കണമെന്ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന സമിതിയും പ്രസ്താവനയില്‍ പറഞ്ഞു.
അശുദ്ധമായ പദാര്‍ത്ഥങ്ങള്‍ ക്ഷേത്ര ശ്രീകോവിലുകളില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കണം. വിവാദത്തിലായ എ.ആര്. ഡയറി കമ്പനിയുടെ ഉപഭോക്താക്കളാണ് കേരളത്തിലെ മില്‍മയും എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന പുഷ്പങ്ങള്‍, എണ്ണകള്‍, കര്‍പ്പൂരം, ചന്ദനത്തിരി മുതലായവയിലെ വിഷമയമായ രാസവസ്തുക്കള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളിലെ പൂജാ സാധനങ്ങളുടെയും നിവേദ്യങ്ങളുടെയും പരിശുദ്ധി ഉറപ്പാക്കണമെന്നും ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ബാലകൃഷ്ണ വാര്യര്‍, വര്‍ക്കിങ് പ്രസിഡന്റ് ചെത്തല്ലൂര്‍ വിജയകുമാര്‍ ഗുപ്തന്, ജനറല്‍ സെക്രട്ടറി ശ്രേയസ് നമ്പൂതിരി, സംഘടനാ സെക്രട്ടറി ജയകൃഷ്ണന് വാര്യര്‍, ട്രഷറര്‍ വി.ജെ. രാജ് മോഹന്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: