India

അന്ന സെബാസ്റ്റിൻ ജോലി ചെയ്തിരുന്ന ഇവൈ കമ്പനിക്ക് രജിസ്ട്രേഷൻ ഇല്ല; 2007 മുതൽ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാറിന്റെ അനുമതി ഇല്ലാതെ

Published by

പൂനെ: കടുത്ത ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പൂനെയിലെ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇ-മെയില്‍ വന്നത് രണ്ടു ദിവസം മുമ്പാണ്. ഇതിനു പിന്നാലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിക്ക് രജിസ്ട്രേഷൻ ഇല്ലെന്ന റിപ്പോർട്ട് പുറത്ത് .

കമ്പനി ഓഫിസില്‍ മഹാരാഷ്‌ട്ര തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 2007 മുതൽ സംസ്ഥാന സർക്കാറിന്റെ അനുമതി ഇല്ലാതെയാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് മഹാരാഷ്‌ട്ര അഡീഷണൽ ലേബർ കമ്മിഷണർ ശൈലേന്ദ്ര പോൾ വെളിപ്പെടുത്തിയതായി അന്താരാഷ്‌ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പൂനെയിലെ കമ്പനിയിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്​​മെന്റ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷൻ സ്ഥാപനത്തിന് ഇല്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കമ്പനി അധികൃതർ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. നിയമപ്രകാരം പരമാവധി ജോലി സമയം ഓരോ ദിവസവും ഒമ്പത് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ്.

2024 ഫെബ്രുവരിയിലാണ് കമ്പനി റജിസ്ട്രേഷനായി തൊഴിൽ വകുപ്പിന് അപേക്ഷ നൽകിയത്. എന്നാൽ 2007 മുതൽ റജിസ്ട്രേഷൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് നിരസിക്കുകയായിരുന്നുവെന്നും റോയിട്ടേഴ്സ് പറയുന്നു.

റജിസ്ട്രേഷൻ അപേക്ഷ വൈകിയതിൽ കാരണം വിശദീകരിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സമയവും ‘നൽകിയിട്ടുണ്ട്. അന്നയുമായി ബന്ധപ്പെട്ട വിവിധ രേഖകളും ഓഫിസിലെത്തി ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ടെന്നും ശൈലേന്ദ്ര പോൾ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക