ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 79-ാമത് പൊതുസഭയില്‍ പങ്കെടുക്കുന്നതിന് ന്യൂയോര്‍ക്കിലെത്തിയ ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനിസിനെതിരെ പ്രതിഷേധം. ഗോ ഡൗണ്‍, സ്റ്റെപ് ഡൗണ്‍ വിളികളോടെ നൂറുകണക്കിനാളുകളാണ് യൂനിസ് താമസിച്ചിരുന്ന ഹോട്ടലിന് മുന്നില്‍ പ്രതിഷേധിച്ചത്.
ഷെയ്ഖ് ഹസീന നമ്മുടെ പ്രധാനമന്ത്രി എന്ന പ്ലക്കാര്‍ഡുകളുമായാണ് ജനക്കൂട്ടം പ്രകടനം നടത്തിയത്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന യൂനിസ് സര്‍ക്കാര്‍ രാജ്യത്തിന് അപമാനമാണെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു.
വൃത്തികെട്ട രാഷ്ട്രീയത്തിലൂടെയാണ് യൂനിസ് അധികാരം പിടിച്ചെടുത്തതെന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശി ജനതയെ പ്രതിനിധീകരിക്കാത്ത മുഹമ്മദ് യൂനിസിന് ഐക്യരാഷ്ട്രസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കരുതെന്ന് ബംഗ്ലാദേശ് പൗരന് കൂടിയായ ഷെയ്ഖ് ജമാല്‍ ഹുസൈന് പറഞ്ഞു.
സമാധാനത്തിലും മതേതര ജനാധിപത്യത്തിലും വിശ്വസിക്കുന്നവരാണ് ബംഗ്ലാദേശുകാര്‍. എന്നാല്‍ ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്ത ശേഷം അവിടെ കൂട്ടക്കൊലകള്‍ അരങ്ങേറുകയാണ്. വീടുകളും പള്ളികളും ക്ഷേത്രങ്ങളും അവിടെ സുരക്ഷിതമല്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ. റഹ്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: