ഷാര്‍ജ: വനിതാ ലോകകപ്പ് ട്വന്റി20 ക്രിക്കറ്റിന് ഇനി എട്ട് നാള് കൂടി. ഒമ്പതാം പതിപ്പാണ് ഇത്തവണ നടക്കുക. ദുബായിലെ പിച്ചികുളിലായാണ്. വരുന്ന മൂന്നിന് തുടങ്ങുന്ന ലോകകപ്പ് 20ന് ഫൈനലോടെ അവസാനിക്കും.
ബംഗ്ലാദേശ് ആണ് ഇക്കുറി വനിതാ ട്വന്റി20 ലോകകപ്പിന്റെ ആതിഥേയരായി നിശ്ചയിച്ചിരുന്നത്. അടുത്തിടെ അവിടെ ഉടലെടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളും തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും മുന്‍നിര്‍ത്തി വേദി ദുബായിലേക്ക് മാറ്റുകയായിരുന്നു.
ഇതുവരെ എട്ട് ലോകകപ്പുകളാണ് നടന്നത്. അതില്‍ ആറും നേടിയത് ഓസ്ട്രേലിയ ആണ്. 2009ല്‍ ഇംഗ്ലണ്ട് ആതിഥേയരായ പ്രഥമ ലോകകപ്പില്‍ ആതിഥേയര്‍ തന്നെ കിരീട ജേതാക്കളായി. തൊട്ടടുത്ത തവണ വെസ്റ്റിന്‍ഡീസില്‍ കളി നടന്നപ്പോള്‍ ഓസ്ട്രേലിയ ജൈത്രയാത്ര തുടങ്ങി. പിന്നീട് മൂന്ന് തവണ തുടര്‍ച്ചയായി ഓസ്ട്രേലിയ കപ്പുയര്‍ത്തി. 2016 ഫൈനലില്‍ ആതിഥേയരായ ഭാരതത്തെ തോല്‍പ്പിച്ച് വിന്‍ഡീസ് വനിതകള്‍ ആദ്യ ലോകകിരീടം കൈയ്യിലേന്തി. പിന്നീട് ഇതുവരെ നടന്ന മൂന്ന് പതിപ്പുകളില്‍ കൂടി മുത്തമിട്ടുകൊണ്ട് ഓസ്ട്രേലിയ ഒന്നാമത് നില്‍ക്കുകയാണ്.
ഇത്തവണ ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശും സ്കോട്ട്ലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. ഭാരതത്തിന്റെ ആദ്യകളി ഒക്ടോബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരെയാണ്.
ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്, ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നിവയാണ് ഭാരതത്തിനൊപ്പമുള്ള മറ്റ് ടീമുകള്‍. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെസ്റ്റിന്‍ഡീസ് ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍.
റൗണ്ട് റോബിന് അടിസ്ഥാനത്തില്‍ പോരാടി ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് വീതം ടീമുകള്‍ സെമിയിലേക്ക് മുന്നേറും വിധമാണ് ഫിക്സര്‍. 15ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ തീരും. തുടര്‍ന്ന് സെമി, ഫൈനല്‍ മത്സരങ്ങള്‍.
വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് നിയന്ത്രിക്കാന്‍ സമ്പൂര്‍ണ വനിതാ ടീം. ഇന്നലെ ആണ് ഐസിസി ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. പത്ത് അംപയര്‍മാരും മൂന്ന് മാച്ച് റഫറിമാരും അടങ്ങുന്ന 13 പേരാണ് ലോകകപ്പ് മത്സരങ്ങളെയാകെ നിയന്ത്രിക്കുക. ഇതില്‍ ക്ലെയര്‍ പോളോസാക് ആണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ എക്സ്പീരിയന്‍സുള്ള മാച്ച് ഒഫിഷ്യല്‍. ഇതിന് മുമ്പ് നാല് വനിതാ ട്വന്റി20 ലോകകപ്പുകളുടെ ഭാഗമായിട്ടുണ്ട്.
സ്യൂ റെഡ്ഫേണ്‍ ആയിരിക്കും ടിവി അംപയര്‍. സിംബാബ്വെക്കാരി സാറാ ഡംബാനേവാന ആണ് അംപയര്മാര്ക്കിടയിലെ പുതുമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: