‘മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്. കുടിക്കരുത്, കൊടുക്കരുത്’ എന്ന് ഉറക്കെ പറഞ്ഞ ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനമായിരുന്നു സപ്തംബര്‍ 21. ഗുരുദേവനെ അരവിന്ദ് കേജ്രിവാളിന് അറിയുമോ എന്തോ? ഏതായാലും ദല്‍ഹി മദ്യനയ കേസില്‍ കുടുങ്ങി കാരാഗ്രഹത്തില്‍ കഴിയേണ്ടി വന്ന കേജ്രിവാളിന് പകരക്കാരി അധികാരമേല്‍ക്കുന്ന ദിനമായി സപ്തംബര്‍ 21 മാറിയത് യാദൃച്ഛികമാകാം. അഴിമതിക്കേസിനെക്കാള്‍ ഗുരുതര ആരോപണം നേരിടുന്ന അതിഷി മുഖ്യമന്ത്രിയായാല്‍ പ്രശ്നം തീരുമോ? കണ്ടുതന്നെ അറിയണം. അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ നിരന്തരം സമരം നടത്തി ഖ്യാതിനേടിയ കേജ്രിവാളിന് വന്നുപെട്ട ദുരന്തമേ! ഈ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗും നേരത്തെ അറസ്റ്റിലായിരുന്നു. ഇഡിയും സിബിഐയും ഒന്നിനുപിറകെ ഒന്നായി എഎപി നേതാക്കള്‍ക്കെതിരെ കുരുക്ക് മുറുക്കിയതാണ്.
2021 നവംബര്‍ 17നാണ് ദല്‍ഹി സര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പാക്കിയത്. ഇതിന് കീഴില്‍ തലസ്ഥാനത്ത് 32 സോണുകള്‍ സൃഷ്ടിച്ചു. ഓരോ സോണിലും പരമാവധി 27 കടകള്‍ തുറക്കാന്‍ അനുമതി നല്കി. ഇങ്ങനെ ആകെ 849 കടകളാണ് തുറക്കേണ്ടിയിരുന്നത്. പുതിയ മദ്യനയത്തില്‍ ദല്‍ഹിയിലെ എല്ലാ മദ്യശാലകളും സ്വകാര്യവത്കരിച്ചു. ഇതിനുമുമ്പ് ദല്‍ഹിയിലെ മദ്യവില്‍പ്പനശാലകളില്‍ 60 ശതമാനം സര്‍ക്കാരും 40 ശതമാനം സ്വകാര്യവുമായിരുന്നു. പുതിയ നയം നടപ്പാക്കിയതോടെ 100 ശതമാനം സ്വകാര്യമായി. ഇതുവഴി 3500 കോടി രൂപയുടെ ആനുകൂല്യം ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.
ലൈസന്‍സ് ഫീസും സര്‍ക്കാര്‍ പലമടങ്ങ് വര്‍ധിപ്പിച്ചു. നേരത്തെ കരാറുകാര്‍ 25 ലക്ഷം രൂപ അടയ്ക്കേണ്ടിയിരുന്ന എല്‍1 ലൈസന്‍സിന് പുതിയ മദ്യനയം നടപ്പാക്കിയശേഷം കരാറുകാര്‍ അഞ്ചുകോടി രൂപ നല്‍കണം. അതുപോലെ, മറ്റ് വിഭാഗങ്ങളിലും ലൈസന്‍സ് ഫീസില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ദല്‍ഹിയിലെ ആകെ മദ്യശാലകളുടെ എണ്ണം 850 ആയി തുടരുമെന്നാണ് പുതിയ നയത്തില്‍ പറയുന്നത്. പുതിയ മദ്യവില്‍പ്പന നയം അനുസരിച്ച്, മദ്യം ഹോം ഡെലിവറി ചെയ്യാനും കടകള്‍ പുലര്‍ച്ചെ മൂന്ന് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ലൈസന്‍സികള്‍ക്ക് മദ്യത്തിന് പരിധിയില്ലാത്ത ഇളവുകളും നല്‍കാം. ഈ കേസില്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മനീഷ് സിസോദിയയെ 2023 ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്തു. 2022 ഡിസംബറില്‍ നടന്ന മദ്യനയ കുംഭകോണത്തിലാണ് സഞ്ജയ് സിംഗിന്റെ പേര് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വ്യവസായി ദിനേശ് അറോറയുടെ മൊഴിയുടെ ഭാഗമായാണ് എഎപി നേതാവിന്റെ പേര് ഇഡി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചത്. ദല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ബിആര്‍എസ് നേതാവും കെസിആറിന്റെ മകളുമായ കെ. കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു. പുതിയ മദ്യനയത്തിലെ ക്രമക്കേടുകളെ കുറിച്ച് ദല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാറും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അദ്ദേഹം ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയ്ക്ക് അയച്ചു. ഇതില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മദ്യക്കച്ചവടക്കാര്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണറും ആവശ്യപ്പെട്ടു.
2022 ആഗസ്ത് 17 ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതില്‍ മനീഷ് സിസോദിയ, മൂന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 9 വ്യവസായികള്‍, രണ്ട് കമ്പനികള്‍ എന്നിവരെ പ്രതികളാക്കി. അഴിമതിയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എല്ലാവര്‍ക്കുമെതിരെ കേസെടുത്തു. ആഗസ്ത് 22 ന് ഈ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയില്‍ നിന്ന് കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യനയ കേസില്‍ അരവിന്ദ് കേജ്രിവാള് 2024 മാര്‍ച്ച് 21 ന് അറസ്റ്റിലായി. ജാമ്യം ലഭിച്ച ശേഷമാണ് മുഖ്യമന്ത്രി പദം രാജിവച്ചത്. തുടര്‍ന്ന് അതിഷിക്ക് നറുക്ക് വീണു.
കേജ്രിവാളിന്റെ വെറും ഡമ്മിയോ പകരക്കാരിയോ നിഴലോ മാത്രമാകില്ല അതിഷി. അതിഷി മര്‍ലേന സിംഗ് എന്നായിരുന്നു മുഴുവന്‍ പേര്. സ്വന്തം പേരിലെ ‘മര്‍ലേന’, സിംഗ് എന്നീ വാലുകള്‍ മുറിച്ചുമാറ്റി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ വേളയിലാണു തന്റെ പേരില്‍ നിന്ന് ‘മര്‍ലേന’ ഒഴിവാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മര്‍ലേന എന്നതു ക്രൈസ്തവ നാമം ആണെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനെ പ്രതിരോധിക്കാനാണു സ്വന്തം പേരിലെ മധ്യഭാഗം മുറിച്ചതെന്നതു വലിയ രഹസ്യമല്ല. ഹിന്ദുത്വ വോട്ടര്‍മാരെ തൃപ്തിപ്പെടുത്താനായി പേരിലെ മാര്‍ക്സിനെയും ലെനിനെയും മാറ്റിയെങ്കിലും ഇടതു ലിബറല്‍ ചിന്താഗതികളോട് അതിഷി എന്നും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.
കേജ്രിവാള് ജയിലിലായപ്പോള്‍ വകുപ്പുകളെല്ലാം കയ്യടക്കിയ അതിഷി കേജ്രിവാളിന്റെ വക്താവിനെപ്പോലെയായിരുന്നു പെരുമാറിയത്. അതുതന്നെയാണ് അവര്‍ക്ക് തുണയായതും. മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ട് തൊട്ടടുത്ത് മറ്റൊരു കസേരയിട്ടാണിരിപ്പ്. പകരക്കാരിയാണെന്ന് തെളിയിക്കുകയാണ് ലക്ഷ്യം. പക്ഷേ കുപ്പിയിലുള്ളതിനേക്കാള്‍ അപകടം നിറഞ്ഞതാണല്ലോ പള്ളയിലുള്ളത്. കേജ്രിവാള് അഴിമതിക്കേസിലാണ് പെട്ടതെങ്കില്‍ അതിഷി രാജ്യദ്രോഹ കുറ്റാരോപിതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: