കണ്ണൂര്‍: സിയാല്‍ മാതൃകയില്‍ കണ്ണൂര്‍ വിമാനത്താവളവും സോളര്‍ പദ്ധതിയുമായി രംഗത്ത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഊര്‍ജ്ജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് 4 മെഗാ വാട്ട് സോളാര്‍ പ്രോജക്ടാണ് ഒരുങ്ങുന്നത്.
വൈദ്യുതി ഉപഭോഗ ചെലവുകളും കാര്‍ബണ്‍ ഫൂട്ട് പ്രിന്റും കുറയ്ക്കാന്‍ സഹായകമാകുന്ന പ്രോജക്ടാണ് ഒരുങ്ങുന്നത്. കൊച്ചി വിമാനത്താവളത്തില്‍ വിജയം കണ്ട പദ്ധതിയാണ് കണ്ണൂരിലും നടപ്പിലാക്കുന്നത്.
രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ ബാഹ്യ വൈദ്യുതി സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.
വിമാനത്താവളത്തിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലുമാണ് സോളാര്‍ പ്രോജക്ട് സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നത്. പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്കു മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക വഴി വിമാനത്താവളത്തിന്റെ സേവന നിലവാരം വര്‍ദ്ധിപ്പിക്കുവാനും സൗകര്യം മെച്ചപ്പെടുത്താനും സാധിക്കും.
ഈ സാമ്പത്തിക വര്‍ഷത്തിനുളളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി മുഖേന വിമാനത്താവളത്തിന് ഗണ്യമായ സാമ്പത്തിക ലാഭം ഉണ്ടായേക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ഈ സംരംഭം വ്യോമയാന മേഖലയില്‍ ഹരിത ഊര്‍ജ്ജം സ്വീകരിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുമെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവും പാരിസ്ഥിതിക ബോധവും കൂടുതല്‍ ബലപ്പെടുത്തുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണെന്നും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: