തിരുവനന്തപുരം: നടന് മധുവിന്റെ വീട്ടിലെത്തി 91ാം ജന്മദിന ആശംസകളറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. മധുവിന്റെ കണ്ണമ്മൂലയിലെ വസതിയില്‍ എത്തിയാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ആശംസയര്‍പ്പിച്ചത്. മധുവിന്റെ ജന്മനക്ഷത്രം വലിയൊരു ആഘോഷമാക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് മാധ്യമങ്ങളോട് സുരേഷ് ഗോപി വെളിപ്പെടുത്തി.
അതിനുള്ള അനുവാദം അദ്ദേഹം തന്നിട്ടുണ്ടെന്നും വളരെ ചെറിയ രീതിയില്‍ ഇവിടെ വച്ചു തന്നെ ആഘോഷം നടത്താനാണ് ആലോചിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ലാലിനെയും മമ്മൂക്കയെയും വിളിച്ച് സംസാരിച്ച ശേഷം ഉറപ്പിക്കും. അദ്ദേഹത്തിന് ഇവിടെ തന്നെയാണ് താല്പര്യം. അവരുടെ സൗകര്യം കൂടി നോക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘ചോതി’ നക്ഷത്രക്കാരനായ മധുവിന്റെ നാള് അനുസരിച്ചുള്ള പിറന്നാള്‍ വരുന്ന 5ന് ആണ്.
ഏറെ നേരം മധുവിനും കുടുംബത്തിനൊപ്പം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. രാധികയുടെ അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രി ആയതിനുശേഷം ഇതാദ്യമായാണ് സുരേഷ് ഗോപി മധുവിനെ നേരില്‍ കാണുന്നത്. സുരേഷ് ഗോപിക്ക് സ്നേഹോപഹാരമായി മധു സ്വർണ മോതിരവും സമ്മാനിച്ചു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്രതാരങ്ങൾ സമൂഹമാധ്യമത്തിലൂടെ മധുവിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: