കൊച്ചി: കേരളത്തില്‍ നിന്നുള്ള സൈക്ലിസ്റ്റുകളായ ജേക്കബ് ജോയിയും ഫെലിക്സ് അഗസ്റ്റിനും ലോകത്തിലെ ഏറ്റവും കഠിനവും പ്രശസ്തവുമായ സൈക്ലിംഗ് ഇവന്റുകളില്‍ ഒന്നായ നോര്ത്ത്കേപ്പ് 4000 അള്‍ട്രാ എന്‍ഡ്യൂറന്‍സ് സൈക്കിള്‍ സാഹസികത പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടം കൈവരിച്ചു. യാത്രയിലുടനീളമുണ്ടായ അവിസ്മരണീയമായ അനുഭവങ്ങള്‍ ഇരുവരും പങ്കുവച്ചു. ഡിസം. 4, 5 തീയതികളില്‍ നടക്കാനിരിക്കുന്ന ടൈക്കോണ്‍ 2024 ന് മുന്നോടിയായി ടൈ കേരള സംഘടിപ്പിച്ച സെഷനിലാണ് ഇരുവരും യാത്രയിലെ അനുഭവങ്ങള്‍ പങ്കിട്ടത്. ടൈക്കോണ്‍ സമ്മേളനത്തിന് മുന്നോടിയായി ലീഡ് അപ്റ്റു ടൈക്കോണ്‍ എന്ന പരമ്പരയിലാണ് ആവേശകരമായ അനുഭവങ്ങള്‍ വിവരിച്ചത്.
ടൈ കേരള പ്രസിഡന്റ്് ജേക്കബ് ജോയ് ജാക്കോബി പ്രമുഖ സംരംഭക കുടുംബത്തിലെ അംഗവും ഫെലിക്സ്് അഗസ്റ്റിന്, ഇന്‍വസ്റ്റ്മെന്റ് ബാങ്കര്‍, കോസ്റ്റ് അക്കൗണ്ടന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
ഏഴ് യൂറോപ്യന്‍ രാജ്യങ്ങളിലായി 4,168 കിലോമീറ്റര്‍ പിന്നിട്ട് 20 ദിവസങ്ങള്‍ കൊണ്ട് നോര്‍ത്ത് കേപ്പ് 4000 കീഴടക്കുന്ന ആദ്യ കേരളീയര്‍ എന്ന നേട്ടവുമായാണ് ഇരുവരും മടങ്ങിയെത്തിയത്. ഇറ്റലിയില്‍ നിന്ന് ആരംഭിച്ച്, ഓസ്ട്രിയ, ജര്‍മനി, ഡെന്മാര്ക്ക്, സ്വീഡന്, നോര്‍വേ എന്നിവിടങ്ങളിലൂടെയാണ് ഇവര്‍ യൂറോപ്പിന്റെ പ്രധാന ഭൂപ്രദേശത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള, ആര്‍ട്ടിക് സര്‍ക്കിളിന് 300 മൈല്‍ അപ്പുറമുള്ള നോര്‍ത്ത് കേപ്പിലേക്ക് എത്തിയത്. കഠിനമായ വഴികള്‍ പിന്നിട്ടാണ് സ്വപ്ന നേട്ടം കൈവരിച്ചതെന്ന് ഇരുവരും പറഞ്ഞു. കുത്തനെയുള്ള കയറ്റങ്ങളിലൂടെയും, കഠിനമായ കാലാവസ്ഥയിലൂടെയും ചരല് റോഡുകളും ഉരുളന്‍കല്ലുകള്‍ ഉള്ള ഭൂപ്രദേശങ്ങളിലൂടെയും സൈക്ളിംഗ് നടത്തിയത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് ജേക്കബ് ഓര്‍മിക്കുന്നു. ആന്‍ഡ്രിയ ടോസിയും ആന്‍ഡ്രിയ ബോര്ച്ചിയും ചേര്‍ന്ന് സംഘടിപ്പിച്ച അള്‍ട്രാ എന്‍ഡ്യൂറന്‍സ് സൈക്കിള്‍ സാഹസികതയില്‍ 45-ലധികം രാജ്യങ്ങളില്‍ നിന്നുള്ള സൈക്ലിസ്റ്റുകള്‍ക്ക് ഒപ്പമാണ് ജേക്കബും ഫെലിക്സും പങ്കെടുത്തത്.
കൊവിഡ്-19 പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സഹ സൈക്ലിസ്റ്റിന് പിന്‍വാങ്ങേണ്ടി വന്നതും ഒരു വിദൂര നഗരത്തില്‍ പെഡല്‍ തകരാറിലായപ്പോള്‍ പ്രദേശവാസിയയായ മാര്ട്ടിന് അഭയം നല്കിയ രാത്രിയും ജേക്കബ് സ്നേഹപൂര്‍വ്വം ഓര്‍ത്തെടുത്തു.
‘നരകത്തിന്റെ കവാടം’ എന്ന് വിളിപ്പേരുള്ള 7 കിലോമീറ്റര്‍ ദുര്‍ഘടമായ തുരങ്കത്തിലൂടെ സഞ്ചരിച്ചതും കഠിനമായ ഇറക്കവും കയറ്റവും ഉള്‍പ്പെടെയുള്ള പ്രതികൂല നിമിഷങ്ങളെ മറികടന്നതും ഫെലിക്സ് പങ്കു വെച്ചു. ഭൂപ്രകൃതിയുടെ ഭംഗിയും അര്‍ദ്ധരാത്രി വെയിലില്‍ സൈക്കിള്‍ ചവിട്ടിയതും മറക്കാനാവില്ലെന്നും ഫെലിക്സ് കൂട്ടിച്ചേര്‍ത്തു. ഫെലിക്സിന്റെയും ജേക്കബിന്റെയും കഥ സ്ഥിരോത്സാഹം, ആസൂത്രണം, ടീം വര്‍ക്ക്, അശ്രാന്ത പരിശ്രമം എന്നിവയുടെ പ്രചോദനകരമായ അനുഭവങ്ങളാണ്. ‘യാത്ര ദുഷ്കരമായിരുന്നു, പക്ഷേ ഞങ്ങള്‍ നേടിയ ഓര്‍മകളും പാഠങ്ങളും ജീവിതകാലം മുഴുവന്‍ നിലനില്ക്കും,’ ഫെലിക്സ് പറഞ്ഞു. ടൈക്കോണ്‍ കേരള 2024 ചെയര്‍മാനും വൈസ് പ്രസിഡന്റുമായ വിവേക് കൃഷ്ണഗോവിന്ദ്, വൈസ് പ്രസിഡന്റ് ജീമോന്‍ കോര എന്നിവര്‍ സെഷനില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: