ബ്രഹ്മാണ്ഡം മുഴുവന്‍ ഊര്ജസ്വരൂപമാണെന്നത് ഇരുപതാം നൂറ്റാണ്ടിലെ ഭൗതിക ശാസ്ത്രം തെളിയിച്ചു കഴിഞ്ഞുവല്ലോ. ഭാരതീയരാവട്ടെ, വൈദിക കാലത്തുതന്നെ ഈ സത്യം തിരിച്ചറിയുകയും, പ്രപഞ്ചശക്തിയെ ഉപാസിക്കുകയും ചെയ്തിരുന്നു. ശക്തിയെ പ്രകീര്‍ത്തിക്കുന്നതിന്റെ ആരംഭം വേദങ്ങളില്‍ കാണാമെങ്കിലും പില്ക്കാലത്ത് താന്ത്രിക വിദ്യയുടെ രൂപത്തില്‍ ഇതൊരു പ്രതേ്യക സമ്പ്രദായമായി വളര്‍ന്നു. ആത്യന്തിക സത്യമാകുന്ന ബ്രഹ്മത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ശക്തിയാണ് പ്രപഞ്ചത്തിലെ വസ്തുക്കളായി മാറുന്നത്. പരിണമിക്കുന്നതിന് മുന്‍പുള്ള ശക്തിയുടെ തനതായ സ്വരൂപം ആനന്ദമാണ്. ഇതിന്റെ അനുഭവമാണ് ബ്രഹ്മാനന്ദം എന്നറിയപ്പെടുന്നത്. ഈ ശക്തിയെ ആദിശക്തി, പരാശക്തി, മഹാമായ, യോഗമായ എന്നിങ്ങനെയെല്ലാം വിളിക്കുന്നു. ബ്രഹ്മത്തിന്റെ തന്നെ ഉള്ളടക്കമായതിനാല്‍ ഈ പ്രപഞ്ചശക്തിയെ ബ്രഹ്മമെന്നും വിളിക്കാറുണ്ട്. ഛാന്ദോഗ്യ ഉപനിഷത്തില്‍ മുന്നാമദ്ധ്യായത്തില്‍ പറയുന്നത് ഇങ്ങനെയാണ്:
സര്‍വ്വം ഖല്വിദം ബ്രഹ്മ
തജ്ജലാനിതി ശാന്ത ഉപാസീത
(ഇതെല്ലാം ബ്രഹ്മമാകുന്നു. ബ്രഹ്മത്തില്‍ നിന്ന് ജനിക്കയും അതില്‍ ചരിക്കയും അതില്‍ത്തന്നെ ലയിക്കയും ചെയ്യുന്നുവെന്നറിഞ്ഞ് പ്രശാന്ത ചിത്തനായി ഉപാസിക്കണം)
ഇവിടെ ‘തജ്ജലാന്‍’ എന്ന വാക്ക് ജഗത്തിന്റെ ഉദ്ഭവസ്ഥിതിലയങ്ങള്ക്ക് ആധാരം ബ്രഹ്മമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് (തത്ജം = അതില്‍ നിന്നു ജനിക്കുന്നത്, തത്ലം = അതില്‍ ലയിക്കുന്നത്, തത് അന് = അതില്‍ ചേഷ്ടിക്കുന്നത്).
താന്ത്രിക വിദ്യയും ക്ഷേത്രാരാധനയും
ക്ഷേത്രാരാധന ആത്മീയതയിലേക്കുള്ള മഹാ സാധനയാണെന്നത് മിക്കവാറും വിസ്മൃതിയിലാണ്ടു പോകുന്നു. താന്ത്രിക വിദ്യയുടെ പ്രതീകമാണ് ക്ഷേത്രവും പ്രാണപ്രതിഷ്ഠയും. അതിനാല്‍ ക്ഷേത്രാരാധന ആത്മീയ മാര്ഗങ്ങളില്പ്പെടുന്ന അനുഷ്ഠാനമാകുന്നു. ജ്ഞാനം, ധ്യാനം, കര്‍മ്മം, ഭക്തി എന്നിവയുടെ സമുച്ചയമാകുന്ന ഈ ആരാധനാ സമ്പ്രദായം മറ്റ് ആത്മീയ സാധനകളെ അപേക്ഷിച്ച് വളരെ സങ്കീര്ണ്ണമായിട്ടുള്ളതാണ്. കാരണം ശക്ത്യുപാസനയാകുന്ന ഈ മാര്‍ഗ്ഗത്തില്‍ ആദ്യം സാധകനില്‍ വിചാരവികാരങ്ങളായി വിവിധ രീതിയില്‍ പരിണമിച്ചുനില്‍ക്കുന്ന ശക്തികളെ മുഖ്യപ്രാണനായി അയാളുടെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ആദിശക്തിയില്‍ ലയിപ്പിക്കേണ്ടതുണ്ട്. പിന്നീട് ഈ ശക്തി, വ്യക്തിയുടെ ഉള്ളില്‍ത്തന്നെ വസിക്കുന്ന ശുദ്ധ ബോധസ്വരൂപവുമായി ഒന്നിച്ചിരിക്കുന്ന അവസ്ഥയിലേക്ക് സാധകന് നീങ്ങേണ്ടതുണ്ട്. ഇതാണ് ബ്രഹ്മമെന്ന ആത്യന്തിക സത്യത്തിന്റെ അവസ്ഥ. ഇതുതന്നെയാണ് വ്യഷ്ടിയുടെ മോക്ഷാവസ്ഥയും.
പരാശക്തിയെ ചിലപ്പോള്‍ ആത്യന്തിക സത്യമാകുന്ന ബ്രഹ്മമെന്നും വിളിക്കാറുണ്ട്. ബ്രഹ്മവും പരാശക്തിയും ഒന്നാണോ? അല്ലെങ്കില്‍ അവ തമ്മിലുള്ള വ്യത്യാസവും ബന്ധവും എന്താണ്? ഇവിടെ ഗീതയില്‍ ബ്രഹ്മത്തെ കൂടസ്ഥന്‍’എന്നു വിളിക്കുന്നതിന്റെ പൊരുള്‍ ഉദാഹരിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. ഒരു കൊല്ലന്റെയോ കുംഭകാരന്റെയോ കൂടത്തില്‍ ചലിക്കാതെ ഉറച്ചുനില്‍ക്കുന്ന ഒരു ദണ്ഡും, അതിന്മേല്ത്തന്നെ ഘടിപ്പിച്ചിട്ടുള്ളതും എന്നാല്‍ ചലിക്കുന്നതുമായ മറ്റൊരു യന്ത്രവും കാണാം. ഇപ്രകാരമാണ് നിശ്ചലമായിട്ടുള്ള ബോധസ്വരൂപവും (ചിത് സ്വരൂപവും) ചലിക്കുന്ന പ്രപഞ്ചശക്തിയും ഒന്നിച്ചിരിക്കുന്നത്. ബ്രഹ്മത്തിലെ ബോധസ്വരൂപം അഥവാ പുരുഷന് ചലിക്കുന്നില്ല. എന്നാല്‍ ശക്തി പരിണാമവിധേയമായിക്കൊണ്ട് പ്രപഞ്ച വസ്തുക്കളെയും ജീവികളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചശക്തിക്ക് ബ്രഹ്മത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാനാവില്ല. അത് ബ്രഹ്മത്തിന്റെ തന്നെ ഉള്ളടക്കമാണ്. പ്രളയാവസ്ഥയില്‍ ഈ ശക്തിയും ചലിക്കാതെ ഇരിക്കുന്നതിനാല്‍ ബ്രഹ്മം ചിത്ശക്തി അഥവാ ചിദാനന്ത സ്വരൂപം മാത്രമാകുന്നു. സൃഷ്ടി നടന്നുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ബോധസ്വരൂപം നിശ്ചലനും ശക്തിസ്വരൂപം പലതായി മാറിക്കൊണ്ടുമിരിക്കുന്നു. ഇവിടെ ഈശാവാസ്യ ഉപനിഷത്തിലെ നാലാമത്തെ മന്ത്രം ശ്രദ്ധിക്കാം:
അനേജദേകം മനസോ ജവീയോ
നൈനദ്ദേവാ ആപ്നുവന്‍ പൂര്‍വ്വമര്‍ഷത്
തദ്ധാവതോƒന്യാനതേ്യതി തിഷ്ഠത്
തസ്മിന്നപോ മാതരിശ്വാ ദധാതി
(ഏകനായ പരബ്രഹ്മം അഥവാ ഈശ്വരന് ചലിക്കില്ലെങ്കിലും മനസ്സിനെക്കാള്‍ വേഗത കൂടിയവനാണ്. ദേവകള്‍ക്കും എത്താന്‍ സാധിച്ചില്ല. കാരണം അവന് അവര്‍ക്കും മുന്നേ ഗമിച്ചു. ഓട്ടത്തില്‍ അവന് മറ്റെല്ലാറ്റിനെയും അതിക്രമിക്കുന്നു. അവന് ഒരിടത്ത് സ്ഥിതിചെയ്തുകൊണ്ടുതന്നെ മഴയെയും കാറ്റിനെയും ധരിക്കുന്നു.)
സൃഷ്ടിക്കു മുന്‍പ് ആത്യന്തിക സത്യമായ ഈശ്വരന് ഏകനായിരുന്നു. എന്നാല്‍ സൃഷ്ടി തുടങ്ങുമ്പോള്‍ സ്വയം ഒരു പരിണാമവും സംഭവിക്കാതെ തന്നെ, ആ ശക്തിയുടെ ഒരംശം പരിണമിക്കുന്നു. അതിനാല്‍ ഈശ്വരന് ചലിക്കുന്നില്ലെങ്കിലും ഈശ്വരശക്തി ചലിച്ചുകൊണ്ടിരിക്കുന്നു. ഈ ഉപനിഷത്തിലെ അഞ്ചാമത്തെ മന്ത്രത്തിന്റെ തുടക്കവും ‘തദേജതി തന്നൈജതി'(അത് ചലിക്കുകയും ചലിക്കാതിരിക്കുകയും ചെയ്യുന്നു)എന്നതാണ്.
ദേവകള്‍ എന്നു വിളിക്കപ്പെടുന്നത് സൃഷ്ടിയിലെ ചില അടിസ്ഥാന ഘടകങ്ങളായ ഭഗവത് ശക്തിസ്വരൂപങ്ങളാണ്. സൃഷ്ടി ക്രമത്തില്‍ ഭഗവത് ശക്തി ആദ്യം മഹത്, അഹം, ത്രിഗുണങ്ങള്‍, പതിനൊന്ന് ഇന്ദ്രിയ ദേവതകള്‍, അഞ്ച് തന്മാത്രകള്, പഞ്ചഭൂതങ്ങള്‍ എന്നിങ്ങനെ ചില അടിസ്ഥാന തത്ത്വങ്ങളായി രൂപംകൊള്ളുന്നു. രണ്ടാമതായി ഈ അടിസ്ഥാന തത്ത്വങ്ങളെക്കൊണ്ട് പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നു. ഇവിടെ അടിസ്ഥാന തത്ത്വങ്ങളായിട്ടുള്ള ദേവതകളാല്‍ പ്രപഞ്ചത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നുവെങ്കിലും ഈ ദേവകള്‍ക്കും ആധാരമായി ഈശ്വരന് നിലകൊള്ളുന്നു.
മനുഷ്യന്റെ മനസ്സിനോ ദേവതകള്‍ക്കോ ഈശ്വര ശക്തിയെ അതിക്രമിക്കാന്‍ സാധ്യമല്ല. കാരണം അതിന് അവരെക്കാള്‍ വേഗതയുണ്ട്. ഇതിന്റെ സാരം ഒരുദാഹരണം കൊണ്ട് വ്യക്തമാകുന്നതാണ്. ഒരു മണ്‍കുടം രൂപപ്പെട്ടുവരാന്‍ ആദ്യം അതിനായുള്ള ദ്രവ്യം, അതായത് മണ്ണ് തയ്യാറാക്കപ്പെടുന്നു. കുടത്തിന്റെ നിര്‍മാണം തുടങ്ങുമ്പോഴും നടന്നു കഴിഞ്ഞിട്ടുമൊക്കെ ഉണ്ടാവുന്നത് മണ്ണാണ്. കുടം ഉണ്ടാകുന്നതിനുമുമ്പും കുടം ഉണ്ടായിരിക്കുമ്പോഴും അത് ഉടഞ്ഞശേഷവും മണ്ണ് ഉണ്ടായിരിക്കുന്നതാണ്. ഇവിടെ ഒരവസ്ഥയിലും കുടത്തിന് മണ്ണിനെ അതിക്രമിക്കാന്‍ സാധ്യമല്ല. ഇതേപ്രകാരം സൂക്ഷ്മലോകത്തെ ദേവതകളും സ്ഥൂലലോകത്തെ വസ്തുക്കളും ഈശ്വരശക്തിയാല്‍ നിര്‍മിതമാണ്.
തന്ത്രവിദ്യയനുസരിച്ചും നിഷ്ക്രിയനായി സ്വരൂപ വ്യത്യാസമില്ലാതെ സ്ഥിതിചെയ്യുന്ന ശിവനും, ക്രിയാശീലയായ ശക്തിയും ചേര്‍ന്നതാണ് ബ്രഹ്മം. ഇവിടെ ശിവന്’ത്രിമൂര്‍ത്തികളില്‍ ഒന്നായ താമസികഗുണാധിപനായ ശിവനല്ല, ത്രിഗുണാതീതനായിട്ടുള്ള കേവലബോധസ്വരൂപത്തിന്റെ (ുൗൃല മംമൃലില)ൈ അവസ്ഥയാണ്. ഇപ്രകാരം തന്ത്രശാസ്ത്രത്തിലെ ബ്രഹ്മത്തിലും ചിത്സ്വരൂപത്തിന്റെ നിഷ്ക്രിയത്വവും ശക്തിയുടെ സര്ഗക്രിയയും ഒന്നിച്ചു സ്ഥിതിചെയ്യുന്നതാണ്. അതായത് ബ്രഹ്മത്തില്‍ത്തന്നെയാണ് പ്രപഞ്ചശക്തിയും പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: