കോഴിക്കോട്: ഭാരതപ്പുഴയ്‌ക്ക് കുറുകെ തിരുനാവായ-തവനൂര്‍ പാലം പണിക്കെതിരെ സാങ്കേതികവിദഗ്ധന്‍ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാകുന്നത് പാലം പണിയിലെ സാങ്കേതികപ്പിഴവും അലൈന്‍മെന്റ് നിശ്ചയിച്ചതില്‍ ചിലര്‍ക്കുള്ള ഗൂഢതാത്പ്പര്യവും. ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിച്ചതും നീതി നടത്തുന്നതില്‍നിന്ന് കോടതിയെ തടയാനുള്ള ശ്രമങ്ങളും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. സപ്തംബര്‍ മൂന്നിനാണ് ഹര്‍ജി നല്‍കിയത്. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രൂപരേഖയില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാണ്.
കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാലത്തിന്റെ നീളം സംബന്ധിച്ച വിവരം തെറ്റാണ്. പ്രക്ഷോഭങ്ങളും നിവദേനങ്ങളും പാലം പണിക്കെതിരെ ശക്തമായിരിക്കെ തയാറെടുപ്പുകളില്ലാതെ നിര്‍മാണം ഉദ്ഘാടനം ചെയ്തത്, കോടതിയെ കേസില്‍ ഇടപെടുന്നതില്‍നിന്ന് വിലക്കാന്‍ നടത്തിയ കബളിപ്പിക്കലാണ്. പാലം എത്തിച്ചേരേണ്ട മറുകരയില്‍ സ്ഥലം ഏറ്റെടുപ്പ് നടത്താതെയാണ് എതിര്‍കരയില്‍ സപ്തംബര്‍ എട്ടിന് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തത്.
പാലം കടന്നുപോകുന്നത് കേരള ഗാന്ധി കേളപ്പജിയുടെ സമാധി സ്മാരകത്തിന് 15 മീറ്റര്‍ ചേര്‍ന്നാണ്. കാലക്രമത്തില്‍ ഈ ചരിത്രസ്മാരകം തകര്‍ന്നുപോകും. ഗാന്ധിജിയുടെ സമാധിസ്ഥാനമായ ദല്‍ഹിയിലെ രാജ്ഘട്ടിന് ചേര്‍ന്ന് ഇങ്ങനെയൊരു റോഡ്-റെയില്‍ നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കുമോ എന്ന് ഹര്‍ജിയില്‍ ചോദിക്കുന്നു.
പാലത്തിന്റെ അലൈന്‍മെന്റ് പുഴയുടെ തീരത്തിന് 70 ഡിഗ്രി ആംഗിളിലാണ്. എന്നാല്‍ ത്രിമൂര്‍ത്തി ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിച്ച് പാലം നിര്‍മിക്കാനുള്ള ഈ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റിയാല്‍ 70 മീറ്റര്‍ പാലത്തിന്റെ നീളം കുറയ്‌ക്കാം. അതായത്, സര്‍ക്കാര്‍ പദ്ധതിപ്രകാരം 805 മീറ്ററാണ് നീളം. (ഇത് 867 മീറ്ററാണെന്നാണ് കോടതിയെ ധരിപ്പിച്ചിരിക്കുന്നത്). അലൈന്‍മെന്റ്, പാലം ഇപ്പോള്‍ അവസാനിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നിടത്തുനിന്ന് 200 മീറ്റര്‍ മാറ്റിയാല്‍ നീളം 735 മീറ്ററാകും. ഒരു മീറ്റര്‍ നിര്‍മാണത്തിന് ആറ് ലക്ഷമാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. മെട്രോമാന്‍ ശ്രീധരന്‍ സമര്‍പ്പിച്ച പദ്ധതിപ്രകാരമാണെങ്കില്‍ 4.2 കോടി രൂപ പൊതുഖജനാവിന് ലാഭിക്കാം. എന്നാല്‍ പാലം കടന്നുപോകുന്നിടത്തെ പ്രസിദ്ധമായ ശിവക്ഷേത്രത്തിന്റെ മതില്‍ ഇതിനകം പൊളിച്ചുകഴിഞ്ഞു. ഈ സ്ഥലം അക്വയര്‍ ചെയ്യാതെയാണ് പൊളിക്കല്‍ നടപടി. പാലം വരുന്നതോടെ തിരുനാവായയില്‍ ബലിതര്‍പ്പണം നടക്കുന്ന ബ്രഹ്മാ-വിഷ്ണു-ശിവക്ഷേത്ര ത്രയങ്ങളിലേക്കുള്ള സുഗമപ്രവേശനം തടയപ്പെടും.
കേളപ്പജി സമാധി, സര്‍വോദയ സംഘം കെട്ടിടം തുടങ്ങിയവ തകര്‍ത്തുകൊണ്ട് പാലം വരുന്നതിനെ 2010-ല്‍ത്തന്നെ സര്‍വോദയ സംഘം എതിര്‍ത്തതാണ്. അവരുടെ അനുമതിയും അറിവുമില്ലാതെയാണ് പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്.
പാലം പണിയെ ഇ. ശ്രീധരന്‍ എതിര്‍ക്കുന്നുവെന്ന ആക്ഷേപവും ഹര്‍ജിയില്‍ നിരസിക്കുന്നുണ്ട്. പാലം പണിക്ക് എതിരല്ല, മറിച്ച് പാലം അവസാനിക്കുന്ന കരയില്‍ 200 മീറ്റര്‍ പടിഞ്ഞാറ് ഭാഗത്തേക്ക് അലൈന്‍മെന്റ് മാറ്റിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് ഹര്‍ജിയിലെ വിശദീകരണം.
പാലം പണി ഉദ്ഘാടനം ചെയ്തത് തിരുനാവായ ഭാഗത്ത് ഒരു തൂണ്‍ സ്ഥാപിക്കാനുള്ള ഭാരപരിശോധന മാത്രം നടത്തിക്കൊണ്ടാണ്. തവനൂര്‍ ഭാഗത്ത് സ്ഥലം ഏറ്റെടുക്കല്‍ പോലും നടത്തിയിട്ടില്ല. കേരള ഗാന്ധി കേളപ്പജിയുടെ സ്മാരകം തകര്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റുന്നതിന് സാങ്കേതിക തടസമില്ല. അങ്ങനെ മാറ്റിയാല്‍ ക്ഷേത്രങ്ങളുടെ തകര്‍ച്ച സംഭവിക്കില്ല. പാലത്തിന് 70 മീറ്റര്‍ നീളം കുറയും. കേളപ്പജിയുടെ സ്മാരകം തകരില്ല. വിശ്വാസികളുടെ വികാരങ്ങള്‍ ഹനിക്കപ്പെടുന്നുവെന്ന ആക്ഷേപം ഉയരില്ല.
പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിയാല്‍, ബ്രഹ്മസ്വം മഠത്തിന്റെ സമീപത്ത് വേണ്ടിവരുന്ന 15 സെന്റ് ഭൂമി നല്‍കാന്‍ ശ്രീധരന്‍ എന്ന ഉടമ തയാറാണെന്ന് അറിയിച്ചിട്ടുള്ളതാണ്. അലൈന്‍മെന്റ് മാറ്റുന്നതിനാല്‍ പാലം പണി വൈകാന്‍ ഇടവരില്ല. കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അത് യഥാവിധി നിര്‍വഹിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുള്ളവരാണ്. ആവശ്യമെങ്കില്‍ സാങ്കേതിക സഹായ ഉപദേശം നല്‍കാന്‍ തയാറാണെന്നും ഇ. ശ്രീധരന്‍ റിട്ടില്‍ പറയുന്നു.
നാല് അഭ്യര്‍ത്ഥനയാണ് റിട്ട് ഹര്‍ജിയില്‍. ഇന്നത്തെ രീതിയില്‍ പാലം പണിയുന്നത് തടയണം. ത്രിമൂര്‍ത്തി ക്ഷേത്രത്തിന്റെ പവിത്രത തകര്‍ക്കാതിരിക്കാന്‍ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിണം. കേളപ്പജിയുടെ സമാധി സര്‍ക്കാര്‍ തന്നെ നിര്‍മിച്ച് പഴയപടിയാക്കണം. ഹര്‍ജിക്കാരന്‍ നല്‍കിയ നിവേദനങ്ങള്‍ അവഗണിച്ചതാണ് ഈ പൊതുതാത്പര്യ ഹര്‍ജിക്ക് ഇടയാക്കിയത്. അതിനാല്‍ കോടതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിക്കാരന് നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക