ഷിരൂര്‍ : ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തെരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍. ചൊവ്വാഴ്ച കാലാവസ്ഥാ വിഭാഗം ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചില്‍ തുടരുകയെന്നും എംഎല്‍എ അറിയിച്ചു.
സാഹചര്യം അനുകൂലമല്ലെങ്കില്‍ തത്്കാലം ഒരു ദിവസം മാത്രമേ തെരച്ചില്‍ നിര്‍ത്തുകയുളളൂ.നാവിക സേനയും ഐബോഡും കണ്ടെത്തിയ ഇടങ്ങളില്‍ ആണ് പരിശോധന തുടരുന്നത്. അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി കണക്കിലെടുത്താണ് പരിശോധന.
അതേസമയം ഗംഗാവലി പുഴയില്‍ തിങ്കളാഴ്ച നടത്തിയ തെരച്ചിലില്‍ ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ കണ്ടെത്തിയെങ്കിലും അത് അര്ജുന് ഓടിച്ചിരുന്ന ലോറിയുടേതല്ലെന്നാണ് നിഗമനം.നാല് ടയറുകളോട് കൂടിയ പിന്‍ഭാഗമാണ് കണ്ടെത്തിയത്.നാവികസേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
അതേ സമയം, മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് കണ്ടെത്തിയ അസ്ഥി പശുവിന്റേതാണെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: