91-ന്റെ നിറവില്‍ മലയാളത്തിന്റെ ഭാവാഭിനയ ചക്രവർത്തി മധു.മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തില്‍ മധു എന്ന മഹാ നടന്റെ പങ്ക് വളരെ വലുതാണ്. പുറക്കാട് കടപ്പുറത്ത് കറുത്തമയെ തേടി നടന്ന പരീക്കുട്ടിയെന്ന കാമുകൻ നടന്നു കയറിയത് സിനിമാസ്വാദകരുടെ ഹൃദയത്തിലേക്ക് കൂടിയാണ്. ഈ കാലഘട്ടത്തിലും പരീക്കുട്ടി മലയാളികളുടെ ഹീറോയാണ്. 1962-ലാണ് മാധവൻ നായർ എന്ന മധു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
1963-ല്‍ പുറത്തിറങ്ങിയ മൂടുപടമെന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പ്രേംനസീറും സത്യനുമൊക്കെ അരങ്ങുവാണിരുന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. അഭിനയമികവില്‍ മധുവിന്റെ അസമാന്യത മലയാള സിനിമാസ്വകർ ഏറ്റെടുത്തു. ഇന്നും അത് തുടർന്നുവരുന്നു. മൂന്ന് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയില്‍ നായകവേഷത്തിലും അല്ലാതയെും മധു തിളങ്ങി. മാധവൻ നായർ എന്ന വ്യക്തി മധുവായത് മലയാള സിനിമയുടെ വളർച്ചൊക്കപ്പമാണ്. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബർ 23നാണ് ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങള്‍ക്ക് അവധി നല്‍കി പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
ബനാറസ് ഹിന്ദു സർവകലാശാലയില്‍നിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതല്‍ 1959 വരെയുള്ള കാലഘട്ടത്തില്‍ നാഗർകോവിലിലെ എസ് ടി ഹിന്ദു കോളേജിലും സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. അദ്ധ്യാപന കാലത്തും അഭിനയ മോഹം മാധവൻ നായർ കൈവിട്ടില്ല. അങ്ങനെയൊരിക്കല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തില്‍ കണ്ട അദ്ദേഹം ജോലി രാജിവച്ച് രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ടു. 1959-ല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് മധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: