മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വവും ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്ന പുതിയ ക്യാപ്സ്യൂള്‍ അഥവാ നറേറ്റീവ് മാധ്യമങ്ങള്‍ കേരളത്തെ അവഹേളിച്ചു എന്നതാണ്. ദുരന്തത്തിന്റെ പേരില്‍ എന്ത് കാരണം കൊണ്ടാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പെരുപ്പിച്ച കണക്ക് പൂര്‍ണ്ണമായും സത്യസന്ധതയില്ലാത്തതും സത്യപ്രതിജ്ഞാ ലംഘനവും ആണ്. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡം അനുസരിച്ച് കിട്ടുന്ന പണം കുറവായതുകൊണ്ട് കൂടുതല്‍ പണം കിട്ടാന്‍ ചെലവ് പ്രതീക്ഷിക്കുന്ന തുക എന്ന നിലയില്‍ കനത്ത തുക കാട്ടി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ മാധ്യമങ്ങളോട് പറഞ്ഞത്. വയനാട് ദുരന്തത്തെ തുടര്‍ന്ന് കേരള ഹൈക്കോടതിയില്‍ ദുരിതാശ്വാസം സംബന്ധിച്ച് ജെയിംസ് വടക്കന്‍ നല്കിയ കേസില്ലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിശദീകരണം സമര്‍പ്പിച്ചത്.
359 മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് 2.76 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണത്തിന് വാക്കുകള്‍ ഉദ്ധരിച്ചാല്‍ പ്രതീക്ഷിക്കുന്ന ചെലവായി കാട്ടിയത്. അതായത് ഒരു മൃതദേഹം സംസ്കരിക്കാന്‍ 75,000 രൂപ വീതം ചെലവായി എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. വാര്‍ത്താസമ്മേളനത്തില്‍ പ്രതീക്ഷിക്കുന്ന ചിലവിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശവസംസ്കാരത്തിന്റെ ചെലവ് കണക്കാക്കിയത് ഭൂമി വാങ്ങാനുള്ള ചെലവ്,ആ ഭൂമി തയ്യാറാക്കാന്‍ വേണ്ടിവന്ന ചെലവ്, കുഴിയെടുക്കാനുള്ള ചെലവ്,തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ പരിശോധനകള്‍ക്കായുള്ള ചെലവ്,ഓരോ മൃതദേഹവും തിരിച്ചറിയാനും രേഖപ്പെടുത്താനും ഉള്ള സംവിധാനം ഒരുക്കാനുള്ള ചെലവ് എന്നിങ്ങനെയാണ് ഒരു മൃതദേഹം സംസ്കരിക്കാന്‍ 75000 രൂപ വീതം ചെലവായി അല്ലെങ്കില്‍ ചെലവാകും എന്ന പ്രതീക്ഷിക്കുന്ന കണക്കിലേക്ക് സംസ്ഥാന ഭരണകൂടം എത്തിച്ചേര്‍ന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ സാധാരണക്കാരുടെ കാര്യം പറയുന്നില്ല അവരാരും ഇന്ന് മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വാക്കുകള്‍ കേള്‍ക്കുന്നില്ല, വിശ്വസിക്കുന്നില്ല, അനുസരിക്കുന്നില്ല എന്നതിന്റെ സൂചന ബ്രാഞ്ച് കമ്മിറ്റി മുതല്‍ മുകളിലോട്ടുള്ള പാര്‍ട്ടി സമ്മേളനങ്ങളില്‍ വ്യക്തമാണ്. ഈ കണക്ക് മന്ത്രിമാര്‍ തയ്യാറാക്കിയത് അല്ലെന്നും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ ആണെന്നും ആണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്തു വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും കേരളത്തില്‍ ഒരു മൃതദേഹം സംസ്കരിക്കാന്‍ 75000 ചെലവാകുന്നതിന്റെ കണക്ക് ആര്‍ക്കും ബോധ്യപ്പെടുന്നില്ല. ഓരോ മൃതദേഹവും സംസ്കരിക്കാന്‍ വയനാട്ടില്‍ സ്ഥലം വാങ്ങി എന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞതിന്റെ അന്തരാര്‍ത്ഥം. മാധ്യമങ്ങളെ പഴിക്കുകയും ഭര്‍ത്സിക്കുകയും ചെയ്യും മുമ്പ് ഈ കണക്ക് സിപിഎമ്മിന്റെ വയനാട് ജില്ലയിലെ ഭാരവാഹികളുടെ സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ക്കെങ്കിലും ബോധ്യപ്പെടുമോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കണം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പണം കിട്ടാന്‍ വേണ്ടി ദുരന്ത നിവാരണ മാനദണ്ഡം അനുസരിച്ച് കിട്ടുന്ന പണം കുറവായതുകൊണ്ട് കൂടുതല്‍ പണം കിട്ടാന്‍ വേണ്ടി ചെലവാകാന്‍ സാധ്യതയുള്ള തുക എന്ന നിലയില്‍ തയ്യാറാക്കിയതാണ് ഈ പട്ടികയിലെ തുകകള്‍ എന്ന് പറയുന്നത് തന്നെ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും സത്യസന്ധത ഇല്ലായ്മ വ്യക്തമാക്കുന്നു. .മാത്രമല്ല, ഇതേ രീതിയില്‍ തന്നെയാണ് മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കണക്കുകള്‍ നല്‍കിയിരുന്നതെന്നും അന്ന് ആരും ആക്ഷേപം പറഞ്ഞില്ല എന്നുമാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. യുഡിഎഫും മൊത്തം മോശമാണെന്നും അഴിമതിക്കാരും പെണ്ണുപിടിയന്മാരും ആണെന്നും ഇടതുപക്ഷം വരും എല്ലാം ശരിയാകും എന്നു പറഞ്ഞു വന്ന എല്‍ഡിഎഫ് എങ്ങനെയാണ് യുഡിഎഫ് ചെയ്തത് തന്നെയാണ് തങ്ങള്‍ ചെയ്തതെന്ന് അവകാശപ്പെടുന്നത്.
സത്യസന്ധം അല്ലാത്ത കണക്കുകള്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ തുക നേടിയെടുക്കാനുള്ള നീക്കം ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണെന്ന് മാത്രമല്ല സത്യപ്രതിജ്ഞാ ലംഘനം കൂടിയല്ലേ? ഭരണഘടനയുടെ അന്തസത്തക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടത്തിന് ഇത്തരത്തില്‍ പെരുപ്പിച്ച കണക്ക് കാട്ടി ഇത്രയും ചെലവ് ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞ് പണം വാങ്ങുന്ന നടപടി ശരിയാണോ?
മുഖ്യമന്ത്രി തന്നെ പറഞ്ഞത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന സന്നദ്ധ സംഘടനകള്‍ ആരും പണം വാങ്ങിയിട്ടില്ല എന്നാണ്. പക്ഷേ സര്‍ക്കാര്‍ സംവിധാനത്തില്‍ വന്ന ദ്രുത കര്‍മ്മ സേനയ്ക്കും മറ്റും പണം നല്‍കിയതായാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. സംഘടനകള്‍ക്ക് അല്ലെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് യൂസര്‍ നല്കിയ വകയില്‍ 2. 98 കോടി രൂപ ചെലവഴിച്ചു എന്നാണ് പറയുന്നത്. ഒരു ടോര്‍ച്ചും മഴക്കോട്ടും കുടയും ഷൂവും അടക്കമുള്ള ഒരു സെറ്റിന് പരമാവധി വന്നാല്‍ 5000ത്തിനും പതിനായിരത്തിനും ഇടയിലേ ചെലവ് വരൂ . അത് എത്ര തുക വരും. മൂന്നു കോടി രൂപ ഇതിന് വകയിരുത്തുമ്പോള്‍ അല്ലെങ്കില്‍ ചെലവായി എന്ന് കാട്ടുമ്പോള്‍ കേന്ദ്രസര്ക്കാരിലിരിക്കുന്നത് മുഴുവന്‍ പൊട്ടന്മാരാണ് എന്നാണോ മുഖ്യമന്ത്രി കരുതുന്നത്. ബെയിലി പാലത്തിന്റെ അടിയില്‍ കല്ലുനിരത്താന് ഒരു കോടി രൂപ, 17 ദുരിതാശ്വാസ ക്യാമ്പുകളില്‍ 30 ദിവസത്തേക്ക് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ചെലവ് ഏഴ് കോടി രൂപ, വ്യോമസേനയുടെ ഹെലികോപ്റ്റര്‍ എയര്‍ ലിഫ്റ്റിംഗ് നടത്തിയതിനുള്ള ചെലവ് 17 കോടി രൂപ, ദുരിതബാധിതരെ ഒഴിപ്പിക്കാന്‍ ഉപയോഗിച്ച വണ്ടികളുടെ വാടക 12 കോടി രൂപ,സൈന്യം, സന്നദ്ധ സേവകര്‍ എന്നിവരുടെ യാത്രാക്കൂലി വകയില്‍ നാലു കോടി രൂപ, മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കിയതിന് രണ്ടു കോടി രൂപ, സൈന്യം,
സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് താമസസൗകര്യം ഒരുക്കിയതിന് 15 കോടി രൂപ ഇങ്ങനെ പോകുന്നു കണക്ക്. സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം കോടതിയില്‍ സമര്‍പ്പിച്ച ഈ കണക്ക് പുറത്തു വിട്ടതിനാണ് മാധ്യമങ്ങള്‍ കേരളത്തെ അവഹേളിച്ചു എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്.
ഈ കണക്ക് പുറത്തുവിട്ട മാധ്യമങ്ങള്‍ കേരളത്തെ അപമാനിക്കുകയല്ല കേരളത്തിന്റെഅഭിമാനം രക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു സംസ്ഥാന ഭരണകൂടം പെരുപ്പിച്ച കണക്ക് കാട്ടി രാജ്യത്തിന്റെ മുന്നില്‍ അപഹാസ്യരാകുമ്പോള്‍ ഇത് കള്ളക്കണക്കാണെന്ന് രാജ്യത്തെയും ലോകത്തെയും ബോധ്യപ്പെടുത്തിയ മാധ്യമങ്ങള്‍ അവരുടെ സത്യസന്ധത ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് ചെയ്തത്. ഇത് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പണം കണ്ടെത്താന്‍ വേണ്ടി ചെലവായേക്കാവുന്ന തുക എന്ന നിലയില്‍ തയ്യാറാക്കിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വ്യക്തിപരമായി വെളിപ്പെടുത്തേണ്ടി വന്നു. മാധ്യമങ്ങള്‍ ഇത് തുറന്നു കാട്ടിയില്ലെങ്കില്‍ എപ്പോഴെങ്കിലും ഈ തുകയുടെ സത്യസന്ധമായ വിവരങ്ങള്‍ പുറത്തു വരുമായിരുന്നോ?ശവസംസ്കാരത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോള്‍ തന്നെ കള്ളത്തരത്തിന്റെ ആഴം എത്ര വലുതാണെന്ന് മനസ്സിലാകും .ഭൂമി വാങ്ങാനും ഭൂമി തയ്യാറാക്കാനും കുഴിയെടുക്കാനും ആടോപ്സിക്കും മൃതദേഹം തിരിച്ചറിയുന്നത് രേഖപ്പെടുത്താന്‍ പേനയും കടലാസും വാങ്ങിയത് അടക്കം ഓരോന്നിനും കോടികള്‍ എന്ന കനത്ത തുക എഴുതിക്കൂട്ടി വിട്ടത് കൊണ്ടല്ലേ കേന്ദ്രത്തിനു കൊടുത്ത കണക്ക് പരിശോധിച്ച് വരികയാണെന്ന് അവര്‍ മറുപടി പറഞ്ഞത്.
വയനാട് ദുരന്തം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം തന്നെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് 140 കോടി രൂപ അനുവദിച്ചു എന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. ദുരന്തം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും കേന്ദ്രസര്‍ക്കാര്‍ പിന്നീട് പണം അനുവദിച്ചില്ല എന്നും ആ പണം അനുവദിക്കാത്തതിനെതിരെ കേരളത്തിലെ മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ പരിഭവവും പരാതിയും. ഇത്തരം ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചാല്‍ അതിന് കണ്ണും പൂട്ടി പണം നല്കാന് ഏതെങ്കിലും സര്‍ക്കാരിന് കഴിയുമോ? ഒരു മൃതദേഹം സംസ്കരിക്കാന്‍ മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയുള്ള ശാന്തികവാടത്തില്‍ 2500 രൂപയാണ് വാങ്ങുന്നത്. മറ്റു പല സ്ഥലങ്ങളിലും ഇതിലും കുറവാണ്. ഒരു മൃതദേഹം സംസ്കരിക്കാന്‍ 75,000 രൂപ ചെലവാക്കി എന്ന് പറയുമ്പോള്‍ തന്നെ കേരളത്തിന്റെ കണക്കിന്റെ വിശ്വാസ്യത നഷ്ടപ്പെടും. അത് ചോദ്യം ചെയ്യപ്പെടും. സ്വന്തം പിഴവിന് പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റം പറഞ്ഞും, കേന്ദ്രസര്‍ക്കാരിനെ പഴിചാരിയും രക്ഷപ്പെടാന്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്.
കള്ളക്കണക്ക് ഉണ്ടാക്കി പെരുപ്പിച്ച തുക കാണിക്കുന്നതിന് പകരം സത്യസന്ധമായ കണക്കും രേഖകളും സമര്‍പ്പിച്ചിരുന്നെങ്കില്‍ കേരളത്തിന് ആരുടെ മുന്നിലും തലകുനിക്കാതെ അവകാശപ്പെട്ട പണം ചോദിച്ചു വാങ്ങാന്‍ കഴിയുമായിരുന്നു.ആ അവസരമാണ് മുഖ്യമന്ത്രിയും ഭരണകൂടവും ഇല്ലാതാക്കിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിനു വേണ്ടി മാത്രമെങ്കിലും ഒരു സ്പെഷ്യല്‍ പാക്കേജ് ഒപ്പം പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും, പാരിസ്ഥിതിക ആഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ഒരു സ്പെഷ്യല്‍ പാക്കേജും ആവശ്യപ്പെടാന്‍ സംസ്ഥാന ഭരണകൂടത്തിന് കഴിയുമായിരുന്നു. മാധവ് ഗാഡ്ഗില്‍ മുതല്‍ ഡോക്ടര്‍ വി.എസ്. വിജയന് വരെയുള്ള ഏത് ശാസ്ത്രജ്ഞന്മാരും ഇതിനെ സഹായിക്കുകയും ചെയ്യുമായിരുന്നു. അവരാരും കള്ളക്കണക്കുണ്ടാക്കാനും കള്ളത്തരം പറയാനും സംസ്ഥാന സര്‍ക്കാരിന്റെ സ്വയം പ്രഖ്യാപിത പ്രതിച്ഛായ രക്ഷപ്പെടുത്താനും നില്‍ക്കുന്നവരല്ല. അതിന് പകരം ഇത്തരം പെരുപ്പിച്ച കണക്ക് അയച്ചുകൊടുത്തതോടെ സര്‍ക്കാര്‍ വെട്ടിലായി എന്ന് മാത്രമല്ല വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ ദുരന്തനിവാരണത്തിന് പണം തേടാന്‍ എന്തുകൊണ്ട് ഒരു സര്‍വ്വകക്ഷി സംഘത്തെ അയക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല.കേരളത്തിന്റെ ആവശ്യം ബോധ്യപ്പെടുത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സര്‍വ്വകക്ഷി സംഘത്തെ അയക്കാമായിരുന്നല്ലോ? അതിനൊന്നും ശ്രമിക്കാതെ എസ്റ്റിമേറ്റ് എന്ന പേരില്‍ കള്ളക്കണക്ക് എഴുതി വിട്ടാല്‍ കാത്തിരിക്കാന്‍ മാത്രമേ വഴിയുണ്ടാകു എന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ആലോചിക്കണം.പ്രകൃതിദുരന്തങ്ങളെയും ജനങ്ങളുടെ കഷ്ടപ്പാടിനെയും വിറ്റ് കാശാക്കുന്ന ഷൈലോക്കിന്റെ സമീപനം അല്ല വേണ്ടത്.സത്യം പറയാനും സത്യത്തിന്റെ അടിസ്ഥാനത്തില്‍ വാദമുഖങ്ങള്‍ ഒരുക്കാനും ഉള്ള ആര്‍ജ്ജവമാണ് ഭരണകൂടത്തിന് വേണ്ടത്.
ബിജെപിയെയും കേന്ദ്രത്തെയും കുറ്റം പറയുന്നതിന് പകരം അവരോടൊപ്പം ചേര്‍ന്നുനിന്ന് സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനുള്ള രാഷ്ട്രീയ ബുദ്ധിയാണ് പിണറായിക്കും സിപിഎമ്മിനും വേണ്ടത് .ഇക്കാര്യത്തില്‍ തമിഴ്നാട്ടിലെ എം.കെ. സ്റ്റാലിനെ പോലും പിണറായിക്ക് മാതൃകയാക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: