കോഴിക്കോട്: ഭാരതപ്പുഴയ്‌ക്ക് കുറുകേ പണിയുന്ന തവനൂര്‍- തിരുനാവായ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിപ്പണിയണമെന്ന് ആവശ്യപ്പെട്ട് ലോകപ്രസിദ്ധ സാങ്കേതിക വിദഗ്‌ദ്ധന്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ റിട്ട് നല്‍കി.
പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിയാല്‍ നിര്‍മ്മാണച്ചെലവ് മൂന്നിലൊന്നായി കുറയ്‌ക്കാമെന്നും ഭരതപ്പുഴയുടെ തീരത്തെ സംസ്‌കൃതി സ്മാരകങ്ങള്‍ തകര്‍ക്കാതിരിക്കാമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അനേക കോടികളുടെ ആരാധനാ- വിശ്വാസത്തിന്റെ ഭാഗവും പുണ്യ സങ്കേതവുമായ തിരുനാവായ ബലിതര്‍പ്പണ സ്ഥാനത്തെ ത്രിമൂര്‍ത്തി ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്നതോടൊപ്പം കുറ്റിപ്പുറം- ഗുരുവായൂര്‍ റെയില്‍വേ പാത വരുമ്പോള്‍ തടസമില്ലാത്ത ഗതാഗത സംവിധാനത്തിനും പാലത്തിന്റെ നിലവിലെ അലൈന്‍മെന്റ് മാറ്റുന്നത് സഹായകമാകുമെന്ന് ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
2016 ഒക്ടോബര്‍ മാസമാണ് ഈ പാലംപണിക്ക് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പാലത്തിന്റെ നിര്‍മ്മാണ രീതിയും അലൈന്‍മെന്റും പുറത്തുവന്നതോടെ ഇ. ശ്രീധരന്‍ 2022 സപ്തംബര്‍ 19ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.
പാലം നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട സാങ്കേതിക കാര്യങ്ങളും ചെലവു ചുരുക്കാനുള്ള മാര്‍ഗങ്ങളും ഇതില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനും വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹം കത്തയച്ചു. മറുപടി ലഭിക്കാതായപ്പോള്‍ 2023 ഫെബ്രുവരി 18 ന് ഓര്‍മ്മപ്പെടുത്തല്‍ കത്തയച്ചു. അതിനോടും പ്രതികരിച്ചില്ല. പിന്നീട് 2024 ആഗസ്ത് 24 ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ഇ. ശ്രീധരന്റെ കത്തിനോടോ നിവേദനങ്ങളോടോ ഒരു പരിഗണനയും പിണറായി സര്‍ക്കാര്‍ കാട്ടിയില്ല. പ്രതിഷേധങ്ങളും നിര്‍ദ്ദേശങ്ങളും അവഗണിച്ച് സപ്തംബര്‍ എട്ടിന് പാലം നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങളും ഹിന്ദുഐക്യവേദിയടക്കമുള്ള സംഘടനകളും ഏറെ നാള്‍ നടത്തിയ പ്രക്ഷോഭ സമരങ്ങളും സര്‍ക്കാര്‍ വകവെച്ചില്ല. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, തവനൂരില്‍ കേരള ഗാന്ധി കേളപ്പജിയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന സര്‍വോദയ സംഘം സ്മാരകം പൊളിച്ച് മാറ്റുകയും ചെയ്തു.
നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പാലത്തിന്റെ വഴി 200 മീറ്റര്‍ ഒരു വശത്തേക്ക് മാറ്റിയാല്‍ കേരള ഗാന്ധി കെ. കേളപ്പന്റെ സമാധി സ്ഥാനമെന്ന ചരിത്രപ്രസിദ്ധ സ്ഥാനവും ത്രിമൂര്‍ത്തിക്ഷേത്രമെന്ന പവിത്ര സ്ഥാനവും സംരക്ഷിക്കാവുന്നതേയുള്ളു.
തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവും സംഘമായെത്തി ഇ. ശ്രീധരനെ വഴി തടഞ്ഞ്, കാല്‍പിടിച്ച് അപേക്ഷിക്കുന്നുവെന്ന് വിശദീകരിച്ച് അതിന്റെ ദൃശ്യം പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ അതിനിടെ പ്രചരിപ്പിച്ചു. ജനങ്ങള്‍ ഇ. ശ്രീധരന് എതിരാണെന്നു വരുത്തിത്തീര്‍ക്കാനും മാനസികമായി സമ്മര്‍ദ്ദത്തിലാക്കാനുമായിരുന്നു ഇത്. പരോക്ഷമായ രാഷ്‌ട്രീയ ഭീഷണികൂടിയായിരുന്നു ഇത്. എന്നാല്‍ ‘അത് ജീവാപായ ഭീഷണിയാണെന്ന വാര്‍ത്തകളില്‍ കഴമ്പില്ല, അവര്‍ക്ക് പറയാനുള്ളത് അവര്‍ പറഞ്ഞു, എനിക്ക് പറയാനുള്ളത് ഞാനും പറയുന്നുവെന്നേ ഉള്ളുവെന്ന്’ ഇ. ശ്രീധരന്‍ ജന്മഭൂമിയോട് പറഞ്ഞു.
ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുകയും പുണ്യ സ്ഥലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പൊതുസമൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: