വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും പിന്നിട്ട് കാര്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. മഞ്ഞണിഞ്ഞ മലനിരകള്‍ കോട്ട കെട്ടി കാത്തു സൂക്ഷിക്കുന്ന ഭൂമിയില്‍, ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പ് പോലെയുള്ള കറുത്ത റോഡുകള്‍. തേയില,കാപ്പി , കുരുമുളക് തോട്ടങ്ങള്‍ പുറം കാഴ്ചകളായി വന്നുകൊണ്ടിരുന്നു. മഴ മാറി തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും നേരിയ മഞ്ഞിന്റെ അകമ്പടിയോടെയുള്ള തണുത്ത കാറ്റ് സുഖകരമായി തോന്നിയില്ല.
ഇനി കുറച്ചു ദൂരം കൂടിയേ ഉള്ളൂ. കുറച്ചു കാലത്തിനു ശേഷമാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. അവസാനമായി വന്നത് പ്ലസ് ടു ബാച്ചിന്റെ ഗെറ്റ് ടുഗെദറിന് ആയിരുന്നു. അന്ന് മീനാക്ഷിയും ഉണ്ടായിരുന്നു. അന്നും അവള്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു,പക്ഷേ പോയില്ല.
രണ്ടോ മൂന്നോ പ്രാവശ്യം അവളുടെ വീട്ടില്‍ പോയിട്ടുണ്ട്.
എന്നാണ് ആദ്യമായി പോയത് ?
പ്ലസ് ടുവിന് പഠിക്കുമ്പോഴാണ്. അന്ന് അവളും കുടുംബവും തേയിലത്തോട്ടങ്ങള്‍ക്ക് അരികിലായുള്ള ലായത്തിലായിരുന്നു താമസം. തീരെ സൗകര്യം കുറഞ്ഞ ഇടുങ്ങിയ മുറികളായിരുന്നു അവിടെ. എസ്റ്റേറ്റിലെ കുറഞ്ഞ വരുമാനത്തില്‍ ജീവിക്കുന്നവര്‍ക്ക് വേറെ എന്ത് മാര്‍ഗ്ഗം ? നന്നായി പഠിച്ചിരുന്ന മീനാക്ഷിയില്‍ അവര്‍ വളരെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു.
നഗരത്തിലെ കേളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ യാദൃച്ഛികമായി ആ ക്ലാസ്സില്‍ മീനാക്ഷിയുമുണ്ടായിരുന്നു. സ്‌കൂളിലെ സൗഹൃദം കോളജിലും തുടര്‍ന്നു. നോട്ട്‌സ് എഴുതിയെടുക്കാനും
സംശയങ്ങള്‍ ചോദിക്കാനും അപ്പോഴും മീനാക്ഷിയെ തന്നെയാണ് ആശ്രയിച്ചിരുന്നത്.
രണ്ടാം വര്‍ഷം ക്രിസ്തുമസ് വെക്കേഷന് പിരിയും മുമ്പാണ് ആ കാര്യം അവളോട് പറഞ്ഞത്. അവള്‍ തമാശ കേട്ട പോലെ ചിരിച്ചു ,പിന്നെ ചോദിച്ചു.
‘ആല്‍ബിന്‍ ,നിനക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷകളൊന്നുമില്ലേ?’
പക്വതയോടെ സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു അവളെന്നും.
അധികനാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. സൗഹൃദത്തെ പ്രണയവുമായി വേര്‍തിരിക്കുന്ന അതിര്‍വരമ്പ് തകര്‍ന്ന് സൗഹൃദം പ്രണയത്തിലേക്ക് ഒഴുകിയെത്തി. ഡിഗ്രി അവസാന വര്‍ഷമാണെന്ന് ഓര്‍ക്കുന്നു. വീണു കിടക്കുന്ന ചുവന്ന ഗുല്‍മോഹര്‍ പൂക്കളുടെ നടുവില്‍ സിമന്റ് ബെഞ്ചിലിരുന്ന് ജീവിത ക്ലേശങ്ങളുടെ ഭാരമില്ലാതെ പറഞ്ഞു.
‘മീനു, പ്രണയം സുഖകരമായ ഒരു അവസ്ഥയാണല്ലേ?’
‘എന്ന് തീര്‍ത്ത് പറയാന്‍ പറ്റില്ല. റോസാച്ചെടി പോലെയാണ് പ്രണയം. സുഗന്ധം പൊഴിക്കുന്ന മനോഹരമായ പുഷ്പങ്ങള്‍ ഉള്ളതുപോലെ കൂര്‍ത്ത മുള്ളുകളും അതിലുണ്ട്. നമ്മള്‍ അതിനെ കൈകാര്യം ചെയ്യുന്നതിനനുസരിച്ചായിരിക്കും അനുഭവം ‘
‘എനിക്ക് നിന്നോടുള്ള പ്രണയത്തില്‍ മുറിവേല്‍പ്പിക്കുന്ന ഈ മുള്ളുകള്‍ ഉണ്ടാകരുതെന്നാണ് എന്റെ ആഗ്രഹം ‘
‘എന്റേയോ നിന്റേയോ ആഗ്രഹങ്ങള്‍ക്കപ്പുറം കാലത്തിന്റെ നിശ്ചയമാണ് നടപ്പിലാവുക ‘
മീനാക്ഷിക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി കിട്ടിയ ശേഷമാണ് പുതിയ വീടിന്റെ പാലുകാച്ചല്‍ നടന്നത്. അവളുടെ ക്ഷണപ്രകാരം വീട്ടില്‍ പോയിരുന്നു. നല്ല വൃത്തിയുള്ള അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള വീടായിരുന്നു അത്. അന്ന് അവളുടെ അച്ഛന്‍ പറഞ്ഞിരുന്നു ..
‘ ആ മലമുകളില്‍ സൂര്യനുദിച്ചു വരുമ്പോള്‍ രാവിലെയുള്ള കോടമഞ്ഞില്‍ ഈ വരാന്തയില്‍ ഒരു ചാരുകസേരയിട്ടങ്ങനെ കിടക്കണം,കുളിരെല്ലാം മാറി കിട്ടും’.
ശരിയായിരിക്കും, അങ്ങനെ കുറച്ചു നാള്‍ കിടന്നിട്ടുണ്ടാകും.
മസ്‌ക്കറ്റിലേക്ക് പോകുന്നതിന്റെ തലേ ദിവസം, ഒരു മേശയുടെ ഇരുവശങ്ങളിലുമിരുന്ന് മുഖത്തോട് മുഖം നോക്കി ഐസ്‌ക്രീം നുണയുമ്പോള്‍ റൊമാന്റിക് ആയി പലതും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞു
‘നമ്മള്‍ സുഹൃത്തുക്കളായിട്ട് പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. ആദ്യം സൗഹൃദം മാത്രം, പിന്നെ പ്രണയം. നേരില്‍ കണ്ടില്ലെങ്കിലും നീ ഇല്ലാത്ത ദിവസങ്ങള്‍ ജീവിതത്തില്‍ ഇല്ല. നീ വരുന്ന ആ ദിവസത്തിനു വേണ്ടിയാണ് ഇപ്പോള്‍ കാത്തിരിപ്പ്…’
ദീര്‍ഘമായ വാചകങ്ങള്‍ക്ക് മറുപടിയായി അവള്‍ പറഞ്ഞത് ഇത്രമാത്രം..
‘ഞാനും കാത്തിരിക്കും’
പിന്നെ, എത്രയെത്ര വാട്ട്‌സാപ്പ് ചാറ്റുകള്‍, മെസേജുകള്‍, കോളുകള്‍…
ഒരു മാസം മുമ്പാണ് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത കാര്യം അവളെ അറിയിച്ചത്. കൂടെ ഒരു കാര്യം കൂടി പറഞ്ഞു. ഈ വരവില്‍ കല്യാണം കൂടി നടത്തണം. അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാം.
ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കാന്‍ നമ്മുടെ സമൂഹത്തിന് ഇപ്പോഴും കഴിയില്ലല്ലോ !
‘ നിര്‍ത്തൂ’
പുറത്ത് ഒരു ബോര്‍ഡില്‍ സ്‌കൂളിന്റെ പേര് വായിച്ചപ്പോഴാണ് അത് പറഞ്ഞത്.
സ്‌കൂളിന്റെ പഴയ ചിത്രമാണ് ആദ്യം മനസ്സിലേക്ക് എത്തിയത്. മനോഹരമായ മലനിരകളുടെ പശ്ചാത്തലത്തില്‍ വരച്ചുവച്ചതു പോലെയുള്ള സ്‌കൂള്‍. സ്‌കൂളിനോട് ചേര്‍ന്നുള്ള ചെറിയ മൈതാനത്തിന് അതിരിട്ടുകൊണ്ട് ഒഴുകുന്ന ചെറിയ പുഴ. പുഴയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍. ആ മരത്തണലില്‍ വച്ച് എത്രയോ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന അദ്ധ്യാപകര്‍.
ഡോര്‍ തുറന്ന് പുറത്തിറങ്ങി മെല്ലെ നടന്നു.
മണ്ണ് വന്ന് മൂടിയ പ്രദേശത്താകെ മരക്കുറ്റികളും വലിയ പാറക്കല്ലുകളും കെട്ടിടാവശിഷ്ടങ്ങളും ചിതറി കിടക്കുന്നു.
തിരിച്ചു വരാത്ത വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മകളുമായി, യുദ്ധഭൂമിയിലെ പ്രേത കുടീരമായി, ഛേദിക്കപ്പെട്ട ശരീരവുമായി നില്‍ക്കുന്ന സ്‌കൂള്‍. ഇത് എന്റെ സ്‌കൂള്‍ ആയിരുന്നു. ജീവിതത്തില്‍ അറിവിന്റെ പുതിയ വാതിലുകള്‍ തുറന്നു തന്ന സ്‌കൂള്‍. സ്‌നേഹമുള്ള അദ്ധ്യാപകര്‍, കൂട്ടുകാര്‍, എല്ലാറ്റിനുമുപരിയായി മീനാക്ഷിയെ പരിചയപ്പെടുത്തി തന്ന സ്‌കൂള്‍…
സ്‌കൂള്‍ പിന്നിട്ട് പിന്നേയും നടന്നു. മുമ്പ് ഇത് ഒരു ചെറിയ പട്ടണമായിരുന്നു. കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ,ബാങ്കുകള്‍, ആരാധനാലയങ്ങള്‍…എല്ലാമുള്ള ഒരു പട്ടണം. ഇന്ന് അതൊരു പ്രേതഭൂമിയായി തകര്‍ന്നടിഞ്ഞ് കിടക്കുന്നു.
പുതിയതായി സ്ഥാപിച്ച പാലം കടന്ന് മുന്നോട്ട് നീങ്ങി. പഴയപാലത്തില്‍ നിന്ന് അര കിലോമീറ്റര്‍ തികച്ചില്ല അവളുടെ വീട്ടിലേക്ക്. സ്ഥലമെല്ലാം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മാറി പോയിരിക്കുന്നു. സമീപത്തുകൂടി പോകുന്ന ഒരാളിനോട് ചോദിച്ചു .
‘ഈ നാട്ടുകാരനാണോ ?’
‘അതേ ‘
‘ തേയില എസ്റ്റേറ്റില്‍ ജോലിയുണ്ടായിരുന്ന രാമകൃഷ്ണന്‍…? ‘
സൂക്ഷിച്ച് നോക്കിയ ശേഷം നിര്‍വ്വികാരമായ മുഖത്തോടെ ചോദിച്ചു ..
‘രാമകൃഷ്‌ണേട്ടന്റെ ആരെങ്കിലുമാണോ ?’
ആ ചോദ്യത്തിന് മറുപടി പറയാന്‍ ഒന്നു സംശയിച്ചു.
‘ മകള്‍ മീനാക്ഷിയുടെ സുഹൃത്താണ് ‘
‘നിങ്ങള്‍ നില്‍ക്കുന്നത് ആ വീട് ഉണ്ടായിരുന്ന സ്ഥലത്താണ് ‘
അയാള്‍ നടന്നു നീങ്ങി.
കാലുകള്‍ പൊള്ളുന്നതു പോ
ലെ തോന്നി .
യാത്ര ഇവിടെ അവസാനിക്കുകയാണ്…
ജീവനില്ലാത്ത തണുത്ത കാറ്റ് തഴുകി കടന്നു പോയി, ജീവനു
ള്ള ഓര്‍മ്മകള്‍ ബാക്കിയാക്കി ..
‘എങ്കിലും മീനു, അന്ന് പറഞ്ഞ വാക്ക് നീ പാലിച്ചില്ലല്ലോ.. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: