ഇരിട്ടി(കണ്ണൂര്‍): സിപിഎം നിയന്ത്രണത്തിലുള്ള കോളിത്തട്ട് സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തിരിമറിയില്‍ ആരോപണവിധേയരായ ഏരിയ കമ്മിറ്റി അംഗത്തിനും നാല് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും നേരെ അച്ചടക്ക നടപടി. പേരട്ട ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇവരേയും ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതോടൊപ്പം ഇരിട്ടി ഏരിയ കമ്മിറ്റി അംഗത്തെ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
പാര്‍ട്ടി ഇരിട്ടി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ഉള്‍പ്പെട്ട യോഗത്തിലാണ് അച്ചടക്ക നടപടിയുണ്ടായത്. മുന്‍ ബാങ്ക് സെക്രട്ടറിയും പേരട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ കെ.ജി. നന്ദനന്‍കുട്ടി, ബാങ്ക് പ്രസിഡണ്ടും ലോക്കല്‍ കമ്മിറ്റി അംഗവുമായ ഇ.ടി. ജോസ്, ലോക്കല്‍ കമ്മിറ്റി അംഗം പി. ഷിനോജ്, ബാങ്ക് ജീവനക്കാരനും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ശിവദാസന്‍, ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി സംഘടന നേതാവുമായ ഇ.എസ്. സത്യന് എന്നിവര്‍ക്കെതിരെയാണ് നടപടി. ബാങ്ക് ജീവനക്കാരനായ ശിവദാസനെ നേരത്തെ മറ്റൊരു പരാതിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ബാങ്കില്‍ കോടികളുടെ വായ്പ തിരിമറിയും നിക്ഷേപ തട്ടിപ്പും നടന്നതായി സഹകരണസംഘം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കാലാവധി എത്തിയിട്ടും നിക്ഷേപ തുക തിരിച്ചു നല്‍കാത്തതും മരിച്ചയാളുടെ പേരില്‍ വ്യാജ സാക്ഷി ഒപ്പിട്ട് വായ്പ വെട്ടിപ്പ് നടത്തിയതായും പരിശോധനയില്‍ കണ്ടെത്തി. ഇടപാടുകാര്‍ ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണം എടുത്ത് മറ്റൊരു ബാങ്കില്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ കൈക്കലാക്കിയതായും കണ്ടെത്തിയിരുന്നു. കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി.
അതേസമയം ലക്ഷങ്ങള്‍ നിക്ഷേപിച്ച നിക്ഷേപകരുടെ തുക നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോളിത്തട്ട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ ഇന്ന് ജനകീയ ധര്‍ണ നടത്തും. സിപിഎം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസൂത്രിതമായി പിടിച്ചെടുത്ത ബാങ്കില്‍ പതിനഞ്ച് കോടിയോളം രൂപയുടെ ആസൂത്രിത കൊള്ളയാണ് നടന്നിട്ടുള്ളതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: