Kerala

ജീവിച്ചിരിക്കുന്ന സ്വന്തം അമ്മ മരിച്ചതായി മോഹന്‍ലാലിന്റെ ദേശാഭിമാനി ലേഖനം: ന്യൂസ് എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍

Published by

തിരുവനന്തപുരം : ജീവിച്ചിരിക്കുന്ന അമ്മ മരിച്ചതായി നടന്‍ മോഹന്‍ലാലിന്റേതായി ലേഖനം കൊടുത്തതില്‍ ഖേദം പ്രകടിപ്പിച്ച ദേശാഭിമാനി.

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ കുറിച്ചുള്ള അനുസ്മരണം എന്നനിലയില്‍ മോഹന്‍ലാല്‍ പേരുവെച്ച് എഴുതിയ ലേഖനത്തില്‍ ‘രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു. എന്നാണ് എഴുതിയിട്ടുള്ളത്. ജീവിച്ചിരിക്കുന്ന അമ്മ മരിച്ചതായി മോഹന്‍ലാല്‍ ഒരിക്കലും എഴുതില്ല. പത്രത്തിലെ ആരോ വ്യാജമായി എഴുതിയ ലേഖനമെന്ന് ഉറപ്പ്. സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായതോടെയാണ് ഖേദ പ്രകടനം.

എന്താണ് പിശക് എന്നു പറയാതെ ഗുരുതരമായ പിശകുകള്‍ സംഭവിച്ചതിന്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നുമാത്രം പറഞ്ഞാണ് പത്രാധിപര്‍ ഖേദപ്രകടനം നടത്തിയിരിക്കുന്നത്.

ഗുരുതരമായ തെറ്റു വരുത്തിയതിന്റെ നടപടിയുടെ ഭാഗമായി ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മേധാവിയും സീനിയര്‍ ന്യൂസ് എഡിറ്ററുമായ എ.വി. അനില്‍കുമാറിനു സസ്‌പെന്‍ച് ചെയ്തു.
ദേശാഭിമാനിയിലെ സൈദ്ധാന്തിക പരിവേഷമുള്ള മാധ്യമ പ്രവര്‍ത്തകനാണ് അമളി പറ്റിയ അനില്‍കുമാര്‍. ഇ.എം.എസിന്റെ ജീവചരിത്രം ഉള്‍പ്പെടെ എണ്‍പതോളം പുസ്തകങ്ങള്‍ അനില്‍കുമാര്‍ രചിച്ചിട്ടുണ്ട്. ചിന്ത മാസികയുടെ ചുമതലയും വഹിച്ചിരുന്നു.അനില്‍ കുമാറിനു പകരക്കാരനായി കണ്ണൂര്‍ ബ്യൂറോയിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പി.സുരേശനു കണ്ണൂര്‍ യൂണിറ്റിന്റെ ചുമതല നല്‍കി.

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്. അടുത്തയിടെ കൊച്ചിയില്‍ അമ്മയുടെ ജന്മദിനം മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചത് വാര്‍ത്തയായിരുന്നു. ദേശീയ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞ മലയാളത്തിന്റെ ഇടുക്കിയിലെ കൊച്ചുപാട്ടുകാരന്‍ ആവിര്‍ഭവ് പിറന്നാള്‍ ആഘോഷ വേദിയെ സംഗീതസാന്ദ്രമാക്കാന്‍ പാട്ടുപാടിയത് വൈറലായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by