കൊച്ചി: എന്റെ കവിതകള്‍ ഗവേഷണത്തിന് എടുക്കരുത്, അങ്ങിനെ എടുത്താന്‍ ഞാന്‍ അതിന് അനുവാദം നല്കുകയില്ല എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞതുപോലെ കേരളത്തിലെ സര്‍വ്വകലാശാലകളിലെ ഗവേഷണരംഗം അധപതിച്ചുവെന്ന് ഡോ.എം.ജി.ശശിഭൂഷണ്‍. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. ഗവേഷണം നടത്തിയ ഒരു വിദ്യാര്‍ത്ഥിനി കവിതയിലെ വൃത്തം തെറ്റായി ഗവേഷണപ്രബന്ധത്തില്‍ പരാമര്‍ശിച്ചതാണ് ബാലചന്ദ്രന് ചുള്ളിക്കാടിനെ ചൊടിപ്പിച്ചത്. അതിന് ശേഷമാണ് അദ്ദേഹം തന്റെ കവിതകള്‍ ഇനി ആരും പിഎച്ച് ഡി പ്രബന്ധത്തിന് വിഷയമാക്കരുതെന്ന് താക്കീത് നല്‍കിയത്.
ഇന്ന് ഇടത്പക്ഷ ചിന്തകനായ സുനില്‍ പി.ഇളയിടത്തിന്റെ പിഎച്ച്ഡി പ്രബന്ധം ആധികാരികമല്ലെന്ന് കണ്ട് താന്‍ തള്ളിക്കളഞ്ഞ കാര്യം ഡോ.എം.ജി.ശശിഭൂഷണ്‍ തന്റെ അഭിമുഖത്തില്‍ തുറന്നടിക്കുന്നുണ്ട്. “2008ലാണ് ഇത് നടന്നത്. കെസിഎസ് പണിക്കരുടെ ‘ഇന്ത്യന്‍ കര്‍ഷക ജീവിതം’ എന്ന പെയിന്റിംഗും ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലും തമ്മിലുള്ള താരതമ്യ പഠനമായിരുന്നു. സുനില്‍ പി.ഇളയിടം സമര്‍പ്പിച്ച ഡോക്ടറേറ്റ് തീസീസ്. രാഷ്ട്രീയം എങ്ങിനെയാണ് സര്‍ഗ്ഗസംഭാവനകളില്‍ അന്തര്‍ലീനമായി ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു സുനില്‍ പി ഇളയിടത്തിന്റെ ഈ തീസീസ്.. ബ്രാഹ്മണിക് മൂല്യങ്ങള്‍ കര്‍ഷക ജീവിതത്തിലും ഖസാക്കിന്റെ ഇതിഹാസത്തിലും പ്രകടമായി കാണാം. ഇത് സര്‍ഗ്ഗജീവിതത്തിന്റെ ക്ഷീണത്തിന് ഇടയാക്കും എന്നാണ് തീസീനൊടുവില്‍ സുനില്‍ പി.ഇളയിടം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.”. – ശശിഭൂഷണ്‍ പറയുന്നു.
” ‘ഇന്ത്യന്‍ കര്‍ഷക ജീവിതം’ എന്ന ഒറിജിനല്‍ പെയിന്റിംഗ് സുനില്‍ പി.ഇളയിടം കണ്ടിട്ടില്ല. ഓയില്‍ പെയിന്റിംഗില്‍ ആണ് ഇത് കെസിഎസ് പണിക്കര്‍ ചെയ്തിരിക്കുന്നത്. ‘ ഇന്ത്യന്‍ കര്ഷകന്’ എന്ന പേരില്‍ പൊന്നാനിയിലെ ഒരു ഇടത്തരക്കാരനായ കര്‍ഷകനെയാണ് കെസിഎസ് പണിക്കര്‍ ഈ പെയിന്റിംഗില്‍ ചിത്രീകരിച്ചിരുന്നത്. ആ കര്ഷകന് നെറ്റിയില്‍ ഭസ്മം തൊട്ടിട്ടുണ്ട്, രാമായണം വായിക്കുന്നുണ്ട്. ഇത് രണ്ടുമാണ് ബ്രാഹ്മണിക് മൂല്യങ്ങളുടെ ഉദാഹരണമായി സുനില്‍ ഇളയിടം തീസീസില്‍ ചൂണ്ടിക്കാട്ടുന്നത്. ഭസ്മം തൊടുക എന്നത് ശൈവസമ്പ്രദായമാണ്. അത് വാസ്തവത്തില്‍ ഒരു അവൈദികപാരമ്പര്യമാണ്. വൈദിക പാരമ്പര്യത്തില്‍ പെട്ട ഒന്നല്ല ഭസ്മം തൊടുക എന്നത്. ഇതൊന്നും മനസ്സിലാക്കാതെ തനിക്ക് അഭിമതനായ ഫ്രെഡറിക് ജെയിംസണിന്റെ ഒരു സാഹിത്യസിദ്ധാന്തത്തെ സ്ഥാപിക്കാന്‍ വേണ്ടിയാണ് സുനില്‍ പി. ഇളയിടം കെസിഎസ് പണിക്കരുടെ പെയിന്റിംഗിലും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലും ബ്രാഹ്മണിക്ക് മൂല്യങ്ങള്‍ ആരോപിക്കാന്‍ ശ്രമിക്കുന്നത്. ഇത് വായിച്ച ശേഷം പല അപാകതകളും മനസ്സിലാക്കിയ ഞാന്‍ ഇന്നിന്ന കാരണങ്ങള്‍ കൊണ്ട് തീസിസ് തിരുത്തല്‍ വരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. “- ശശിഭൂഷണ്‍ വിശദമാക്കുന്നു.
ഫ്രെഡറിക് ജെയിംസന്റെ പുസ്തകത്തിന്റെ പേര് ‘ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ് ‘നെരേറ്റീവ് എസ് എ സോഷ്യലി സിംബോളിക് ആര്‍ട്’ എന്നാണ്. ഇതിനെ ‘ആധുനികതാവാദത്തിന്റെ രാഷ്ട്രീയാബോധം മലയാളം നോവലിലും ഇന്ത്യന്‍ ചിത്രകലയിലും’ എന്നാണ് സുനില്‍ പി ഇളയിടം വിവര്‍ത്തനം ചെയ്ത് എഴുതിയത്. ‘ദി പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്’ എന്ന ഫ്രെഡറിക് ജെയിംസന്റെ പ്രയോഗത്തെ ‘രാഷ്ട്രീയാബോധം’ എന്നാണ് സുനില്‍ പി ഇളയിടം വിവര്‍ത്തനം ചെയ്തത്. ഇത് അപൂര്‍ണ്ണമായ വിവര്‍ത്തനമാണെന്ന് ശശിഭൂഷണെ ഇന്റര്‍വ്യൂ ചെയ്ത മാധ്യമപ്രവര്‍ത്തകനായ രാമചന്ദ്രനും വിശദീകരിക്കുന്നു.
“‘രാഷ്ട്രീയാബോധം’ എന്ന് സുനില്‍ പി ഇളയിടം ഉപയോഗിച്ച വാക്ക് ശരിയല്ലെന്നും ഇത് മലയാള വ്യാകരണത്തിലെ സന്ധിനിയമം പാലിക്കാത്ത രീതിയിലുള്ള പ്രയോഗമാണെന്നും അന്നേ താന്‍ വിമര്‍ശിച്ചിരുന്നു.”- ശശിഭൂഷണ്‍ പറയുന്നു.. “ഗവേഷണത്തിന് ഈ വിഷയം സ്വീകരിക്കുമ്പോള്‍ അത് തന്നിഷ്ടപ്രകാരമാകരുത്. അതിന് ചില ഔചിത്യങ്ങള്‍ പാലിക്കണം. അതിന് ചില നിയമങ്ങളുണ്ട്. അത് ഞാന്‍ പറഞ്ഞിരുന്നു. അതനുസരിച്ച് മലയാള സാഹിത്യത്തിലെ പ്രധാനപ്പെട്ട കൃതികളേയും പ്രധാനപ്പെട്ട പെയിന്റിംഗുകളെയും എടുത്തിട്ട് വേണം ഗവേഷണം നടത്തി ഗവേഷകന് ഒരു നിഗമനത്തില്‍ എത്തേണ്ടതെന്നും അല്ലാതെ ഒരു നോവലോ ഒരു പെയിന്റിംഗോ എടുത്തല്ല ഗവേഷണം നടത്തേണ്ടതെന്നും ഞാന്‍ വാദിച്ചിരുന്നു.” – ശശിഭൂഷണ്‍ പറയുന്നു.
“ഒരു തീസീസില്‍ നമുക്ക് ആശയങ്ങളെ എടുക്കാം. അതിന് അത്യാവശ്യമുള്ളതേ എടുക്കാവൂ. സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉദ്ധരണികള്‍. അതായിരുന്നു ആ ഗവേഷണപ്രബന്ധത്തിന്റെ ഏറ്റവും വലിയ ന്യൂനത. ഒന്നിന് പിറകേ ഒന്നായി ഉദ്ധരണികള്‍. ഉദ്ധരണികള്‍. ഉദ്ധരണികള്‍. ഇതെല്ലാം കഴിഞ്ഞിട്ട് അവസാനം തന്റേതായ ഒരു അഭിപ്രായം. ഇങ്ങിനെയല്ല ഒരു ഡോക്ടറേറ്റ് തീസീസ് എഴുതേണ്ടത്.”ശശിഭൂഷണ്‍ പറയുന്നു.
ഇതോടെ ഇടത് രാഷ്ട്രീയക്കാര്‍ തന്നെ എന്നെന്നേയ്ക്കുമായി പിഎച്ച്ഡി തീസീസുകള് വിലയിരുത്തുന്നതില്‍ നിന്നും തന്നെ വിലക്കിയെന്നും ശശിഭൂഷണ്‍ പരാതിപ്പെടുന്നു. പിന്നീട് സുനില്‍ പി ഇളയിടം തനിക്ക് ചിത്രകലയെക്കുറിച്ച് ഒന്നുമറിയില്ല എന്ന് എഴുതിയിരുന്നെന്നും കഴിഞ്ഞ 40 വര്‍ഷമായി ചിത്രകല ഗവേഷണം ചെയ്യുന്ന വ്യക്തിയാണ് താനെന്നും ശശിഭൂഷണ്‍ പറയുന്നു.
കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലറായ കെ.എസ്. രാധാകൃഷ്ണന് പറഞ്ഞ ഒരു കഥ മാധ്യമപ്രവര്ത്തകന് രാമചന്ദ്രന് വിശദീകരിച്ചു. അന്ന് മന്ത്രിയായിരുന്ന എസ്. ശര്‍മ്മ വടക്കന്‍ പറവൂരുകാരനാണ്. സുനില്‍ പി ഇളയിടവും സിപിഎമ്മുകാരനും വടക്കന്‍ പറവൂരുകാരനും ആണ്. അന്ന് മന്ത്രിയായിരുന്ന എസ്. ശര്‍മ്മ ആലുവ പാലസില്‍ എത്തിയ ശേഷം വൈസ് ചാന്‍സലറായ കെ.എസ്. രാധാകൃഷ്ണനെ വിളിച്ചുവരുത്തി, നമ്മുടെ ഒരു പയ്യനാണ് സുനില്‍ പി ഇളയിടമെന്നും ദ്രോഹിക്കരുത് എന്നും എസ്. ശര്‍മ്മ അഭ്യര്‍ത്ഥിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സുനില്‍ പി ഇളയിടത്തിന്റെ പിഎച്ച് ഡി തീസീസ് പാസാക്കിയെടുക്കാന്‍ വിസി തന്നെ മുന്‍കയ്യെടുത്തതെന്നും മാധ്യമപ്രവര്ത്തനകനായ രാമചന്ദ്രന് വിശദീകരിക്കുന്നു. തനിക്ക് പകരം സുനില്‍ പി ഇളയിടത്തിന്റെ പ്രബന്ധം പരിശോധിക്കാന്‍ വിസി നിയോഗിച്ച നാലാമന് ആ തീസീസിനെ കലവറയില്ലാതെ പ്രശംസിക്കുകയും ചെയ്തുവെന്നും ശശി ഭൂഷണ് കൂട്ടിച്ചേര്‍ക്കുന്നു.
സുനില്‍ പി ഇളയിടത്തിന്റെ ഗവേഷണപ്രബന്ധത്തെ വിലയിരുത്താന്‍ ശശിഭൂഷണ്‍,വിജയകുമാര്‍ മേനോന്, എം.എം.ബഷീര്‍ എന്നിവരടങ്ങുന്ന സമിതിയെ ആയിരുന്നു ആദ്യം നിയോഗിച്ചിരുന്നത്.ഇതില്‍ ശശിഭൂഷണ്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ പിന്നീട് വൈസ് ചാന്‍സലര്‍ അദ്ദേഹത്തിന്റെ വിവേചനാധികാരത്തെ ഉപയോഗിച്ച് സുനില്‍ പി ഇളയിടത്തിന്റെ പ്രബന്ധം പരിശോധിക്കാന്‍ ഒരു നാലാമനായി ഡോ. ഡി. ബെഞ്ചമിനെ കൊണ്ടുവരികയായിരുന്നു. ഈ .നാലാമത്തെയാള്‍ സുനില്‍ പി. ഇളയിടത്തിന്റെ പ്രബന്ധത്തെ മികച്ചതാണെന്ന് അഭിപ്രായപ്പെടുകയായിരുന്നുവെന്നും പറയുന്നു. ഈ സംഭവത്തിന് ശേഷം തന്നെ സംസ്കൃത സര്‍വ്വകലാശാലയിലെ പിഎച്ച് ഡി പ്രബന്ധങ്ങള്‍ പരിശോധിക്കാന്‍ ആരും വിളിക്കാറില്ലെന്നും ശശിഭൂഷമ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: