കൊച്ചി: മഞ്ഞപ്പടയുടെ ചങ്കിടിപ്പേറ്റി മലയാളി താരം വിഷ്ണു പുതിയവളപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് വലയിലേല്പ്പിച്ച ആഘാതത്തിന് നോഹ സദോയിയുടെയും ക്വെയിം പെപ്രയുടെയും മറുപടി. പെരുമയ്ക്കൊത്ത ഫുട്ബോളുമായി കലൂരെത്തിയ ഈസ്റ്റ് ബംഗാളിനെ പൂട്ടിക്കെട്ടി ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയം.
പഞ്ചാബ് എഫ്സിയോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ ഗോളില്ലാത്ത ആദ്യ പകുതിയലും പിന്നെ നിരാശകൂട്ടിക്കൊണ്ടുള്ള ഗോള്‍ വഴങ്ങലിനും ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഉണര്‍ന്നെണീക്കല്‍. 59-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് വലയ്ക്കകത്ത് ഈസ്റ്റ് ബംഗാളിന് പകരക്കാരനായി ഇറങ്ങിയ വിഷ്ണു പുതിയവളപ്പില്‍ ഡെഡ്ഡ്ലോക്ക് ബ്രേക്ക് ചെയ്തത്. 63-ാം മിനിറ്റില്‍ നോഹയുടെ മറുപടി. മത്സരം അവസാനത്തോടടുക്കുമ്പോള്‍ 88-ാം മിനിറ്റില്‍ പെപ്രയുടെ വിജയഗോള്‍.
കൊച്ചിയുടെ കളമറിയാവുന്ന നാല് ബ്ലാസ്റ്റേഴ്സ് മുന്‍ താരങ്ങള ഉള്‍പ്പെടുത്തിയാണ് കൊല്‍ക്കത്തന്‍ കോച്ച് ആദ്യ ഇലവന് ഇറക്കിയത്. ഈ വര്‍ഷം പകുതി വരെ മഞ്ഞ ജേഴ്സിയില്‍ കളിച്ചിരുന്ന ജീക്സണ് സിംഗ്, ദിമിത്രിയോസ് ഡയമന്റകോസ്, ഗോള്‍കീപ്പര്‍ പ്രഭുക്ഷാന്‍ ഗില്‍, നയോറം മഹേഷ് എന്നിവരെ ഉള്‍പ്പെടുത്തിയതിലൂടെ മാനസിക മുന്‍തൂക്കം തന്നെയായിരുന്നു കാര്‍ലോസ് ലക്ഷ്യമിട്ടത്.
പഞ്ചാബിനെതിരേ പതിഞ്ഞ താളത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് തുടങ്ങിയതെങ്കില്‍ നേരെ തിരിച്ചായിരുന്നു ഈസ്റ്റ് ബംഗാളിനെതിരായ പോരാട്ടം. ആദ്യ മിനിറ്റ് മുതല്‍ അണമുറിയാത്ത മുന്നേറ്റങ്ങള്‍. നോഹ സദോയും ജീസസും ആയിരുന്നു മഞ്ഞപ്പടയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വിബിന് മോഹനന്റെ വരവ് ആതിഥേയരുടെ മധ്യനിരയിലെ കളിമെനയലുകള് ചടുലമാക്കി.
ഒന്‍പതാം മിനിറ്റില്‍ കൊമ്പന്മാര് വലകുലുക്കിയെന്ന് തോന്നിച്ചതാണ്. ഡാനിഷ് ഫറൂഖ് വിദഗ്ധമായി നല്കിയ ക്രോസ് സ്പാനിഷ് താരം ജീസസ് ബോക്സിന്റെ ഇടതുവശത്തു നിന്ന് തൊടുത്തത് പോസ്റ്റിലുരസി പുറത്തേക്ക്. കളി പുരോഗമിക്കുന്തോറും ബ്ലാസ്റ്റേഴ്സ് പന്തിന്റെ നിയന്ത്രണം കൂടുതലായി കൈവശപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. 39-ാം മിനിറ്റില്‍ വലതു പാര്‍ശത്തില്‍ നിന്ന് സന്ദീപ് സിംഗിന്റെ അളന്നുകുറിച്ച ക്രോസിന് രാഹുല്‍ കെ.പി തലവച്ചിരുന്നെങ്കില് ബ്ലാസ്റ്റേഴ്സ് ലീഡ് ചെയ്തേനെ.
ഈസ്റ്റ് ബംഗാള്‍ നിരയില്‍ അത്ഭുതങ്ങള്‍ പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ച ദിമിക്ക് പക്ഷേ ആദ്യ പകുതിയില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മാര്‍ക്കിംഗില്‍ പലപ്പോഴും ഗ്രീക്ക് താരത്തിന് അനങ്ങാന്‍ പോലും സാധിച്ചില്ല. നന്ദകുമാറും മദി തലാലും ആയിരുന്നു കൊല്‍ക്കത്തന്‍ നിരയില്‍ ആദ്യ പകുതിയില്‍ അപകടകരമായ നീക്കങ്ങള്‍ നടത്തിയവര്‍. മൂന്നിലേറെ തവണ സച്ചിന് സുരേഷിന്റെ അവസരോചിത ഇടപെടല്‍ ഈസ്റ്റ് ബംഗാളിന്റെ നീക്കങ്ങളുടെ മുനയൊടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിലേ ഈസ്റ്റ് ബംഗാള്‍ കോച്ച് നടത്തിയൊരു നീക്കമാണ് കളിയില്‍ നിര്‍ണായകമായി. ആദ്യ പകുതിയില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാതിരുന്ന മഹേഷ് സിംഗിന് പകരം മലയാളിയായ വിഷ്ണുവിനെ കളത്തിലിറക്കി. രണ്ടാം മിനിറ്റില്‍ തന്നെ മഞ്ഞക്കടലിരമ്പം അടക്കിനിര്‍ത്താന്‍ വിഷ്ണുവിന് സാധിച്ചു. പിന്നാലെ നോഹ സദോയിയിലൂടെ ആതിഥേയര്‍ ഗോള്‍മടക്കി. അവസാന നിമിഷം പെപ്രയിലൂടെ വിജയഗോളും ബ്ലാസ്റ്റേഴ്സ് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: