Cricket

ഓള്‍റൗണ്ട് മികവിന്റെ കൈയ്യൊപ്പ്; അശ്‌വിന്നര്‍

Published by

ചെപ്പോക്ക് ടെസ്റ്റിന്റെ തുടക്കദിവസം ബംഗ്ലാദേശ് ഭാരതത്തിനെതിരെ നേടിയ വലിയ പ്രതീക്ഷകള്‍ അരിഞ്ഞുവീഴ്‌ത്താന്‍ ബാറ്റേന്തി മുന്നില്‍ നിന്നത് രവിചന്ദ്രന്‍ അശ്വിന്‍ ആണ്. ഒപ്പം ഉത്തമ സഹായിയായി രവീന്ദ്ര ജഡേജയും ചേര്‍ന്നു. പേരുകേട്ട ബാറ്റിങ് നിരയുള്ള ഭാരത ടീം ബംഗ്ലാ ബൗളിങ്ങിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീഴുമ്പോഴാണ് രക്ഷകനായി അശ്വിന്‍ അവതരിച്ചത്. ചെപ്പോക്ക് പിച്ച് തനിക്ക് പരിപൂര്‍ണമായി ഇണങ്ങിയതെന്ന് അശ്വിന്‍ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. ഒപ്പം നിന്ന ജഡേജയെ വിക്കറ്റ് കളയാതെ സ്‌കോര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടു കൂടിയായിരുന്നു ആ ബാറ്റിങ്.

ചെപ്പോക്കില്‍ ഒന്നും രണ്ടും ദിനങ്ങളില്‍ പിടിമുറുക്കിയത് പേസര്‍മാരാണ്. അതിന്റെ തെളിവാണ് ഒന്നാം ദിനം ഭാരതം വലിയ തിരിച്ചടി നേരിട്ടതും. രണ്ടാം ദിനം രാവിലെ തന്നെ വളരെ വേഗം ഓള്‍ ഔട്ടായതും. ഇതിന് പിന്നാലെ ബംഗ്ലാദേശ് ബാറ്റ് ചെയ്യാനെത്തുമ്പോള്‍ കണ്ടതും ചെപ്പോക്കിന്റെ പേസ് അനുഭാവം ആണ്. സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റുമായി നിറഞ്ഞാടിയപ്പോള്‍ പിന്തുണച്ചുകൊണ്ട് രണ്ട് വീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജും ആകാശ് ദീപും പേസര്‍മാരായിരുന്നു. അശ്വിന് വിക്കറ്റ് കിട്ടിയതേയില്ല. പക്ഷെ ജഡേജ രണ്ട് പേരെ പുറത്താക്കി.

ശുഭ്മാന്‍ ഗില്ലിന്റെയും(പുറത്താകാതെ 119) ഋഷഭ് പന്തിന്റെയും(109) മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ മികവോടെ തലയുയര്‍ത്തി നിന്നു. പക്ഷെ ചെപ്പോക്കിന്റെ സ്വഭാവം പേസിന് നല്‍കിയ അനുഭാവത്തില്‍ നിന്നും സ്പിന്നിനെ പിന്തുണയ്‌ക്കാന്‍ തുടങ്ങിയിരുന്നു. ഈ സമയത്താണ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തുകൊണ്ട് ഭാരത നായകന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിന് മുന്നില്‍ 515 റണ്‍സ് വിജയലക്ഷ്യം വച്ചത്. അവരുടെ തുടക്കം കണ്ടപ്പോള്‍ ചെപ്പോക്ക് ബാറ്റിങ്ങിന് പാകപ്പെട്ടുവെന്ന് തോന്നിച്ചു. പക്ഷെ ബുംറ തന്റെ പതിവ് സാക്കിര്‍ ഹുസൈനെ പുറത്താക്കി ആഘോഷിച്ചു. പിന്നാലെ അശ്വിന്റെ സ്പിന്‍ പ്രഹരം തുടങ്ങി. മൂന്നാം ദിവസം മൂന്ന് വിക്കറ്റ് നേടി അശ്വിന്‍ നിലപാട് വ്യക്തമാക്കി. നാലാം ദിവസം അധികം സമയം വേണ്ടിവന്നില്ല. മൂന്ന് വിക്കറ്റ് കൂടി നേടി രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേട്ടത്തോടെ പന്ത് കൊണ്ടും അശ്വിന്‍ ഭാരതത്തിന് വിലപ്പെട്ട സംഭാവന സമ്മാനിച്ചു. ഒപ്പം മൂന്ന് വിക്കറ്റുമായി ജഡേജയും. ജഡേജയെ കൂട്ടുപിടിച്ച് ചെപ്പോക്ക് ടെസ്റ്റിന് ഓള്‍റൗണ്ട് മികവിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയാണ് അശ്വിന്‍ കളിയിലെ താരമായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക