കൊച്ചി: മൂന്നാം മോദി സര്‍ക്കാര്‍ 100 ദിവസം തികയുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് വരുന്ന ഖാദി കരകൗശല തൊഴിലാളികള്‍ക്ക് വന്‍ വേതന വര്‍ധന പ്രഖ്യാപിച്ച് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്.
സ്പിന്നര്‍മാരുടെ വേതനത്തില്‍ 25 ശതമാനവും നെയ്ത്തുകാരുടെ വേതനത്തില്‍ 7 ശതമാനവും വര്‍ധനയാണ് നടപ്പാവുന്നത്. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ചെയര്മാന് മനോജ് കുമാര്‍ പറഞ്ഞു. ഗാന്ധിജിയുടെ ജന്മസ്ഥലമായ പോര്‍ബന്ദറില്‍ അസ്മാവതി നദീതീരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെയ്ത്തുകാര്‍ക്ക് ഒരു നൂല്ക്കിഴിക്ക് 10 രൂപയ്ക്ക് പകരം 12.50 രൂപ ലഭിക്കും. 2023 ഏപ്രില്‍ ഒന്ന് മുതല്‍ ഒരു നൂല്ക്കിഴിക്ക് 7.50 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ത്തിയിരുന്നു. അതാണ് ഇപ്പോള്‍ 12.50 രൂപയായി വര്‍ധിപ്പിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഖാദി വിറ്റുവരവ് 1.55 ലക്ഷം കോടി കവിഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ‘ഖാദി ക്രാന്തി’ പദ്ധതി സ്പിന്നര്‍മാരുടെയും നെയ്ത്തുകാരുടെയും ജീവിതത്തില്‍ വലിയ മാറ്റം വരുത്തിയെന്നും ‘ന്യൂ ഖാദി ഓഫ് ന്യൂ ഇന്ത്യ’ ആത്മനിര്‍ഭര്‍ ഭാരത്, വികസിത് ഭാരത് കാമ്പയിനിന് പുതിയ ദിശാബോധം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കെവിഐസിയുടെ സൈലൈ സമൃദ്ധി യോജന പദ്ധതിക്കും തുടക്കമായി. ഇതിന്റെ രജിസ്ട്രേഷനും ആരംഭിച്ചു.
രാജ്യത്തുടനീളം 3,000 രജിസ്റ്റര്‍ ചെയ്ത ഖാദി സ്ഥാപനങ്ങള്‍ ഉണ്ട്. 4.98 ലക്ഷം ഖാദി കരകൗശല തൊഴിലാളികളാണുള്ളത്. ഇതില്‍ 80 ശതമാനവും സ്ത്രീകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാമിന്(പിഎംഇജിപി) കീഴിലുള്ള 3911 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 101 കോടിയാണ് സബ്സിഡിയായി ലഭിക്കുന്നത്. ഇതിലൂടെ 43,021 പുതിയ തൊഴിലവസരങ്ങള്‍ ആണ് ഉണ്ടായത്. 1100 പുതിയ പിഎംഇജിപി യൂണിറ്റുകളുടെ ഉദ്ഘാടനവും ചെയര്മാന് നിര്‍വഹിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 9.58 ലക്ഷം പുതിയ പദ്ധതികളിലായി 83.48 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇക്കാലയളവില്‍ കെവിഐസി 24 ആയിരം കോടി രൂപയുടെ മാര്‍ജിന്‍ മണി വിതരണം ചെയ്തു.
ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.17 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു, മനോജ്കുമാര്‍ പറഞ്ഞു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ചര്‍ക്കയുടെ അനാച്ഛാദനവും അസ്മാവതി നദീതീരത്ത് കെവിഐസി ചെയര്മാന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: