സുരക്ഷിത ആഗോള സംശുദ്ധ ഊർജവിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനുള്ള അമേരിക്ക-ഇന്ത്യ സംരംഭത്തിനായുള്ള മാർഗരേഖ
ദേശീയ-സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ശാശ്വതമായ പ്രതിബദ്ധത അമേരിക്കയും ഇന്ത്യയും പങ്കിടുന്നു. നമ്മുടെ സാമ്പത്തിക വളർച്ചാ കാര്യപരിപാടികളുടെ പ്രധാന വശമെന്ന നിലയിൽ, നമ്മുടെ ജനസംഖ്യക്ക് ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ആഗോളതലത്തിൽ സംശുദ്ധ ഊർജവിന്യാസം ത്വരിതപ്പെടുത്തൽ, ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കൽ എന്നിവ ഉൾപ്പെടെയുള്ള സംശുദ്ധ ഊർജപരിവർത്തനത്തിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുമിച്ചു പ്രവർത്തിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.
ഈ ലക്ഷ്യങ്ങളെ പിന്തുണച്ച്, സംശുദ്ധ ഊർജ സാങ്കേതികവിദ്യകൾക്കും ഘടകങ്ങൾക്കുമായി അമേരിക്കയുടെയും ഇന്ത്യയുടെയും ഉൽപ്പാദനശേഷി വികസിപ്പിക്കുന്നതിനും ആഫ്രിക്കയിലെ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മൂന്നാം രാജ്യങ്ങളിൽ മെച്ചപ്പെട്ട സഹകരണത്തിന് അടിത്തറയിടുന്നതിനും ഉഭയകക്ഷി സാങ്കേതിക-സാമ്പത്തിക-നയപര പിന്തുണ ഉയർത്താനും വികസിപ്പിക്കാനും അമേരിക്കയും ഇന്ത്യയും ഉദ്ദേശിക്കുന്നു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള സംശുദ്ധ ഊർജ സഹകരണത്തിനു കരുത്തേകുന്നതാണ് ഈ ശ്രമം. 2023ൽ പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ ആരംഭിച്ച സംശുദ്ധ ഊർജസംരംഭങ്ങൾ ഉൾപ്പെടെ അമേരിക്കൻ ഊർജവകുപ്പിന്റെയും ഇന്ത്യാ ഗവൺമെന്റ് മന്ത്രാലയങ്ങളുടെയും നേതൃത്വത്തിലുള്ള തന്ത്രപ്രധാന സംശുദ്ധ ഊർജപങ്കാളിത്തം, അമേരിക്കൻ പരീക്ഷണശാലകൾ നൽകുന്ന സാങ്കേതിക സഹായം, ഇന്ത്യയിൽ ഇലക്ട്രിക് ബസുകളുടെ ദ്രുതഗതിയിലുള്ള വിന്യാസത്തെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച പണമിടപാടു സുരക്ഷാസംവിധാനം പോലുള്ള നവീന സാമ്പത്തിക സൗകര്യങ്ങൾ എന്നിവയ്ക്ക് ഇതു സഹായകമാകും. അത്യാധുനിക സംശുദ്ധ ഊർജോൽപ്പാദന സാങ്കേതികവിദ്യകൾ കേന്ദ്രീകരിച്ചു പൊതുവായതും അതിജീവനശേഷിയുള്ളതും അത്യാധുനികവുമായ സാങ്കേതിക-വ്യാവസായിക അടിത്തറ സ്ഥാപിക്കുന്നതിനുള്ള അമേരിക്ക-ഇന്ത്യ പങ്കാളിത്തം ലോകത്തിനു കരുത്തുറ്റ മാതൃക സൃഷ്ടിക്കുകയും 21-ാം നൂറ്റാണ്ടിൽ സംശുദ്ധ സാമ്പത്തിക വികസനത്തിലേക്കു നമ്മുടെ രാജ്യങ്ങളെ നയിക്കുകയും ചെയ്യുന്നു.
ഈ പങ്കാളിത്തം ആരംഭിക്കുന്നതിന്, ഇന്ത്യയുടെ ആഭ്യന്തര സംശുദ്ധ ഊർജവിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾക്കായി പുനർനിർമാണ-വികസന അന്താരാഷ്ട്ര ബാങ്ക് (ഐബിആർഡി) മുഖേന ഒരു ബില്യൺ യുഎസ് ഡോളറിന്റെ പുതിയ ബഹുമുഖ ധനസഹായം ലഭ്യമാക്കാൻ അമേരിക്കയും ഇന്ത്യയും പ്രവർത്തിക്കുന്നു. സൗരോർജം, കാറ്റ്, ബാറ്ററി, ഊർജശൃംഖല സംവിധാനങ്ങൾ, ഉയർന്ന കാര്യക്ഷമതയുള്ള ശീതീകരണസംവിധാനം, സീലിങ് ഫാൻ വിതരണശൃംഖലകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രധാന സാങ്കേതിക വിഭാഗങ്ങൾക്കായുള്ള വിതരണവശത്തെ ഉൽപ്പാദനശേഷി വിപുലീകരണത്തെ ഈ ധനസഹായം പിന്തുണയ്ക്കും. കാലക്രമേണ, മുൻഗണനാ സംശുദ്ധ ഊർജോൽപ്പാദന മേഖലകളിലേക്ക് അധിക ധനസഹായം സമാഹരിക്കാൻ നാം ശ്രമിക്കുന്നു. അവ പൊതു-സ്വകാര്യ സാമ്പത്തിക സങ്കേതങ്ങൾ പ്രയോജനപ്പെടുത്തുകയും അനുയോജ്യമായ കാലാവസ്ഥാ സാമ്പത്തിക പ്രതിവിധികൾക്കുള്ള ദ്രുതഗതിയിലുള്ള ആവശ്യം നിറവേറ്റുന്നതിനു നൂതന സാമ്പത്തിക മാധ്യമങ്ങൾക്കു തുടക്കമിടുകയും ചെയ്യും.
നമ്മുടെ യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റുകയും തിരിച്ചറിഞ്ഞ മേഖലകളിലെ വിതരണശൃംഖല വിപുലീകരണത്തിനും വൈവിധ്യവൽക്കരണത്തിനും അർഥവത്തായ സംഭാവന നൽകുകയും ചെയ്യുന്ന സംശുദ്ധ ഊർജ മൂല്യശൃംഖലയിലുടനീളം പരീക്ഷണാർഥ പദ്ധതികളുടെ സഞ്ചയം കണ്ടെത്തുന്നതിന് പ്രസക്തമായ ഗവണ്മെന്റ് ഏജൻസികൾ, പൊതുസമൂഹം, അമേരിക്ക-ഇന്ത്യ സ്വകാര്യ മേഖലകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ബഹുമുഖ വികസന ബാങ്കുകൾ എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കാൻ അമേരിക്കയും ഇന്ത്യയും ഉദ്ദേശിക്കുന്നു. ഈ പുതിയ പങ്കാളിത്തം സമാരംഭിക്കുന്നതിനും തോതു വർധിപ്പിക്കുന്നതിനുമായി ഇനിപ്പറയുന്ന ശ്രമങ്ങളിൽ വ്യവസായ പ്രമുഖരുമായി പ്രവർത്തിക്കുമെന്ന് അമേരിക്ക-ഇന്ത്യ ഗവണ്മെന്റുകൾ പ്രതിജ്ഞ ചെയ്യുന്നു:
ഇനിപ്പറയുന്ന സംശുദ്ധ ഊർജ ഘടകങ്ങളിൽ പ്രാരംഭ ശ്രദ്ധ കേന്ദ്രീകരിച്ച്, നിർദിഷ്ട സംശുദ്ധ ഊർജ വിതരണശൃംഖല വിഭാഗങ്ങൾക്കായി ഉൽപ്പാദനശേഷി വിപുലീകരിക്കുന്നതിന് സമീപകാല നിക്ഷേപ അവസരങ്ങൾ തിരിച്ചറിയൽ:
സോളാർ വേഫറുകളും വേഫർ നിർമാണ ഉപകരണങ്ങളും അടുത്ത തലമുറ സൗരോർജ സെല്ലുകളും
വിൻഡ് ടർബൈൻ നാസെൽ ഘടകങ്ങൾ
കണ്ടക്ടറുകൾ, കേബിളിങ്, ട്രാൻസ്ഫോർമറുകൾ, അടുത്തതലമുറ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള ഊർജപ്രസരണരേഖ ഘടകങ്ങൾ
ബാറ്ററികൾ ഉൾപ്പെടെയുള്ള ഊർജസംഭരണ ഘടകങ്ങൾ
ഇരുചക്ര-മുച്ചക്ര ഇലക്ട്രിക് വാഹനങ്ങൾക്കും (ഇവികൾ) കാർബൺ പുറന്തള്ളലില്ലാത്ത ഇ-ബസ്, ട്രക്ക് ഘടകങ്ങൾക്കുമുള്ള ബാറ്ററി പായ്ക്കുകൾ
ഉയർന്ന കാര്യക്ഷമതയുള്ള ശീതീകരണസംവിധാനങ്ങളും സീലിങ് ഫാൻ ഘടകങ്ങളും
ആഫ്രിക്കയിലേക്കുള്ള സംശുദ്ധ ഊർജവിന്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിയുൾപ്പെടെ മേൽപ്പറഞ്ഞ വിതരണശൃംഖല വിഭാഗങ്ങളിൽ യോഗ്യതയുള്ള അവസരങ്ങൾ കണ്ടെത്തുന്നതിനും പരീക്ഷണാർഥ പദ്ധതികളുടെ പ്രാരംഭ സഞ്ചയത്തെ പിന്തുണയ്ക്കുന്നതിനും സ്വകാര്യ മേഖലയുമായി സഹകരിച്ചു പ്രവർത്തിക്കൽ. അധിക നിക്ഷേപ പദ്ധതികളും ധനസഹായ സ്രോതസ്സുകളും കാലക്രമേണ വികസിപ്പിക്കാൻ കഴിയും. സൗരോർജം, കാറ്റ്, ബാറ്ററി, നിർണായക ധാതുക്കൾ എന്നീ മേഖലകളിലുടനീളം അമേരിക്കൻ വികസന ധനകാര്യ കോർപ്പറേഷൻ (DFC) സുഗമമാക്കുന്ന സ്വകാര്യ മേഖല പങ്കാളിത്തത്തിൽ സംശുദ്ധ ഊർജഘടകങ്ങളുടെ ഉൽപ്പാദനത്തിനു ധനസഹായം നൽകുന്നതിനുള്ള അവസരങ്ങൾ തേടുന്നതിനാണ് ഈ ശ്രമം. അത്തരം നിക്ഷേപങ്ങൾ ഇന്ത്യയിലെ പുനരുപയോഗ ഊർജം, സംഭരണം, ഇ-മൊബിലിറ്റി നിക്ഷേപങ്ങളെ പിന്തുണയ്ക്കുകയും പ്രാദേശികവൽക്കരിച്ച ഉൽപ്പാദനത്തിനുള്ള ആവശ്യത്തിനു കരുത്തേകുകയും ചെയ്യുന്ന ഇന്ത്യയുടെ ഹരിത പ്രസരണ നിധിക്കു സാധ്യതയേറ്റുന്നു. കൂടാതെ പുനരുപയോഗ ഊർജം, കാര്യക്ഷമമായ ശീതികരണം, ഇലക്ട്രിക് വാഹനം തുടങ്ങിയ സംശുദ്ധ സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാൻ ഇന്ത്യൻ സ്വകാര്യ ഓഹരി നിധി കൈകാര്യം ചെയ്യുന്ന എവർസോഴ്സ് ക്യാപിറ്റലിന്റെ പുതിയ DFC പിന്തുണയുള്ള 900 ദശലക്ഷം ഡോളർ ധനസഹായത്തിനും ഇതിലൂടെ സാധ്യതയുണ്ട്.
സൗരോർജ-ബാറ്ററിസംഭരണ അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സംശുദ്ധ ഊർജവിന്യാസത്തിന് രാഷ്ട്രീയ പ്രതിബദ്ധത പ്രസ്താവിച്ച ആഫ്രിക്കൻ പങ്കാളികളുമായി ത്രിരാഷ്ട്രബന്ധം കെട്ടിപ്പടുക്കൽ. ഉയർന്ന സാധ്യതയുള്ള സൗരോർജ-ഇലക്ട്രിക് വിന്യാസ അവസരങ്ങൾ പിന്തുടരാനും പദ്ധതിവിജയത്തിന് ആവശ്യമായ വ്യവസ്ഥകൾ മനസ്സിലാക്കാനും പദ്ധതിവിജയത്തിനുള്ള പങ്കാളിത്തവും സാമ്പത്തികമാതൃകയും വിശദീകരിക്കാനും പദ്ധതി നടപ്പാക്കാനും ആഫ്രിക്കൻ പങ്കാളികളുമായി ഇന്ത്യക്കും അമേരിക്കയ്ക്കും ബഹുമുഖമായി പ്രവർത്തിക്കാനാകും. നിക്ഷേപ അവസരങ്ങൾ അനാവരണം ചെയ്യുന്നതിനും പ്രാദേശിക ആഫ്രിക്കൻ നിർമാതാക്കളുമായി പങ്കാളിത്തം വിപുലീകരിക്കുന്നതിനും പൊതു-സ്വകാര്യ സഹകരണം സുഗമമാക്കുന്നതിനും ഇന്ത്യൻ കമ്പനികളുമായി ചേർന്നു പ്രവർത്തിക്കാൻ അമേരിക്ക ലക്ഷ്യമിടുന്നു. ആരോഗ്യകേന്ദ്രങ്ങൾക്കു സമീപം സൗരോർജ-ഇവി ചാർജിങ് ശൃംഖലകൾ വിന്യസിക്കാൻ ഇന്ത്യ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സൗരസഖ്യവുമായി സഹകരിച്ച് DFCയും അന്താരാഷ്ട്ര വികസനത്തിനായുള്ള അമേരിക്കൻ ഏജൻസിയും ഈ ശ്രമത്തിന് നേതൃത്വമേകുന്നു.
പ്രാദേശികമായി നിർമിക്കുന്ന സംശുദ്ധ സാങ്കേതികവിദ്യകളുടെ ആവശ്യകത ഉറപ്പ് ശക്തിപ്പെടുത്തുന്ന നയങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് പരസ്പരമുള്ളതും വ്യവസായവുമായുള്ള സഹകരണം. അമേരിക്കൻ ഉഭയകക്ഷി അടിസ്ഥാനസൗകര്യ നിയമവും പണപ്പെരുപ്പം കുറയ്ക്കൽ നിയമവും സംശുദ്ധ ഊർജ സാങ്കേതികവിദ്യകളുടെ വലിയ തോതിലുള്ള വിന്യാസത്തിൽ നിക്ഷേപിക്കുന്നതിനായി രൂപകൽപ്പനചെയ്ത ചരിത്രപരമായ നിയമങ്ങളാണ്. അതേസമയം കടൽത്തീര സംശുദ്ധ ഊർജവിതരണ ശൃംഖലകൾ ഉചിതമായി പുനരുജ്ജീവിപ്പിക്കുന്നിനായി അമേരിക്കയുടെ ഉൽപ്പാദനശേഷി പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. സമാനമായി, ഇന്ത്യയുടെ ഉൽപ്പാദനബന്ധിത ആനുകൂല്യ പദ്ധതികൾ സംശുദ്ധമായ ഊർജോൽപ്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനായി 4.5 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആഗോള വിപണിയുടെ ചലനാത്മകതയുടെയും നേരിയ ലാഭവിഹിതത്തിന്റെയും പശ്ചാത്തലത്തിൽ ഈ നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും അധിക നയങ്ങൾ അത്യന്താപേക്ഷിതമാണ്. ആവശ്യകതാ അനിശ്ചിതത്വങ്ങൾ കുറയ്ക്കുന്നതിനും മതിയായ ചേരുവകൾ, സാങ്കേതിക വൈദഗ്ധ്യം, ധനകാര്യം, മറ്റ് ഉൽപ്പാദന സാമഗ്രികൾ എന്നിവ ലഭ്യമാണെന്നും സുരക്ഷിതമാണെന്നും ഉറപ്പാക്കാനും നയ ചട്ടക്കൂടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാമെന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച പങ്കിടേണ്ടതിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും അംഗീകരിക്കുന്നു.
ഈ മാർഗരേഖ, പദ്ധതികളിൽ പ്രാരംഭ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഹ്രസ്വകാല സംവിധാനമായി പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഈ പങ്കാളിത്തം നിരവധി യോഗങ്ങൾക്കും നാഴികക്കല്ലുകൾക്കുമായി കൂട്ടായി പ്രവർത്തിക്കുന്നത് ഉൾപ്പെടെയുള്ള ദീർഘകാല മാർഗരേഖയുടെ വിവരങ്ങൾ പങ്കിടാൻ സഹായിക്കുകയും ചെയ്യുന്നു. ഈ മാർഗരേഖ ആഭ്യന്തരമോ അല്ലെങ്കിൽ അന്തർദേശീയമോ ആയ നിയമങ്ങൾക്കു കീഴിലുള്ള അവകാശങ്ങളോ ബാധ്യതകളോ ഉയർത്താൻ ഉദ്ദേശിച്ചുള്ളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: