Kerala

മുഖ്യമന്ത്രി വെളിപ്പെടുത്തുന്നു; സ്വര്‍ണക്കടത്തിന്റെ തലസ്ഥാനം മലപ്പുറം

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ തോതില്‍ സ്വര്‍ണക്കടത്തും ഹവാല പണമൊഴുക്കും നടക്കുന്നുവെന്ന് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കരിപ്പൂര്‍ വിമാനത്താവളം വഴി ഇവ എത്തുന്നത് കൂടുതലായും മലപ്പുറത്തെന്നും മുഖ്യമന്ത്രി. അന്‍വറിന്റെ ആരോപണം സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കള്ളപ്പണ ഇടപാടുകാര്‍ക്കുവേണ്ടി പോലീസിന്റെ മനോവീര്യം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമെന്നുള്ള സൂചന നല്കിയാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

സംസ്ഥാനത്ത് 2022ല്‍ 98 കേസുകളിലായി 79.9 കിലോഗ്രാം സ്വര്‍ണവും 23ല്‍ 61 കേസുകളില്‍ 48.7 കിലോഗ്രാം സ്വര്‍ണവും ഈ വര്‍ഷം 26 കേസുകളിലായി 18.1 കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. മൂന്നു വര്‍ഷത്തില്‍ ആകെ 147.79 കിലോ സ്വര്‍ണം പിടികൂടി. അതില്‍ മലപ്പുറം ജില്ലയില്‍ മാത്രം പിടിച്ചത് 124.47 കിലോ സ്വര്‍ണമാണ്. 2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടി രൂപയുടെ ഹവാലപ്പണമാണ് പോലീസ് പിടിച്ചെടുത്തത്. അതില്‍ 87.22 കോടിയും മലപ്പുറത്തു നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണവും ഹവാലപ്പണവും വരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഇത് കര്‍ക്കശമായി തടയുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറയുന്നു.

വിവാദങ്ങള്‍ സ്വര്‍ണക്കടത്തു സംഘങ്ങളുടെ പ്രതിഫലം പങ്കുവയ്‌ക്കല്‍ തര്‍ക്കമെന്ന വാദം ശരിവയ്‌ക്കുന്നതാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. മലപ്പുറം ജില്ല കേന്ദ്രീകരിച്ച കള്ളക്കടത്തുസംഘങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് രാഷ്‌ട്രീയ മാനങ്ങളും ഏറെയാണ്. ബിരിയാണി ചെമ്പില്‍ ക്ലിഫ്ഹൗസിലേക്ക് സ്വര്‍ണം കടത്തിയെന്നും നയതന്ത്രബാഗേജിലൂടെ തിരുവനന്തപുരം എയര്‍പോര്‍ട്ടുവഴി മുഖ്യമന്ത്രിക്കുവേണ്ടി ഡോളര്‍ കടത്തിയെന്നുമുള്ള ആരോപണങ്ങളില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്. മലബാര്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രി ആധികാരികമായി വെളിപ്പെടുത്തുകയും ഇത് നാടിനെതിരായ കുറ്റമാണെന്ന് തുറന്നുപറയുകയും ചെയ്തതോടെ അന്‍വര്‍ കൊളുത്തിവിട്ട ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനും വഴിയൊരുങ്ങി.

സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നത് നാടിനെതിരായ കുറ്റകൃത്യം തന്നെയാണെന്നും അത് ഒരുവിധത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി. പരിശോധനകള്‍ കര്‍ശനമാക്കാനും കള്ളക്കടത്തുകാരെ കര്‍ക്കശമായി കൈകാര്യം ചെയ്യാനും പോലീസിന് നിര്‍ദേശം നല്കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സ്വര്‍ണവും ഹവാലപ്പണവും കടത്തുന്നവരെ ശക്തമായി നേരിടുക എന്നത് നാടിനോടുള്ള കടമയാണ്. അതില്‍ നിന്ന് പിന്മാറാന്‍ പോലീസ് ഉദ്ദേശിക്കുന്നില്ല. സ്വര്‍ണക്കടത്ത് അവസാനിപ്പിക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കും. ഇനി കേരളത്തില്‍ സ്വര്‍ണം പിടിത്തം വേണ്ട, ഇഷ്ടം പോലെ പോയ്‌ക്കോട്ടെ, പോലീസ് തിരിഞ്ഞ് നോക്കേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാന്‍ കഴിയില്ലെന്നും കള്ളക്കടത്തിന്റെ മലബാര്‍ ലോബിക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.

പോലീസ് കള്ളക്കടത്തു സ്വര്‍ണം അടിച്ചുമാറ്റുന്നുവെന്ന ആരോപണം പരാമര്‍ശിക്കവെ, അന്വേഷണം നടക്കുന്നതിനാല്‍ അതിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ താന്‍ കടക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന സൂചനയാണ് നല്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക