കോട്ടയം: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ 55 ദിവസം മാത്രമിരിക്കെ ക്രമീകരണത്തില്‍ വലിയ വീഴ്ചയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വരുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു ആരോപിച്ചു. അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ അഞ്ചു വര്‍ഷമായി ഗുരുതരമായ വീഴ്ചയാണ് ബോര്‍ഡ് വരുത്തുന്നത്.
കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുക, കുടിവെള്ള സൗകര്യമൊരുക്കുക, വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കുക, മാലിന്യനിര്‍മാര്‍ജന പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കുക, കാനനപാത യാത്രായോഗ്യമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ മെല്ലെപ്പോക്കാണ്. ഇടത്താവള നവീകരണം, റോഡു നവീകരണം എന്നിവ തുടങ്ങിയിട്ടില്ല. മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഭക്ഷണം നല്കാന് ബോര്‍ഡ് നടപടി സ്വീകരിക്കുന്നില്ല. സൗജന്യമായി ഭക്ഷണം നല്‍കുന്നവരെ ഒഴിവാക്കാനാണ് ശ്രമം. സന്നിധാനത്തെ ഹോട്ടലുകള്‍ ഒഴിവാക്കി മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും അന്നം നല്‍കണമെന്ന ആവശ്യം നിരാകരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.
ഹോട്ടല്‍ മുതലാളിമാരെ സഹായിക്കാനാണ് ഈ നിലപാട്. സ്പോട്ട് ബുക്കിങ് ഇല്ലാത്തതിനാല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാത്തവര്‍ക്ക് പ്രവേശനമില്ല. നിലക്കലിലും, പമ്പയിലും സ്പോട്ട് ബുക്കിങ് തുടരണം. മെല്ലപ്പോക്ക് തുടര്‍ന്നാല്‍ ഹൈന്ദവ സംഘടനകളും ഭക്തജനസമൂഹവും പ്രക്ഷോഭം തുടങ്ങും. കര്‍മ പരിപാടികള്‍ ആവിഷ്കരിക്കാന്‍ ഒക്ടോബറില്‍ ഭക്തജന സംഘടന നേതൃസമ്മേളനം കോട്ടയത്ത് ചേരുമെന്നും ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: