ബെംഗളൂരു: വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള ആര്‍ത്തവാവധി നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. പ്രതിവര്‍ഷം ആറുദിവസം ശമ്പളത്തോടെയുള്ള അവധി ജീവനക്കാര്‍ക്ക് അനുവദിക്കും. സംസ്ഥാനത്തെ പൊതു, സ്വകാര്യ മേഖലകളില്‍ ഒരുപോലെ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ബെംഗളൂരുവില്‍ നിരവധി സ്വകാര്യ കമ്പനികള്‍ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ തീരുമാനം എല്ലാ ജീവനക്കാര്‍ക്കും ഒരുപോലെ ബാധകമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി നല്‍കുന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ 18 അംഗ സമിതിയെ നിയോഗിച്ചിരുന്നു. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി നിയമവിഭാഗം പ്രൊഫസര്‍ എസ്. സപ്നയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടില്‍ ആറുദിവസം അവധി നല്‍കണമെന്നാണ് നിര്‍ദേശം.
ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സന്തോഷ് ലാഡ് അറിയിച്ചു. ഇതിനായി സമിതിയംഗങ്ങളുടെ യോഗം ഉടന്‍ ചേരും. നിയമം നടപ്പാക്കുന്നതിനായി പൊതുജനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും മറ്റും അഭിപ്രായം തേടും. അവധി എപ്പോള്‍ വേണമെന്ന് ജീവനക്കാര്‍ക്ക് സ്വയം തിരഞ്ഞെടുക്കാന്‍ അവസരംനല്കുന്ന രീതിയിലാണ് നിയമം നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: