ചെന്നൈ: ചെപ്പോക്ക് ടെസ്റ്റില്‍ ഭാരതം അനിവാര്യമായ വിജയത്തിലേക്ക്. എതിരാളികളായ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കെ ഭാരതത്തെക്കാള്‍ 356 റണ്‍സ് പിന്നിലാണ്. ശുഭ്മാന്‍ ഗില്ലിന്റെ അപരാജിത സെഞ്ചുറിയും(119*) ഋഷഭ് പന്തിന്റെ തട്ടുപൊളിപ്പന്‍ സെഞ്ചുറിയും(109) ചേര്‍ന്നപ്പോള്‍ ഭാരതം രണ്ടാം ഇന്നിങ്സില്‍ 515 റണ്‍സ് ലീഡ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാ നിര അശ്വിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തില്‍ വമ്പന്‍ തിരിച്ചടി നേരിട്ടു നില്ക്കയാണ്.
വെളിച്ചക്കുറവ് കാരണം മൂന്നാം ദിവസത്തെ കളി ഇന്നലെ അല്‍പ്പം നേരത്തെ നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്സില്‍ ഭാരതം ഇന്നലെ നാലിന് 287 റണ്‍സ് എന്ന നിലയിലാണ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിങ്സില്‍ ടീം നേടിയ 376 റണ്‍സിനെതിരെ സന്ദര്‍ശകര്‍ക്ക് 149 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ.
ചെന്നൈയിലെ പിച്ച് സ്പിന്നിനോട് കൂടുതല്‍ അനുഭാവം കാട്ടാന്‍ തുടങ്ങിയ വിധത്തിലാണ് കളി മുന്നേറുന്നത്. നാട്ടുകാരനായ ആര്. അശ്വിന് സ്പെഷ്യലിസ്റ്റ് സ്പിന്നറായിട്ട് കൂടി ആദ്യ ഇന്നിങ്സില്‍ ഒരു വിക്കറ്റ് പോലും കിട്ടിയില്ല. പക്ഷെ ഇന്നലെ 15 ഓവറുകള്‍ എറിഞ്ഞപ്പോഴേക്കും മൂന്ന് വിക്കറ്റ് നേടി. 63 റണ്‍സ് വഴങ്ങിയിട്ടുണ്ട്. കളി തീരാന്‍ രണ്ടര ദിവസം കൂടി ശേഷിക്കെയാണ് ഭാരത നായകന് രോഹിത് ശര്‍മ 500 റണ്‍സിന് മേല്‍ ലീഡ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശ് കരുതലോടെ തുടങ്ങിയെങ്കിലും ബുംറയുടെ പന്തില്‍ ഓപ്പണര്‍ സാക്കിര്‍ ഹസന്(33) പുറത്തായി. യശസ്വി ജയ്സ്വാളിനായിരുന്നു ക്യാച്ച്. ഒന്നാം വിക്കറ്റില്‍ ഷദ്മാന്‍ ഇസ്ലാമിനൊപ്പം ചേര്‍ന്നെടുത്തത് 62 റണ്‍സാണ്.
അധികം വൈകാതെ രോഹിത് സ്പിന്നര്‍മാരെ പന്തേല്‍പ്പിച്ചതോടെ പിച്ചിന്റെ ഗതിമാറ്റവും പ്രകടമായി. ഷദ്മാന്‍ ഇസ്ലാമിനെ(35) മടക്കി അശ്വിന് പണി തുടങ്ങി. ബംഗ്ലാ സ്കോര്‍ 150 കടക്കും മുമ്പേ രണ്ട് പേരെ കൂടി അശ്വിന് മടക്കിഅയച്ചു. മോനിമുല്‍ ഹഖിനെ(13) മികച്ചൊരു പന്തില്‍ ബൗള്‍ഡാക്കി. ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച മുഷ്ഫിഖുര്‍ റഹിമിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ കെ.എല്‍. രാഹുല്‍ പിടികൂടി. അശ്വിനായിരുന്നു ഈ വിക്കറ്റും. അശ്വിന്റെ സ്പിന്‍ ആക്രമണത്തെ ചെറുക്കാന്‍ ബംഗ്ലാ നായകന് നജ്മുല്‍ ഹൊസെയിന് ഷാന്റോ(പുറത്താകാതെ 51)യ്ക്ക് സാധിച്ചു. അശ്വിനെതിരെ മൂന്ന് സിക്സറുകള്‍ പറത്തി ഷാന്റോ അക്കാര്യം അടിവരയിട്ടു തെളിയിച്ചു നില്‍ക്കുകയാണ്. ക്യാപ്റ്റനൊപ്പം ഷാക്കിബ് അല്‍ ഹസന്(അഞ്ച്*) ആണ് ക്രീസില്‍.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സുമായി മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഭാരതത്തിനായി ആക്രമണ ദൗത്യം ഋഷഭ് പന്ത് ഏറ്റെടുത്തു. ഗില്‍ അടിത്തറയിടുകയും ചെയ്തു. ഭാരതം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുമ്പോഴും 176 പന്തുകള്‍ നേരിട്ട ഗില്‍ പുറത്താകാതെ നല്ക്കുന്നുണ്ടായിരുന്നു. മറുവശത്ത് തകര്‍ത്തടിച്ച ഋഷഭ് നാല് സിക്സറും 13 ബൗണ്ടറികളും സഹിതമാണ് 128 പന്തുകളില്‍ 109 റണ്‍സെടുത്ത് പുറത്തായത്. ഇന്നലെ ഭാരതത്തിന് നഷ്ടപ്പെട്ട ഏക വിക്കറ്റ് ഋഷഭിന്റേതായിരുന്നു. കെ.എല്‍. രാഹുല്‍ പുറത്താകാതെ 22 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: