ബെംഗളൂരു : കർണാടകത്തിൽ ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രസാദം തയ്യാറാക്കാൻ കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന നന്ദിനി നെയ്യ്‌മാത്രമേ ഉപയോഗിക്കാവൂവെന്ന് ഉത്തരവിറക്കി കർണാടക സർക്കാർ.
തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിൽ വിതരണംചെയ്ത പ്രസാദ ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഉത്തരവ്.
നിലവാരമുള്ള പ്രസാദം തയ്യാറാക്കി ഭക്തർക്ക് നൽകണമെന്ന് ദേവസ്വംവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. നിലവിൽ ഭൂരിഭാഗം അമ്പലങ്ങളിലും പ്രസാദം തയ്യാറാക്കാൻ നന്ദിനി നെയ്യ് തന്നെയാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് ആശങ്കയുണ്ടാകാതിരിക്കാനാണ് ഉത്തരവിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പുണ്ടെന്ന് ആരോപണവുമായി ബന്ധപ്പെട്ട് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്) വിശദീകരണം നല്‍കിയിരുന്നു. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് ലഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. പിന്നാലെ കെഎംഎഫ് ആണ് തിരുപ്പതി ലഡുവിനായി നെയ്യ് വിതരണം ചെയ്യുന്നതെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് തങ്ങളില്‍ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: