ബുഡാപെസ്റ്റ് : ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ അര്ജുന് എരിഗെയ്സി 2800 എന്ന റേറ്റിംഗ് പോയിന്റിന് അരികില്‍ നിലകൊള്ളുകയാണ്. 180 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം ബോര്‍ഡില്‍ കളിക്കുന്നത് അര്ജുന് എരിഗെയ്സിയാണ്. അര്ജുന് എരിഗെയ്സി ചെസ് ഒളിമ്പ്യാഡില്‍ ഇക്കുറി ഒരു തോല്‍വി പോലും അറിയാതെ മുന്നേറുകയാണ്. ആകെ കളിച്ച ഒന്‍പത് കളികളില്‍ ഏഴിലും അര്ജുന് എരിഗെയ്സി ജയിച്ചു. രണ്ട് കളികളില്‍ സമനിലയും നേടി.
എട്ടാം റൗണ്ടില്‍ ഇറാന്റെ ധനേശ്വര്‍ ബാര്ഡിയയെ തോല്പിച്ചതോടെയാണ് അര്ജുന് എരിഗെയ്സിയുടെ റേറ്റിംഗ് ഉയര്‍ന്നത്. ഇപ്പോള്‍ 2793 പോയിന്റില്‍ എത്തിനില്‍ക്കുകയാണ് അര്ജുന് എരിഗെയ്സി ഇനി ഏഴ് പോയിന്റ് കൂടി കിട്ടിയാല്‍ അര്ജുന് എരിഗെയ്സി 2800 ഇഎല്‍ഒ പോയിന്റ് എന്ന റെക്കോഡില്‍ എത്തും. ഇപ്പോള്‍ 2800ന് മുകളില്‍ ഇഎല്‍ഒ പോയിന്റ് ഉള്ളത് രണ്ട് പേര്‍ക്ക് മാത്രമാണ്- ഒന്ന് അജയ്യനായ നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ്-2832 ആണ് ഇദ്ദേഹത്തിന്റെ ഇഎല്‍ഒ റേറ്റിംഗ്. മറ്റൊന്ന് അമേരിക്കയുടെ ഹികാരു നകാമുറ -ഇദ്ദേഹത്തിന്റെ റേറ്റിംഗ് 2802 ആണ്. മൂന്നാംസ്ഥാനത്തുള്ള അമേരിക്കയുടെ ഫാബിയാനോ കരുവാനയ്ക്ക് 2800 തികയ്ക്കാനായിട്ടില്ല. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഇഎല്‍ഒ റേറ്റിംഗ് 2798 മാത്രം. അര്ജുന് എരിഗെയ്സി 2800 ഇഎല്‍ഒ പോയിന്റ് തികച്ചാല്‍ ഇന്ത്യയില്‍ നിന്നും ആ നേട്ടത്തിന് അര്‍ഹനാകുന്ന ഏകതാരമായി അര്ജുന് എരിഗെയ്സി മാറും.
സൂപ്പര്‍ ഗ്രാന്റ് മാസ്റ്ററാകുമോ അര്ജുന് എരിഗെയ്സി?
ഇഎല്‍ഒ റേറ്റിംഗ് 2800ല്‍ എത്തുന്നവര്‍ സൂപ്പര്‍ ഗ്രാന്റ് മാസ്റ്റര്‍ എന്നാണ് അറിയപ്പെടുക. അതനുസരിച്ച് ലോകത്തിലെ മികച്ച ചെസ് ടൂര്‍ണ്ണമെന്റുകള്‍ അവരെ തേടിയെത്തും. ചെസിലെ ഏറ്റവും മികച്ച ഗ്രാന്റ് മാസ്റ്റര്‍മാരാണ് സൂപ്പര്‍ ഗ്രാന്റ് മാസ്റ്ററാവുക.
ഫിഡേയുടെ ഇപ്പോഴത്തെ പട്ടിക അനുസരിച്ച് ലോകത്തിലെ നാലാം റാങ്കുകാരന് അര്ജുന് എരിഗെയ്സിയാണ്. ഈ പട്ടികയില്‍ എരിഗെയ്സിക്ക് 2778 എന്ന റേറ്റിംഗേ നല്‍കിയിട്ടുള്ളൂ. പക്ഷെ ഇപ്പോള്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഒറ്റക്കളി പോലും തോല്‍ക്കാതെ, ഒമ്പതില്‍ ഏഴ് കളികളും ജയിച്ചതോടെയാണ് അര്ജുന് എരിഗെയ്സിയുടെ ലൈവ് റേറ്റിംഗ് 2793ല്‍ എത്തിയിരിക്കുന്നത്. സുപ്പര്‍ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടാന്‍ അദമ്യമായ ദാഹത്തോടെ മുന്നേറുകയാണ് അര്ജുന് എരിഗെയ്സി
ഭ്രാന്തനായ ചെസ് കളിക്കാരന്
തെലുങ്കാനയിലെ വാറംഗലില്‍ നിന്നുള്ള താരമാണ് അര്ജുന് എരിഗെയ്സി. ചെസിലെ അജയ്യനായ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സനാണ് അര്ജുന് എരിഗെയ്സിയെ ചെസ്സിലെ ഭ്രാന്തനായ കളിക്കാരന് എന്ന് വിശേഷിപ്പിച്ചത്. “ഓരോ ഗെയിമിലും എതിരാളികളെ വീഴ്ത്തുക എന്ന ആഗ്രഹമുള്ളയാളാണ് അര്ജുന് എരിഗെയ്സി. ഭ്രാന്തമായ തയ്യാറെടുപ്പുകള്‍ക്കൊപ്പം അങ്ങേയറ്റം വിജയമോഹത്തോടെ കരുക്കള്‍ നീക്കുന്ന കളിക്കാരന്. അതാണ് അര്ജുന് എരിഗെയ്സിയെ അപകടകാരിയായ കളിക്കാരനാക്കുന്നത്. “- ഒരു അഭിമുഖത്തില്‍ മാഗ്നസ് കാള്സന് പറഞ്ഞ വാക്കുകള്‍ ആണിത്.
ഇന്ത്യയില്‍ വിശ്വനാഥന് ആനന്ദിന് മാത്രമേ ഇതിന് മുന്‍പ് 2800ന് മുകളില്‍ ഇഎല്‍ഒ റേറ്റിംഗ് നേടിയിട്ടുള്ളൂ. മുന്‍പ് മികച്ച ഫോമിലായിരുന്ന നാളുകളില്‍ ഒരു ഘട്ടത്തില്‍ ആനന്ദിന്റെ ഇഎല്‍ഒ റേറ്റിംഗ് 2817 പോയിന്റ് വരെ ഉയര്‍ന്നിട്ടുണ്ട്. പക്ഷെ ആനന്ദിന്റെ ഇപ്പോഴത്തെ ഇഎല്‍ഒ റേറ്റിംഗ് വെറും 2751 മാത്രമാണ്. ഓരോ മാസത്തെയും അന്താരാഷ്ട്ര മത്സരങ്ങളിലെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഒരു കളിക്കാരന്റെ റേറ്റിംഗ് ഉയരുക.
ഈ ചെസ് ഒളിമ്പ്യാഡില്‍ ഇനി മൂന്ന് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ. ഒമ്പതാം റൗണ്ടില്‍ ഉസ്ബെക്സിസ്ഥാനുമായുള്ള മത്സരത്തില്‍ അര്ജുന് എരിഗെയ്സിക്ക് സമനില വഴങ്ങേണ്ടിവന്നു. ഏഴാം റൗണ്ടില്‍ ചൈനയുമായുള്ള മത്സരത്തിലും അര്ജുന് സമനിലയില്‍ ഒതുങ്ങി. ഇനിയുള്ള മൂന്ന് റൗണ്ടുകളില്‍ വിജയം നേടുമോ എന്നതിനെ ആശ്രയിച്ചിരിക്കും അര്ജുന് എരിഗെയ്സിയുടെ 2800 ഇഎല്‍ഒ പോയിന്റ് എന്ന ചരിത്രത്തിലേക്കുള്ള നടത്തം.
ന്യൂറോ സര്‍ജന്റെ മകന്റെ ചെസിലേക്കുള്ള ചുവടുവെയ്പ്
തമാശയ്ക്കായി കൂട്ടുകാര്‍ക്കൊത്ത് ചെസ് കളിച്ചിരുന്ന അര്ജുന് എരിഗെയ്സിയ്ക്ക് പൊടുന്നനെ ചെസ് അഭിനിവേശമായി മാറി. ന്യൂറോ സര്‍ജനായ അച്ഛന് ഇ. ശ്രീനിവാസറാവു മകനിലെ അഭിനിവേശം തിരിച്ചറിഞ്ഞു. തെലുങ്കാനയിലെ കോത്താപേട്ടിലെ റേസ് അക്കാദമിയില്‍ പതിനൊന്നാം വയസ്സ് മുതല്‍ ചെസ് കോച്ചിംഗിന് വിട്ടു. 2014ല്‍ 13 വയസ്സിനു താഴെയുള്ളവരുടെ മത്സരത്തില്‍ കിരീടം ചൂടി. 2018ല്‍ 14ാം വയസ്സില്‍ ഫിഡെ ഗ്രാന്റ് മാസ്റ്റര്‍ പദവി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: