തിരുവനന്തപുരം: സിപിഎം എംഎല്‍എ പി.വി അന്‍വറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഇടതുപക്ഷ ഇടതുപക്ഷ എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനമല്ല പി. വി അൻവറിൻ്റേത്. പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പിവി അൻവർ ചെയ്യേണ്ടിയിരുന്നത്. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും കോൺഗ്രസിൽ നിന്ന് വന്നയാളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അൻവർ തന്നെ പറയുന്നു ഞങ്ങളെയെല്ലാം പാർട്ടി നിയോഗിച്ചതാണെന്ന്. അങ്ങനെയെല്ലാമുള്ള ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ പാർട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലുംപെടുത്താമായിരുന്നു. പിന്നീട് ആകാമായിരുന്നു പരസ്യനടപടി. അങ്ങനെയാണ് സാധാരണനിലയില്‍ പോകേണ്ടത്. അതല്ല സംഭവിച്ചത്, ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കുന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
അൻവർ, ഐ പി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിന്റെ കോൾ റെക്കോർഡിങ് പുറത്തുവിട്ടത് മോശമായ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസം വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അൻവറിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചെങ്കിലും മറുപടി നൽകിയില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. 5 മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും തുടരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
എന്നാല്‍, പി ശശി മാതൃകാപരമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. അദ്ദേഹം സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടി നിയോഗിച്ച് എന്റെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരുതരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരുപറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുകയാണ്. ഒരു തരത്തിലുള്ള പരിശോധനയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി. ഈ സർക്കാരിനെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാൻ മാത്രമാണ് അദ്ദേഹം അവിടെ ഇരിക്കുന്നത്. അല്ലാത്ത തരത്തില്‍ നടപടി സ്വീകരിച്ചാല്‍ ശശിയല്ല ആർക്കാണേലും അവിടെ ഇരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല, അതിന്റെ വിരോധം വെച്ച് വിളിച്ചു പറഞ്ഞാല്‍ മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: