തിരുവനന്തപുരം: എഡിജിപി എം.ആര് അജിത് കുമാറിനെ വീണ്ടും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണങ്ങളുടെ പേരിൽ എം.ആര് അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
പോലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ല. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർ വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാധാരണഗതിയിൽ പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുതയെന്നതാണ് പതിവ് രീതി. ഇവിടെ അൻവർ പരാതി നൽകുന്നതിന് മുൻപ് തന്നെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഓരോ ദിവസവും ഇത്തരത്തിൽ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ സംസ്ഥാന പോലീസ് മേധാവിയെ നിയോഗിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഒരു മുൻവിധിയോടെയും ഈ വിഷയത്തിൽ സമീപിക്കുന്നില്ല. എസ്പിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. ബാക്കി കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. ആരോപണ വിധേയർ ആര് എന്നല്ല, എന്താണ് വിഷയം എന്നാണ് പരിശോധിക്കുന്നത്. ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച തന്റെ ഇടനിലക്കാരമായി കണ്ടു എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. രാഷ്ട്രീയ ദൗത്യങ്ങൾക്കായി പോലീസിനെ അയക്കുന്നത് ഞങ്ങളുടെ രീതിയല്ലെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. കെ. കരുണാകരന്റെ കാലത്ത് ജയറാം പടിക്കലിനെ ബിജെപി നേതാക്കളുടെ അടുത്തേക്ക് അയച്ചത് കോൺഗ്രസ് നേതാക്കളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥൻ രാഷ്ട്രീയ ലക്ഷ്യത്തോടെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിൽ നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള നടപടിയുണ്ടാകും – അദ്ദേഹം പറഞ്ഞു.
പൂരം വിവാദത്തില്‍ പരിശോധന നടക്കുന്നു. നിലവില്‍ പുറത്തുവന്ന വിവരാവകാശ മറുപടി വസ്തുത അനുസരിച്ചല്ല. തെറ്റായ വിവരം നല്കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി ചോദിച്ചിരുന്നു. ഈ മാസം 24 നകം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും എന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല, അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: