ഗുവാഹത്തി: അക്രമം ഉപേക്ഷിച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി ചർച്ചകൾക്ക് മുന്നോട്ട് വരണമെന്ന് തീവ്രവാദ ഗ്രൂപ്പുകളോട് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അന്താരാഷ്‌ട്ര സമാധാന ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
” ഇന്ന് ലോക സമാധാന ദിനത്തിൽ, സായുധ സംഘങ്ങളോട് ചർച്ചയിൽ പങ്കെടുക്കാനും ഒരുമിച്ച് അസമിന് ഒരു പുതിയ ഭാവിയെപ്പറ്റി സംസാരിക്കാനും ഞാൻ ആഹ്വാനം ചെയ്യുന്നു,” – മുഖ്യമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.
ഇതിനു പുറമെ അക്രമവും ഭീകരതയും ഒരിക്കലും സംസ്ഥാനത്തിന് നല്ല ഫലങ്ങൾ നൽകില്ല. അതേസമയം ചർച്ചകൾ അസമിനെ രാജ്യത്തെ തന്നെ ഒരു പ്രധാന സംസ്ഥാനമായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉൾഫയുടെ ഒരു വിഭാഗം ഉൾപ്പെടെ അസമിലെ നിരവധി തീവ്രവാദ സംഘടനകൾ സർക്കാരുമായി സമാധാന ഉടമ്പടികളിൽ ഒപ്പുവച്ച കാര്യവും അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി വിമതർ മുഖ്യധാരയിലേക്ക് മടങ്ങി.
എന്നിരുന്നാലും അതിന്റെ തലവൻ പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ ഇതുവരെ സർക്കാരുമായി ഒരു ചർച്ചയിലും ഏർപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അടുത്ത പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനം ഒരു ശക്തികേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെടരുതെന്ന് മുഖ്യമന്ത്രി ബറുവയോട് അഭ്യർത്ഥിച്ചു.
നേരത്തെ സ്വാതന്ത്ര്യ ദിനത്തിൽ 24 സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചതായി ഭീകര സംഘടന അവകാശപ്പെട്ടിരുന്നു. തുടർന്ന് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഗുവാഹത്തിയിൽ നിന്നും രണ്ടെണ്ണം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എട്ട് ബോംബുകൾ പോലീസ് കണ്ടെടുത്തു നിർവീര്യമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: