കൊൽക്കത്ത: കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിൽ പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ് അനുശോചിച്ചു. “അമ്മ മലയാളത്തിന്റെ അമ്മയായിരുന്നു കവിയൂർപൊന്നമ്മ. മലയാളികളുടെ മനസ്സിൽ കേവലം ഒരു അഭിനേത്രിയല്ല, മാതൃത്വത്തിന്റെ മൂർത്തരൂപമായിരുന്നു അവർ.” – അനുശോചനസന്ദേശത്തിൽ ആനന്ദബോസ് അനുസ്മരിച്ചു.
വെളളിയാഴ്ച വൈകിട്ട് ലിസി ആശുപത്രിയില്‍ അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയുടെ(79) സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍. രാവിലെ 9 മുതല്‍ 12 വരെ കളമശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
ഈ മാസം മൂന്നിന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് കവിയൂര്‍ പൊന്നമ്മയെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് അര്‍ബുദം സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്‌റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. ഗായികയായി കലാജീവിതം തുടങ്ങിയ പൊന്നമ്മ നാടകത്തിലൂടെ അഭിനേത്രിയായി സിനിമയില്‍ എത്തി. പതിനാലാം വയസില്‍, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകന്‍ തങ്കപ്പന്‍ മാസ്റ്ററുടെ നിര്‍ബന്ധത്തിലാണ് ആദ്യം സിനിമയിലഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: