അമ്മ കഥാപാത്രങ്ങളില്‍ തനിക്ക് പകരം വെക്കാനാരുമില്ലെന്ന് തെളിയിച്ച അതുല്യ കലാകാരി. മലയാള സിനിമയുടെ പ്രിയപ്പെട്ട കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് സിനിമാലോകം. സിനിമയിലും ജീവിതത്തിലും വാത്സല്യച്ചിരിയോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പൊന്നമ്മയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല.
ചെറുപ്പത്തിലേ അഭിനയിച്ച് തുടങ്ങി. മരണം വരെ സിനിമാ നടിയെന്ന ലേബലില്‍ തുടര്‍ന്നു. ഈ കാലത്തിനിടയില്‍ കുടുംബജീവിതവും മുന്നോട്ട് കൊണ്ട് പോയി. ഭര്‍ത്താവില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവസാന കാലത്തം അദ്ദേഹത്തെ സംരക്ഷിച്ചതും നടിയായിരുന്നു. മുന്‍പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ പങ്കെടുക്കവേ ഭര്‍ത്താവ് മണിസ്വാമിയെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു.
ഞങ്ങള്‍ രണ്ടു പേരും രണ്ട് ധ്രുവങ്ങളിലുള്ളവരാണ്. ഞാന്‍ എത്രത്തോളം സോഫ്റ്റ് ആണോ അത്രത്തോളം ദേഷ്യക്കാരനായിരുന്നു അദ്ദേഹം. എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല. ഒരു തവണ പോലുമില്ല. പക്ഷെ എന്റെയടുത്ത് കിടന്നാണ് മരിച്ചത്. ഗുരുവായൂരില്‍ ഒറ്റയ്‌ക്ക് താമസിക്കുകയായിരുന്നു. അവസാനമൊക്കെയായപ്പോള്‍ പത്ത് പന്ത്രണ്ട് ദിവസമൊക്കെ സംസാരിക്കാന്‍ പറ്റാതെയായിരുന്നു.
എന്റെ സഹോദരന്റെ ഭാര്യയൊക്കെ എപ്പോഴും വന്ന് നോക്കും. ചിലപ്പോള്‍ എനിക്കതൊക്കെ ആലോചിക്കുമ്പോള്‍ ദേഷ്യം തോന്നില്ല, പക്ഷേ വെറുപ്പ് തോന്നുമായിരുന്നു. അമൃതയില്‍ പോയി ചെക്ക് ചെയ്ത് വരുമ്പോള്‍ പുള്ളി എത്തുന്നതിന് മുമ്പേ ഡോക്ടര്‍ എന്നെ വിളിക്കും. ഏറി വന്നാല്‍ രണ്ടോ മൂന്നോ മാസമേ ഉണ്ടാകൂ, പുള്ളി എന്ത് ആഗ്രഹം പറഞ്ഞാലും അത് സാധിച്ചു കൊടുക്കണമെന്ന് പറഞ്ഞു. അതോടെ പിന്നെ, ഇനിയെത്ര കാലമാണ് ജീവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു.
ഒരു ഭര്‍ത്താവ് എങ്ങനെ ആകരുത് എന്നതിന് ഉദ്ദാഹരണമായിരുന്നു മണിസ്വാമി എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ നടി അത് സത്യമആണെന്ന് പറയുന്നു. കഷ്ടപ്പെട്ടു. എന്തിനായിരുന്നുവെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. ഇന്നും കിട്ടിയിട്ടില്ല. ശബ്ദം പോയ ശേഷം അദ്ദേഹം എന്റെ കൈ പിടിച്ച് കരയുമായിരുന്നു. ആ കരച്ചിലില്‍ ഒരുപാട് വാചകങ്ങളുണ്ടാകുമായിരിക്കാമെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അതെയെന്നാണ് നടിയുടെ മറുപടി.
അവസാന കാലത്ത് ഭര്‍ത്താവ് ഒരുപാട് ദുഖിച്ചിരുന്നു. എന്തൊക്കയോ എന്നോട് പറയണമെന്നും, മാപ്പ് ചോദിക്കണമെന്നുമൊക്കെ ഉണ്ടായിരുന്നിരിക്കാം. വാക്കുകളാല്‍ പറഞ്ഞില്ലെങ്കിലും ആ ഭാവം മനസിലാകുമായിരുന്നുവെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.
1969 ലായിരുന്നു നിര്‍മാതാവ് മണിസ്വാമിയും കവിയൂര്‍ പൊന്നമ്മയും തമ്മില്‍ വിവാഹിതരാവുന്നത്. കവിയൂര്‍ പൊന്നമ്മ ആദ്യമായി നായികയായി അഭിനയിച്ച റോസി എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു മണിസ്വാമി. സെറ്റില്‍ വെച്ചാണ് ഇരുവരും അടുപ്പത്തിലാവുന്നത്. ഇതോടെ അദ്ദേഹം പൊന്നമ്മയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. പക്ഷേ ആ ബന്ധം നിരാശാജനകമായിരുന്നു.
മകള്‍ ബിന്ധു ജനിച്ചതിന് ശേഷമായിരുന്നു പൊന്നമ്മയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. ഇടയ്‌ക്ക് പൊന്നമ്മയെ മണിസ്വാമി ഉപേക്ഷിച്ച് പോയി. അസുഖബാധിതനായതിന് ശേഷം ആരും നോക്കാനില്ലാതെ വന്നപ്പോഴാണ് തിരികെ ഭാര്യയുടെ അടുത്തേക്ക് എത്തുന്നത്. പിണക്കമൊക്കെ മറന്ന് നടി ഭര്‍ത്താവിനെ അവസാനം വരെ പരിചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: