ചേറ്റുവ കടപ്പുറത്തെ നാട്ടിടവഴികളില്‍ നിന്ന് നൂറ്റാണ്ടുകള്‍ പിന്നിലേക്ക്, ചരിത്രത്തിന്റെ രാജരഥങ്ങള്‍ ഓടിയ വഴികളിലൂടെ സഞ്ചരിച്ച വേലായുധന്‍ പണിക്കശ്ശേരി കണ്ടെടുത്തത് അമൂല്യ ചരിത്ര സത്യങ്ങളാണ്. ചെറുപ്പകാലത്ത് കേട്ടുവളര്‍ന്ന കുട്ടിക്കഥകളിലെ രാജാക്കന്മാരും ചക്രവര്‍ത്തിമാരും ധീരന്മാരായ പോരാളികളുമാണ് വേലായുധനെ ചരിത്രത്തിലേക്ക് ആകര്‍ഷിച്ചത്. വ്യാപാരിയായിരുന്ന അച്ഛന്‍ കൊണ്ടുവരുന്ന നാണയത്തുട്ടുകളിലെ ചരിത്ര പുരുഷന്മാരുടെ ചിത്രങ്ങള്‍ മനുഷ്യ വംശത്തിന്റെ ചരിത്രം തേടിപ്പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
രേഖീയമായ ചരിത്രപഠനം എന്നത് ഒരു പിന്‍നടത്തമാണ്. ഭൂതകാലത്തെ തേടി അന്വേഷണ ബുദ്ധിയോടെയുള്ള അലച്ചില്‍. അത്തരം അലച്ചിലുകള്‍ക്കിടയില്‍ ചിലപ്പോള്‍ ഒളിഞ്ഞു കിടക്കുന്ന മഹാസത്യങ്ങള്‍ വെളിപ്പെടും. ആ വെളിപ്പെടലുകളാണ് ഒരു ചരിത്രകാരന്റെ ജീവിതത്തെ ധന്യമാക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ നിന്ന് വേലായുധന്‍ പണിക്കശ്ശേരി എന്ന ചരിത്രകാരന്‍ ഏഴു പതിറ്റാണ്ട് മുന്‍പ് തുടങ്ങിയതാണ് ഈ അന്വേഷണം.
നാണയങ്ങളിലെ ചക്രവര്‍ത്തിമാരുടെ പ്രതിരൂപം കണ്ടുവളര്‍ന്ന വേലായുധന്റെ മനസില്‍ അവരുടെ ജീവന്‍ തുടിക്കുന്ന കഥകള്‍ അറിയാനുള്ള കൗതുകം ഏറുകയായിരുന്നു. ഏങ്ങണ്ടിയൂരിലെ ഗ്രാമീണ വായന ശാലയുടെ സൂക്ഷിപ്പുകാരനായി നിയോഗം ലഭിച്ചതോടെ ചരിത്ര വായനയുടെ അറ്റമില്ലാത്ത ലോകത്തേക്ക് പ്രവേശിക്കാനായി. ടിപ്പുവിന്റെ പടയോട്ടം അവശേഷിപ്പിച്ച ദുരന്ത ചിത്രങ്ങള്‍, ചേറ്റുവയിലെ ഡച്ച് കോട്ട, കുട്ടിക്കാലത്ത് വീട്ടില്‍ പണിക്ക് വന്നവര്‍ പറഞ്ഞുകേട്ട പൊടിപ്പും തൊങ്ങലും വച്ച നാടോടിക്കഥകള്‍, ഇതെല്ലാമാണ് വേലായുധനെ ചരിത്രത്തിലേക്ക് ആകര്‍ഷിച്ചത്.
ചരിത്രപുസ്തകങ്ങള്‍ പലതും സര്‍വകലാശാലകളിലെ പാഠപുസ്തകങ്ങളാണ്. 1965ലാണ് വേലായുധന്‍ പണിക്കശ്ശേരിയുടെ കേരള ചരിത്രം കേരള സര്‍വകലാശാല എംഎ സിലബസില്‍ ഉള്‍പ്പെടുത്തുന്നത്. പിന്നീട് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ സര്‍വകലാശാലകള്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെക്കാന്‍ പ്രദേശത്തിന്റെ പ്രാചീന നാഗരിക ചരിത്രം കണ്ടെടുത്തതാണ് വേലായുധന്‍ പണിക്കശ്ശേരിയുടെ മികച്ച സംഭാവനകളില്‍ പ്രധാനം. നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പ്രവാഹം വടക്കുനിന്ന് തെക്കോട്ട് മാത്രമാണെന്ന മുന്‍ധാരണകളെ തിരുത്തുന്നതായിരുന്നു ഈ കണ്ടെത്തല്‍.
മഹാശിലായുഗത്തില്‍ തന്നെ മനുഷ്യ വംശം വാസമുറപ്പിച്ചിരുന്ന പ്രദേശമായിരുന്നു ഡെക്കാന്‍ എന്ന് അദ്ദേഹം തെളിവുകള്‍ സഹിതം സമര്‍ത്ഥിച്ചു. വേദങ്ങളുടെ തമിഴ് ബന്ധത്തെക്കുറിച്ചും വേലായുധന്‍ പണിക്കശ്ശേരി നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.
പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളായ വേദങ്ങളിലും മറ്റും പരാമര്‍ശിക്കുന്ന ഗഹന തത്വങ്ങളുടെ സരള രൂപങ്ങള്‍ പ്രാചീന തമിഴ് ശിലാലിഖിതങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈദിക സാഹിത്യവും പ്രാചീന തമിഴ് സാഹിത്യവും ആശയപരമായി ഏറെക്കുറെ സമാനമാണ്. ഭാരതത്തില്‍ ഇപ്പോഴും 30 ശതമാനത്തിലേറെ പേര്‍ സംസാരിക്കുന്നത് തമിഴ് ഭാഷയില്‍ നിന്ന് രൂപം കൊണ്ട ഭാഷകളാണ്. ചരിത്ര വിദ്യാര്‍ത്ഥികള്‍ സമൂഹത്തിലെ സാമാന്യ ജനതയുടെ ജീവിതത്തെക്കുറിച്ച് പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഠിനമായ നൂറ്റാണ്ടുകള്‍ മനുഷ്യവംശം അതിജീവിച്ചത് എങ്ങനെ എന്നതാണ് യഥാര്‍ത്ഥ ചരിത്രമെന്ന് പണിക്കശ്ശേരി എഴുതി. ജനജീവിതത്തിന്റെ ക്രമമായ വളര്‍ച്ച കാണിക്കുന്നതാണ് ചരിത്ര പഠനങ്ങള്‍ എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.
ഇളംകുളം കുഞ്ഞന്‍പിള്ളയായിരുന്നു ചരിത്രരചനയിലെ വഴികാട്ടി. എങ്ങനെയാണ് ചരിത്രാന്വേഷണം നടത്തേണ്ടതെന്നും അവ രേഖപ്പെടുത്തി വയ്‌ക്കേണ്ടതെങ്ങനെയെന്നുമുള്ള വലിയ ഉപദേശങ്ങളാണ് ഇളംകുളത്തില്‍ നിന്ന് കിട്ടിയത്. ചരിത്രാന്വേഷി എന്ന നിലയില്‍ പിന്നീടുള്ള വളര്‍ച്ചയില്‍ ഇത് നിര്‍ണായക മായി. മറ്റൊരു തൊഴിലിലും താല്പര്യമുണ്ടായിരുന്നില്ല. ചരിത്രം അന്വേഷിക്കുക, കണ്ടെത്തുക, വരും തലമുറയ്‌ക്ക് വേണ്ടി പകര്‍ത്തി വയ്‌ക്കുക ഇതല്ലാതെ മറ്റൊരു കര്‍മ്മത്തിലും താല്പര്യമില്ലാത്തയാളായിരുന്നു വേലായുധന്‍ പണിക്കശ്ശേരി. അക്കാദമിക ബിരുദങ്ങളും അംഗീകാരങ്ങളുമല്ല പണിക്കശ്ശേരിയെ ചരിത്രകാരനാക്കിയത്. അന്വേഷണ ബുദ്ധിയും ഭൂതകാലത്തെ തേടി പകര്‍ത്താനുള്ള ഇച്ഛാശക്തിയും മാത്രമായിരുന്നു ആ വിജയത്തിന് പിന്നില്‍.
ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വഴി കാട്ടിയാണ് ഈ ചരിത്രകാരന്‍. അദ്ദേഹം ചരിത്രരചനയെ കാണ്ടത് സത്യത്തെ രേഖപ്പെടുത്തി വയ്‌ക്കുക എന്ന അര്‍ത്ഥത്തിലാണ്. ഭൂതകാല സത്യങ്ങളെ ഭാവിക്കുവേണ്ടി രേഖപ്പെടുത്തി വയ്‌ക്കുന്നത് വളരെ സത്യസന്ധവും നിഷ്പക്ഷവുമായി ചെയ്യേണ്ട ഒരു കാര്യമാണെന്നും ചരിത്രരചനയുടെ ഉദ്ദേശ്യം വ്യക്തികളെ മഹത്വവല്‍ക്കരിക്കുകയോ ഭരണാധികാരികളെ പ്രീണിപ്പിക്കുകയോ ആകരുതെന്നും ഉറച്ചു വിശ്വസിച്ച ചരിത്രകാരനായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക