കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ പൂജാ മണ്ഡപത്തില്‍ വിശ്വകര്‍മ്മ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന വിശ്വകര്‍മ്മ വിഗ്രഹം അക്രമികള്‍ തകര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇസ്ലാമിക തീവ്രവാദികളാണ് വിഗ്രഹത്തിന് കേടു വരുത്തിയതെന്നാണ് ആരോപണം.
മാള്‍ഡ ജില്ലയിലെ ഗജോളില്‍ ഇ -റിക്ഷാ യൂണിയന്‍ സ്ഥാപിച്ച പൂജാ മണ്ഡപമാണ് നശിപ്പിച്ചത്.
വിഗ്രഹത്തിന്റെ തലയും കൈകളും അക്രമികള്‍ തകര്‍ത്തു. വിശ്വകര്‍മ്മ ജയന്തി ദിനമായ 17ാം തീയതി രാത്രിയാണ് സംഭവം.പിറ്റേന്ന് രാവിലെയാണ് വിഗ്രഹം തകര്‍ത്ത നിലയില്‍ നാട്ടുകാര്‍ കണ്ടത്.
തടിച്ചുകൂടിയ പ്രദേശവാസികള്‍ ഉത്തരവാദികളെ വേഗത്തില്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധമുയര്‍ത്തി.കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് അടിയന്തര നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ടാണ് വിഗ്രഹം തകര്‍ത്തതെന്നാണ് നിഗമനം.
അടുത്തിടെ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് സ്ഥാപിച്ച പന്തലുകള്‍ക്കും ഘോഷയാത്രകള്‍ക്കുമെതിരെ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക