ബെയ്റൂട്ട്: ലെബനനിലെ ഹമാസ് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ കനത്ത വ്യോമാക്രമണം നടത്തി. തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ നൂറോളം റോക്കറ്റ് ലോഞ്ചറുകളും ആയിരം റോക്കറ്റ് ലോഞ്ചര്‍ ബാരലുകളുമുള്‍പ്പെടെ പ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. യുദ്ധത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അമേരിക്ക കൂടി സൈനിക വിന്യാസം ശക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി.
പേജര്‍, വാക്കി ടോക്കി സ്ഫോടന പരമ്പരകള്‍ക്കു പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചത്. ഇസ്രയേലിന്റെ വ്യോമാക്രമണം യുദ്ധ പ്രഖ്യാപനമാണെന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്കി. ഇസ്രയേല്‍ 52 വട്ടം ആക്രമിച്ചെന്ന് ലെബനന് നാഷണല്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഉഗ്രശക്തിയുള്ള ആയുധങ്ങളും പടക്കപ്പലുകളുമായി സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് അമേരിക്ക. സൈനികര്‍ 40,000ത്തില്‍ നിന്ന് 50,000 ആയി ഉയര്‍ത്തി. പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും നാലു പോര് വിമാനങ്ങളും സൈനിക വ്യൂഹത്തിലുണ്ട്. സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനും ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുമാണ് അമേരിക്കയുടെ സൈനിക വിന്യാസം.
യുദ്ധ നീക്കത്തിനെതിരേ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിനു മുന്നറിയിപ്പു നല്‍കിയിരുന്നു. അതേ സമയം, യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിനു യുഎസ് സൈനിക സഹായം നല്‍കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: