Entertainment

പാട്ടു പഠിച്ച് അരങ്ങിലെത്തി…

Published by

ത്തനംതിട്ടയിലെ കവിയൂരില്‍ ജനിച്ച കവിയൂര്‍ പൊന്നമ്മ ചങ്ങനാശ്ശേരിയില്‍ എത്തിയത് സംഗീതം പഠിക്കാന്‍. നന്നേ ചെറുപ്പത്തിലേ സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ വിഖ്യാത ഗായകന്‍ എല്‍.പി.ആര്‍. വര്‍മയുടെ ശിഷ്യയായി. വെച്ചൂര്‍ എസ്.ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം പഠിച്ചു. പതിനാലാമത്തെ വയസ്സില്‍ അക്കാലത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്സിന്റെ നാടകങ്ങളില്‍ ഗായികയായാണ് അരങ്ങിലെത്തിയത്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി.

ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് (1962) സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കള്‍ (1965) എന്ന ചിത്രത്തില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. 1965 ലെ തന്നെ ഓടയില്‍ നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന ഹിറ്റ് ഗാനമുള്‍പ്പടെയുള്ള രംഗങ്ങളില്‍ കവിയൂര്‍ പൊന്നമ്മ തിളങ്ങി. ആ വര്‍ഷം തന്നെ സത്യന്റെ അമ്മ വേഷവും ചെയ്ത് ഏതു കഥാപാത്രവും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു.

തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്‍, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്‍, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, നിര്‍മാല്യം, നെല്ല്, ദേവി കന്യാകുമാരി, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, ചോറ്റാനിക്കരയമ്മ, സുകൃതം, കരിമ്പന, ഓപ്പോള്‍, ഇളക്കങ്ങള്‍, സുഖമോ ദേവി, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, മഴവില്‍ക്കാവടി, വന്ദനം, കിരീടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍, വടക്കുംനാഥന്‍, ബാബാ കല്യാണി, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയ മലയാള ചിത്രങ്ങള്‍.
1962 ല്‍ സത്യ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. 1963 ല്‍ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങി എട്ടോളം സിനിമകളില്‍ പാട്ടുപാടിയിട്ടുണ്ട്. 1999 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളില്‍ ഒട്ടേറെ പരമ്പരകളില്‍ വേഷമിട്ടിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by