ഇ എസ് ബിജു(സംസ്ഥാന വക്താവ്, ഹിന്ദു ഐക്യവേദി)
ഭാരതത്തിന്റെ പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ തിലകക്കുറിയാണ് 1924 മാര്‍ച്ച് 30ന് ആരംഭിച്ച വൈക്കം സത്യഗ്രഹം. ഹിന്ദു സമാജത്തില്‍ നിലനിന്നിരുന്ന അയിത്തം, തീണ്ടല്‍, ഉച്ചനീച്ചത്വങ്ങള്‍ തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെ ഹിന്ദു സമൂഹം തന്നെ നടത്തിയപരിഷ്‌കരണശ്രമങ്ങളുടെ പരീക്ഷണശാല കൂടിയായിരുന്നു ഈ സത്യഗ്രഹം. ചരിത്രഗതി നിയന്ത്രിച്ച അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ അസ്തിത്വത്തിനും അസ്മിതക്കുമായി ഉയര്‍ന്ന ഈ പ്രതിഷേധം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടിത പ്രക്ഷോഭം എന്ന നിലയില്‍ സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തില്‍ പെടുത്താം എന്നാണ് ചരിത്രകാരന്മാരുടെ പൊതുവിലയിരുത്തല്‍. നൂറ്റാണ്ടുകളായി തൊട്ടുകൂടാത്തവരും, തീണ്ടിക്കൂടാത്തവരും, ദൃഷ്ടിയില്‍പ്പെട്ടാല്‍ ദോഷമുള്ളവരുമെന്ന് ധരിച്ചു കഴിഞ്ഞിരുന്ന ഒരു ജനതയുടെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ വീണ്ടെടുക്കാനുള്ള സമരത്തിന്റെ തുടക്കമായിരുന്നു വൈക്കം സത്യഗ്രഹം.
ദേശീയനേതാക്കളുടെയും ആധ്യാത്മിക ആചാര്യന്മാരുടെയും സാഹിത്യനായകന്മാരുടെയും സജീവ സാന്നിധ്യം സമരത്തിന് ചൂടും വെളിച്ചവും പകര്‍ന്നു. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരുദേവന്‍, ടി.കെ. മാധവന്‍, കെ.പി. കേശവമേനോന്‍, കെ. കേളപ്പന്‍, കൂറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, മന്നത്ത് പത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള എന്നിവരായിരുന്നു വൈക്കം സത്യഗ്രഹ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖര്‍. ആചാര്യ വിനോബ ഭാവേ, പെരിയോര്‍ രാമസ്വാമി നായ്‌ക്കര്‍, സി. രാജഗോപാ
ലാചാരി, കാമരാജ്, താരാ സിംഗ് തുടങ്ങിയവര്‍ കേരളത്തില്‍ എത്തി സത്യഗ്രഹത്തിന് പിന്തുണയും നേതൃത്വവും നല്‍കി. ആമച്ചാടി തേവനും രാമന്‍ ഇളയതും ചിറ്റേടത്ത് ശങ്കുപ്പിള്ളയും മുന്നോക്ക സമൂഹത്തില്‍പ്പെട്ട യാഥാസ്ഥിതിക വാദികളുടെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ ദൈന്യതയോടെ ജീവിക്കേണ്ടിവന്ന രക്തസാക്ഷികളാണ്. മഹാത്മാഗാന്ധിയുടെ നിസ്തുലമായ നേതൃത്വവും മാര്‍ഗ്ഗദര്‍ശനവും, ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവും ആശീര്‍വാദവും സജീവ പിന്തുണയും, ടി.കെ. മാധവന്റെ സംഘാടക പാടവവും സ്ഥിരോത്സാഹവും സത്യഗ്രഹത്തിന് ഊര്‍ജ്ജം പകര്‍ന്നു.
നിസ്സഹകരണ പ്രസ്ഥാനവും മലബാര്‍ കലാപവും മുതല്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അരങ്ങേറിയ ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ക്കു ശ്രീനാരായണ ഗുരുദേവന്‍ സാക്ഷിയായിരുന്നു. എന്നാലും അതിലൊന്നും അദ്ദേഹം പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുചേര്‍ന്നില്ല. എന്നാല്‍ðഗുരുദേവന്‍ നേരിട്ട് പങ്കുചേര്‍ന്ന സമരം ആയിരുന്നു വൈക്കം സത്യാഗ്രഹം.
1924 സെപ്റ്റംബറില്‍ ഗുരുദേവന്‍ സത്യഗ്രഹ ആശ്രമം സന്ദര്‍ശിച്ചു സത്യഗ്രഹികളെ ആശിര്‍വദിക്കുകയും, സമര നിധിയിലേക്ക് ആയിരം രൂപ സംഭാവന നല്‍കുകയും ചെയ്തു. സത്യഗ്രഹ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിന് ആലുവ അദൈ്വതാശ്രമത്തില്‍ നിന്ന് സത്യവ്രത സ്വാമികളെയും കോട്ടുകോയിക്കല്‍ വേലായുധനെയും ഗുരു ചുമതലപ്പെടുത്തുകയും ചെയ്തു.
സമൂഹത്തിന്റേതായാലും രാഷ്‌ട്രത്തിന്റെതായാലും ചരിത്രം പ്രധാനമാണ്. കടന്നുപോയ നാളുകളുടെ ഈടുവയ്‌പ്പാണ് ചരിത്രം. അവ മനുഷ്യമനസ്സില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കുന്നു. ജീവിത വീക്ഷണത്തെ രൂപപ്പെടുത്തുന്നു. ചരിത്രം വസ്തുനിഷ്ഠമായിരിക്കുന്നതോടൊപ്പം തന്നെ ആത്മനിഷ്ഠവുമായിരിക്കണം. കാലം കടന്നുപോകുമ്പോള്‍ വികാരങ്ങള്‍ ശാന്തമാകുന്നു. സംഭവങ്ങളെ കൂടുതല്‍ മിഴിവോടെയും സമചിത്തതയോടെയും അപ്പോള്‍ വിലയിരുത്തേണ്ടതുണ്ട്. വീക്ഷണ വ്യത്യാസങ്ങള്‍ വെച്ചുപുലര്‍ത്തുമ്പോള്‍ സത്യത്തിന്റെ മുഖം വികൃതമായി വിരചിക്കപ്പെടും. അങ്ങനൊരു ദുര്യോഗം വൈക്കം സത്യഗ്രഹത്തെ വിലയിരുത്തുന്നതിലും സംഭവിച്ചിട്ടുണ്ട്. സത്യഗ്രഹത്തിന്റെ ശരിയായ ദര്‍ശനത്തെ നിരാകരിച്ച് വെറുമൊരു സാമൂഹ്യമുന്നേറ്റമായി അവതരിപ്പിക്കുകയാണ് ചിലര്‍. തങ്ങളുടെ വികലമായ വീക്ഷണങ്ങള്‍ക്കുള്ളില്‍ നിന്ന് സത്യഗ്രഹത്തെ വിലയിരുത്തി ജനമധ്യത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ ഇക്കൂട്ടര്‍ സത്യത്തെ ശരശയ്യയിലാക്കുന്നു. ആവുന്നത്ര സത്യസന്ധമായി, വികാരങ്ങളും പക്ഷപാതങ്ങളും മാറ്റിവെച്ച്; വസ്തുതകളെയും സ്ഥിതിവിശേഷത്തെയും വിലയിരുത്തേണ്ടത് ഏതൊരുവന്റെയും ധര്‍മ്മമാണ്. ആ ധര്‍മ്മമേ വര്‍ത്തമാന ഭാവി തലമുറകളുടെ കെടാവിളക്കായി വിരാജിക്കു.
സവര്‍ണാവര്‍ണ്ണ ഭേദമില്ലാതെ ഹിന്ദു ജനത ഏക മനസ്സോടെ മുന്നേറിയ വൈക്കം സത്യഗ്രഹ സമര ചരിത്രം ആത്മാഭിമാനത്തോടും ആഹ്ലാദത്തോടും കൂടി ഈ ശതാബ്ദി വേളയില്‍ðഅനുസ്മരിക്കേണ്ടതുണ്ട്. സമരനായകന്മാരുടെ, നീതി നിഷേധിക്കപ്പെട്ട ജനതയുടെ ഞരമ്പുകളിലൂടെ പ്രവഹിച്ച തീക്ഷ്ണവും തീവ്രവുമായ ആദര്‍ശത്തിന്റെ തീനാളങ്ങള്‍ അണയാതെ കാത്തു രക്ഷിക്കാനുള്ള ചരിത്രപരമായ കടമ മറ്റാരെക്കാളും ഏറെ ഹൈന്ദവ സമാജത്തില്‍ നിക്ഷിപ്തമായിരിക്കുകയാണ്. ആ ദൗത്യത്തിന്റെ ഭാഗമാണ് ശതാബ്ദി വര്‍ഷത്തില്‍ പ്രത്യേകമായി ജന്മഭൂമി നി
ര്‍വഹിക്കുന്നത്.
ചരിത്രപശ്ചാത്തലം
ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെ ആരംഭ കാലഘട്ടമായിരുന്നു 1920 മുതല്‍ അങ്ങോട്ടുള്ള കാലം. 1920 മെയ് 13-ാം തീയതി എസ്എന്‍ഡിപി യോഗത്തിന്റെ പതിനേഴാം വാര്‍ഷിക സമ്മേളനം ആണ് ഗവണ്‍മെന്റ് വകയായി ഉള്ള എല്ലാ പൊതുക്ഷേത്രങ്ങളിലും ജാതിഭേദം കൂടാതെ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്, തിരുവിതാംകൂര്‍ ഹൈക്കോര്‍ട്ട് ജഡ്ജിയായിരുന്ന പി. രാമന്‍നമ്പി ഈ ആവശ്യത്തെ പിന്താങ്ങി ശക്തമായ ഒരു പ്രസംഗം നടത്തി. ഇതേ കാലത്തുതന്നെ ഹിന്ദുക്കളായ 46 പ്രജാസഭ പ്രതിനിധികള്‍ എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുക്കളായ എല്ലാ വര്‍ഗ്ഗക്കാര്‍ക്കും പ്രവേശിച്ച് ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചു. വൈക്കം അമ്പലത്തിനു ചുറ്റുപാടുള്ള നിരത്തുകളില്‍ ഈഴവരാദി പിന്നോക്കക്കാര്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരമാണ് ആദ്യമായി ആരംഭിച്ചത്.
1924 മാര്‍ച്ച് 30ന് സത്യഗ്രഹ സമരം ആരംഭിക്കാനുള്ള സത്യഗ്രഹസമിതി തീരുമാനം പ്രസ്താവിച്ച കെ.പി. കേശവമേനോന്‍ കേരളത്തിന്റെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും അസ്ഥിവാരമാണ് വൈക്കത്ത് ഇടുവാന്‍ ആരംഭിക്കുന്നതെന്ന് വിശദീകരിച്ചു. സമരത്തിന് ബഹുജന പിന്തുണ അഭ്യര്‍ത്ഥിച്ച് നേതാക്കള്‍സംസാരിച്ചു. മേല്‍ ജാതി ഹിന്ദുക്കള്‍ക്കാണ് ഈ സമരം വിജയിപ്പിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തമാണ് ഉള്ളതെന്നും കെ.പി. കേശവമേനോന്‍ പറഞ്ഞു.
എസ്എന്‍ഡിപി നേതാവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വക്താവും ആയിരുന്ന ടി.കെ. മാധവന്‍ കാക്കിനാഡേ കോണ്‍ഗ്രസില്‍ വച്ച് മഹാത്മാഗാന്ധിജിയെ കണ്ടു സംസാരിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടും കോണ്‍ഗ്രസിന്റെ പിന്തുണയോടും കൂടിയാണ് വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. അക്കൊല്ലം ഈഴവ-നായര്‍ സമൂഹങ്ങളുടെ സംഘടനകള്‍ ആയ എസ്എന്‍ഡിപി യോഗവും നായര്‍ മഹാജന സഭയും എസ്എന്‍ഡിപി യോഗം സമ്മേളന പന്തലിലാണ് നടന്നത്. ഈ രണ്ടു സമുദായങ്ങളുടെയും സംയുക്ത സമ്മേളനവും വൈക്കത്ത് നടന്നു. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പതിനായിരത്തില്‍ അധികം ഈഴവ-നായര്‍ സമുദായാംഗങ്ങളാണ് സന്നിഹിതരായത്. സത്യഗ്രഹത്തിന് അനുകൂലമായി പൊതുജനാഭിപ്രായം സ്വരൂപിക്കാനുള്ള ചുമതലയും മുന്നോക്ക സമൂഹത്തിനുള്ളില്‍ അഭിപ്രായൈക്യം ഉറപ്പാക്കുന്ന ചുമതലയും മുന്നോക്ക സമൂഹ നേതാക്കളാണ് ഏറ്റെടുത്തത്. അതിന്റെ ഭാഗമായാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്തു നിന്നും തിരുവനന്തപുരം വരെ സവര്‍ണജാഥ നടത്തിയത്.
സവര്‍ണജാഥ
വൈക്കം സത്യഗ്രഹ ചരിത്രത്തിലെ അത്യന്തം ശ്രദ്ധേയമായ സംഭവമായിരുന്നു സവര്‍ണ്ണ ജാഥ. 1924 നവംബര്‍ ഒന്നിന് മന്നത്ത് പത്മനാഭന്‍, എ.കെ. പിള്ള, ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ വൈക്കത്ത് നിന്ന് പുറപ്പെടുമ്പോള്‍ ജാഥയില്‍ ഇരുന്നൂറില്‍ താഴെ അംഗങ്ങളാണ് ഉണ്ടായിരുന്നത്. ക്രമേണ അതൊരു വന്‍ പ്രവാഹമായി. വിവിധ ജാതി, മത വിഭാഗങ്ങളുടെ വലിയ പങ്കാളിത്തം ജാഥയില്‍ ഉണ്ടായിരുന്നു. ‘സഹോദര അവകാശ സംരക്ഷണം സ്വധര്‍മ്മ പരിപാലനം’ എന്നതായിരുന്നു ജാഥയുടെ സന്ദേശ വാചകം. നമ്പൂതിരി മുതല്‍ നായര്‍ വരെ എല്ലാ വിഭാഗം സമൂഹ നേതാക്കളും അംഗങ്ങളും ജാഥയില്‍ പങ്കെടുത്തു. വഴിനീളെ സ്ത്രീകള്‍ ഉള്‍പ്പെടെ ജനാവലി നിറപറയും നിലവിളക്കും വച്ച് എതിരേറ്റു. സഞ്ചാരസ്വാതന്ത്ര്യത്തിന് 95% ജനങ്ങളും അനുകൂലമാണെന്ന് ജാഥ തെളിയിച്ചു.
ക്ഷേത്രവും വഴികളും അവര്‍ണ്ണ വിഭാഗത്തിനും തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട നിവേദനത്തില്‍ 25,000 പേര്‍ ഒപ്പിട്ടു. സമാപന ഘട്ടത്തില്‍ തിരുവിതാംകൂര്‍ മഹാറാണിക്ക് നിവേദനം സമര്‍പ്പിച്ചു. തുടര്‍ന്ന് കടല്‍ത്തീരത്ത് ചേര്‍ന്ന മഹായോഗത്തില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. സത്യഗ്രഹത്തില്‍ പ്രകടമായി കണ്ട ഹൈന്ദവ ഐക്യം ഏറെക്കാലം അഭംഗുരം നിലനിന്നു. മന്നം മധുരമായ ശൈലിയില്‍ പറഞ്ഞു, ഞാനും ടി.കെ. മാധവനും ശ്രീരാമലക്ഷ്മണന്മാരാണ്. എസ്എന്‍ഡിപിയിലും എന്‍എസ്എസിലും ഞങ്ങള്‍ക്ക് പ്രത്യേക താല്‍പര്യവും ചുമതലകളും ഉണ്ടെങ്കിലും ഞങ്ങളുടെ ജീവശ്വാസം ഹിന്ദു ഏകീകരണമാണ്, ഹിന്ദു ഐക്യമാണ്.
വൈക്കം സത്യഗ്രഹത്തോടെയാണ് പിന്നാക്ക വിഭാഗങ്ങളോട് അധികാരികള്‍ കാട്ടുന്ന ജാതിപരമായ അനീതിയും വിവേചനവും അഖിലേന്ത്യാതലത്തില്‍ തന്നെ ശ്രദ്ധ നേടിയതും.
റ്റി.കെ. മാധവന്‍, സി.വി. കുഞ്ഞിരാമന്‍, ആലുംമൂട്ടില്‍ ചാന്നാന്‍ തുടങ്ങിയ ഈഴവ നേതാക്കള്‍ക്ക് പുറമേ മന്നത്ത് പത്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, കെ.പി. കേശവമേനോന്‍, കൂറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ. കേളപ്പന്‍, കെ.കെ. പിള്ള, കെ. ആര്‍. കൃഷ്ണസ്വാമി അയ്യര്‍ തുടങ്ങി മുന്നോക്ക സമൂഹ നേതാക്കളും ഈ സംരംഭത്തില്‍ സജീവമായി സഹകരിച്ചു.
ആദ്യസത്യഗ്രഹികള്‍
കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍ എന്നിവരായിരുന്നു ആദ്യസത്യഗ്രഹികള്‍. പുലയ, ഈഴവ, നായര്‍ വിഭാഗത്തില്‍ പെട്ടവരായിരുന്നു ഇവര്‍. ദേശാഭിമാനി ടി.കെ. മാധവന്റെ നേതൃത്വത്തില്‍ അംഗീകരിച്ച, ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാഗാന്ധിജിയുടെയും സമ്മതത്തോടെ തയ്യാറാക്കിയ സത്യപ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് സത്യഗ്രഹം ആരംഭിച്ചത്.
‘ഞാന്‍ ഹിന്ദുവാണ്. തീണ്ടലും അയിത്തവും അകറ്റുന്നതിനുള്ള ആവശ്യകതയിലും നീതിയിലും ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. പിന്നാക്ക ജാതിക്കാര്‍ക്ക് പൊതുസ്ഥലങ്ങളില്‍ സഞ്ചാരസ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കാനായി ഞാന്‍ നിരന്തരം പരിശ്രമിക്കുന്നതാണ്’ എന്നതായിരുന്നു പ്രതിജ്ഞ.
സത്യഗ്രഹത്തിന്റെ പില്‍ക്കാല ദിനങ്ങള്‍ ഈ പ്രതിജ്ഞയുടെ അന്തസ്സത്തയെയും സുതാര്യതയെയും വെളിപ്പെടുത്തുന്നതായി. തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരോടൊപ്പം എല്ലാവരും ഒന്നിച്ച് നടന്ന് നിരോധന ഫലകത്തിന് 50 അടി അകലം വരെ ചെന്നശേഷം തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരെ മാത്രം മുന്നോട്ട് അയക്കുകയായിരുന്നു സമരരീതി. പോലീസ് മൂവരേയും തടയുകയും ജാതി ചോദിച്ച ശേഷം മുന്നോക്ക സമൂഹത്തില്‍ പെട്ടയാള്‍ക്കു മാത്രമേ മുന്നോട്ടുപോകാന്‍ അനുവാദം ഉള്ളൂ എന്ന് അറിയിക്കുകയും ചെയ്യും. പിന്നാക്കക്കാരായ രണ്ടുപേര്‍ക്കൊപ്പമേ താന്‍ മുന്നോട്ടു പോവു എന്ന് മുന്നാക്ക സമൂഹത്തില്‍ പെട്ട സത്യഗ്രഹി മറുപടി പറയുമ്പോള്‍ ഇത് അനുവദിക്കാതെ മൂവരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്‌ക്കുകയാണ് ചെയ്തു വന്നിരുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ സ്ഥായീഭാവം എന്തായിരുന്നു എന്നത് ഇതില്‍നിന്നു വ്യക്തമാണല്ലോ.ñ
ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിനെ സമരത്തില്‍ നിന്ന് പിന്‍വലിപ്പിച്ചതും സൗജന്യ ഭക്ഷണശാല നടത്തിയിരുന്ന പഞ്ചാബിലെ അകാലികളെ പിന്തിരിപ്പിച്ചതുമായ സംഭവങ്ങള്‍ സാമൂഹ്യ നവോത്ഥാനത്തോടൊപ്പം ഹൈന്ദവ പരിഷ്‌കരണം കൂടി ലക്ഷ്യം വെച്ചുള്ളതായിരുന്നു ഈ സത്യഗ്രഹം എന്ന് അസന്നിഗ്‌ദ്ധമായി തെളിയിക്കുന്നു. ഇതു പാടെ നിരസിച്ചുകൊണ്ടുള്ള സമീപനവും പഠനങ്ങളും തികച്ചും അപൂര്‍ണ്ണവും അസത്യവുമേ ആകൂ.
കേരളത്തിന് പുറത്തുള്ളവരുടെയോ ഹൈന്ദവേതരരുടെയോ സഹായം ഈ സത്യഗ്രഹത്തില്‍ സ്വീകരിക്കുന്നതിന് ഗാന്ധിജി എതിരായിരുന്നു. കേരളത്തിലെ ഹിന്ദു സമുദായത്തിലെ കളങ്കം ഇല്ലായ്മ ചെയ്യാനുള്ള സമരത്തില്‍ കേരളത്തിലെ ഹിന്ദുക്കള്‍ മാത്രം പങ്കെടുത്താല്‍ മതി എന്നതായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഏതു സമൂഹത്തിലും പരിവര്‍ത്തനം ആത്മാര്‍ത്ഥവും സ്ഥായിയും ആകണമെങ്കില്‍ അത് ആ സമൂഹത്തിനുള്ളിലുള്ളവരുടെ തന്നെ ശ്രമഫലമായി നടക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. പഞ്ചാബില്‍ നിന്നുള്ള അകാലി സംഘം സത്യഗ്രഹ ആശ്രമത്തില്‍ ഭോജനശാല നടത്തിയതിനെ ഗാന്ധിജി നിശിതമായി വിമര്‍ശിച്ചു.
”സിക്കുകാരുടെ ഭോജനശാല അസ്ഥാനത്താണെന്ന് തന്നെയുമല്ല അത് കേരളീയരുടെ ആത്മാഭിമാനത്തിന് തന്നെ ഹാനികരവുമാണ്. സിക്കുസ്‌നേഹിതര്‍ വിതരണം ചെയ്യുന്ന ആഹാരം കേരളീയര്‍ മറ്റൊന്നും ആലോചിക്കാതെ കഴിക്കുന്നത് വെറുമൊരു ഭിക്ഷയായേ ഞാന്‍ കണക്കാക്കൂ. അത്തരമൊരു ഭോജനശാല ജനങ്ങള്‍ പട്ടിണി കിടക്കുന്ന പ്രദേശത്ത് സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും മാത്രമേ തനിക്കു സങ്കല്‍പ്പിക്കാന്‍ സാധിക്കൂ” എന്നും ഗാന്ധിജി പറഞ്ഞു.
നൂറ്റാണ്ടുകളായി അറ്റുപോയിരുന്നതും ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുദേവനും ചേര്‍ന്ന് പുനരുജ്ജീവിപ്പിച്ചതുമായ മുന്നാക്ക പിന്നാക്ക സമൂഹസൗഹൃദത്തിന്റെ സുവര്‍ണ്ണ ദൃശ്യമായിരുന്നു വൈക്കം സത്യഗ്രഹത്തില്‍ പ്രകടമായത്. അതോടൊപ്പം അജയ്യമായ അഖിലഭാരത ആവേശവും നാടെങ്ങും അലയടിച്ചു. രാജ്യത്തിന്റെ നാനാ ദേശത്തുനിന്നും സഹായങ്ങളും പിന്തുണയും ഏറി വന്നു. പല പ്രദേശങ്ങളില്‍ നിന്നും സത്യഗ്രഹം കാണുവാനായി ജനങ്ങള്‍ വൈക്കത്തേക്കൊഴുകി. കാശിയില്‍ കൂടിയ സര്‍വ്വഭാരത ഹിന്ദു സഭ സ്വാതന്ത്ര്യം മാത്രമല്ല ക്ഷേത്രപ്രവേശനവും അനുവദിക്കണമെന്ന നിശ്ചയം മഹാരാജാവിനെ അറിയിച്ചു.
സത്യഗ്രഹത്തെ നേരിട്ട് വിലയിരുത്താനും ഊര്‍ജ്ജം പകരാനും മഹാത്മാ ഗാന്ധി വൈക്കത്ത് നേരിട്ടെത്തി. സത്യഗ്രഹസിദ്ധാന്തം പരീക്ഷിക്കപ്പെടുന്ന സ്ഥലത്തേക്ക് ഗാന്ധിജിക്ക് സന്ദര്‍ശനം ഒഴിവാക്കാവുന്നതായിരുന്നില്ല. 1925 മാര്‍ച്ച് 10ന് സഹായി മഹാദേവ ദേശായി, മകന്‍ രാംദാസ് ഗാന്ധി, അലാഡി കൃഷ്ണസ്വാമി അയ്യര്‍, സി. രാജഗോപാലാചാരി എന്നിവര്‍ക്കൊപ്പമാണ് ഗാന്ധിജി കേരളത്തില്‍ എത്തിയത്.
ശിവഗിരിയില്‍ അദ്ദേഹം ശ്രീനാരായണ ഗുരുദേവനെ സന്ദര്‍ശിച്ചു. വൈക്കത്തെ സത്യഗ്രഹരീതിയോട് വിയോജിപ്പുണ്ടോ എന്ന് ഗാന്ധിജി ചോദിച്ചപ്പോള്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നായിരുന്നു ഗുരുദേവന്റെ മറുപടി. വൈക്കത്തെ ആശ്രമത്തില്‍ താമസിച്ച ഗാന്ധിജി സത്യഗ്രഹികളോട് സംസാരിച്ചു. സഹനത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും പ്രാധാന്യമടക്കം സത്യഗ്രഹ തത്ത്വങ്ങള്‍ വിശദീകരിച്ചു കൊടുത്തു. സത്യഗ്രഹികളുടെ ആത്മവീര്യം ഉയര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചു. മുന്നോക്ക സമൂഹ നേതൃത്വവുമായി ഒരു ഒത്തുതീര്‍പ്പ് കൂടിക്കാഴ്ച ഗാന്ധിജി ആഗ്രഹിച്ചിരുന്നു. വൈക്കത്തെ പ്രമുഖ നമ്പൂതിരി കുടുംബമായ ഇണ്ടംതുരുത്തി മനയിലെ ദേവന്‍ നീലകണ്ഠന്‍ നമ്പൂതിരിയെ ആശ്രമത്തിലേക്ക് ഗാന്ധിജി ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. തന്നെ തന്റെ വീട്ടില്‍ വന്നാല്‍ കാണാം എന്നായിരുന്നു നമ്പൂതിരിയുടെ മറുപടി. പിറ്റേന്ന് ഉച്ചയ്‌ക്ക് ഗാന്ധിജിയും കൂട്ടരും ഇണ്ടംതുരുത്തി മനയിലെത്തി ചര്‍ച്ച നടത്തി. സി. രാജഗോപാലാചാരി, മഹാദേവ ദേശായി, രാംദാസ് ഗാന്ധി, വടക്കുംകൂര്‍ രാജ, വഴുതനക്കാട്ട് രാജാ, എം.കെ. രാമന്‍പിള്ള, പി.സി. കൃഷ്ണപിള്ള എന്നിവരും ദിവാന്‍പേഷ്‌കാര്‍ എം.പി. സുബ്രഹ്മണ്യ അയ്യര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍ റ്റി. വിശ്വനാഥ അയ്യര്‍, തഹസീല്‍ദാര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്നിവരും മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു.
സന്ദര്‍ശകരെ വീടിന്റെ വരാന്തയില്‍ ഇരുത്തി നമ്പൂതിരിയും കൂട്ടരും അകത്തെ മുറിയില്‍ ഇരുന്നാണ് ചര്‍ച്ച നടത്തിയത്. മുന്നോക്ക ജനാഭിപ്രായം സ്വീകരിക്കല്‍, ശങ്കരസ്മൃതി പരിശോധന, അഭിപ്രായ വോട്ടെടുപ്പ് പണ്ഡിത ശ്രേഷ്ഠന്മാരുംഒരുമിച്ച് ദിവാന്റെ മധ്യസ്ഥ തയില്‍ ചര്‍ച്ച എന്നിങ്ങനെ ഒരു നിര്‍ദ്ദേശവും നമ്പൂതിരിക്ക് സ്വീകാര്യമായില്ല എന്നതിനാ
ല്‍ ഒത്തുതീര്‍പ്പില്‍ എത്താതെ ഗാന്ധിജി മടങ്ങി.
തുടര്‍ന്നാണ് തിരുവിതാംകൂര്‍ പോലീസ് കമ്മീഷന്‍ ആയിരുന്ന യൂറോപ്പുകാരനായ ഡബ്ലിയു. എച്ച്.പിറ്റിന് ഗാന്ധിജി കത്തെഴുതിയത്. തിരുവിതാംകൂര്‍ സര്‍ക്കാരും, സത്യാഗ്രഹികളുമായി ഒത്തു തീര്‍പ്പ് സാധ്യമാക്കാന്‍ പിറ്റിന് കഴിഞ്ഞു. ബാരിക്കേഡും നിരോധനാജ്ഞയും പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കണം തല്‍ക്കാലം നിരോധന ഫലകം കടന്നു പോകരുതെന്ന് ഗാന്ധിജി സത്യാഗ്രഹങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം എന്ന അവസ്ഥയിലായിരുന്നു അത്. വ്യവസ്ഥ നടപ്പാക്കും വരെ പോലീസ് സ്ഥലത്തുണ്ടാകുമെന്നും തീരുമാനമായി.ഏഴുത്തുകള്‍ കൈമാറിയാണ്ഈ ഒത്തുതീര്‍പ്പില്‍ എത്തിച്ചേര്‍ന്നത്.
ക്ഷേത്രത്തിന്റെ വടക്കും തെക്കും പടിഞ്ഞാറും വശങ്ങളിലുള്ള വഴി എല്ലാവര്‍ക്കും തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചുവെങ്കിലും, കിഴക്കുവശത്തെ വഴിയും അതിലേക്ക് ചെന്ന് ചേരുന്ന വേറെ രണ്ടണ്ടു വഴികളും മുന്നോക്കസമൂഹത്തിന് മാത്രമുള്ളതായി തുടര്‍ന്നു. മൂന്നു സ്ഥലങ്ങളില്‍ കവാടങ്ങള്‍ നിര്‍മിക്കാനും തീരുമാനമായി. തീരുമാനത്തിന്റെ വിശദാംശങ്ങള്‍ സഹിതം ശ്രീ രാജഗോപാല്‍ ആചാരി ഒരു കത്ത് മുഖാന്തരം ഗാന്ധിജി അറിയിച്ചതിനെ തുടര്‍ന്ന് സത്യാഗ്രഹം പിന്‍വലിക്കാന്‍ 1925 ഒക്ടോബര്‍ 8ന് ഗാന്ധിജി സത്യാഗ്രഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരിമിതമായ വിജയത്തോടെയാണ് 1925 സമരം ഒത്തുതീര്‍പ്പാക്കിയത് എങ്കിലും തീരുമാനം നടപ്പിലാക്കാന്‍ കുറച്ചുകൂടെ സമയം ആവശ്യ ആവശ്യമായി വന്നതിനാല്‍ 603 ദിവസങ്ങള്‍ നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം 1925 നവംബര്‍ 23നാണ് പര്യവസാനിച്ചത്.
ഹൈന്ദവ ഏകീകരണം എന്ന മഹാ മന്ത്രം ഉരുക്കഴിച്ച്, അഹിംസ മാര്‍ഗവും, സഹന വഴികളും സ്വീകരിച്ച് നിയമവിധേയമായി നടത്തി വിജയിച്ച വൈക്കം സത്യാഗ്രഹത്തില്‍ അലയടിച്ച ആവേശവും ആത്മാഭിമാനവും ആത്മവിശ്വാസവും നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഹൈന്ദവ സമൂഹത്തെ പ്രേരിപ്പിച്ചു, ഗുരുവായൂര്‍ സത്യാഗ്രഹം, ശുചീന്ദ്രം സത്യാഗ്രഹം, കല്‍പ്പാത്തി സമരം, പാലിയം സമരം തുടങ്ങിയവയ്‌ക്കും തുടര്‍ന്ന് ക്ഷേത്രപ്രവേശന വിളംബരത്തിനും
പ്രേരണ സ്രോതസ്സായി മാറിയതും വൈക്കം സത്യാഗ്രഹ സമരത്തിന്റെ ഊര്‍ജ്ജ സ്രോതസ്സിലാണ്.
വൈക്കം സത്യാഗ്രഹത്തിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ കേരള നവോത്ഥാനത്തിന്റെയും, ഹൈന്ദവ ഐക്യത്തിന്റെയും സുവര്‍ണ്ണ താക്കോല്‍ ആയിരുന്നു വൈക്കം സത്യാഗ്രഹം എന്ന് മനസിലാക്കാം. വൈക്കം സത്യഗ്രഹത്തിനു നൂറ്റാണ്ട് തികയുന്ന ഈ വേളയില്‍ സമരത്തിനു നേതൃപരമായ പങ്കുവഹിച്ച മലയാളികളെ അനുസ്മരിക്കാതെ വയ്യ. പുതുതലമുറ ആ മഹാനുഭാവന്മാരെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അവശ്യമാണ്.
കെ.പി. കേശവമേനോന്‍
സമരസേനാനിയയും സത്യഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവും അറിയപ്പെടുന്ന ഗാന്ധിയനും ആയിരുന്ന കേശവമേനോന്‍ ആയിരുന്നു സമരത്തിന്റെ അമരക്കാരില്‍ ഒരാള്‍. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് തിരുവനന്തപുരം ജയിലില്‍ ആറ് മാസം ശിക്ഷയനുഭവിച്ചു. അക്ഷരങ്ങളെ പടവാളാക്കാന്‍ ആഹ്വാനം ചെയ്ത ഇദ്ദേഹമാണ് മാതൃഭൂമി ദിനപ്പത്രം സ്ഥാപിച്ചത്. 1886 സെപ്റ്റംബര്‍ ഒന്നിനു പാലക്കാട് തരൂരില്‍ ജനിച്ച കെ.പി. കേശവമേനോന്‍ 1978 നവംബര്‍ 9-ന് 92-ാം വയസ്സിലാണ് അന്തരിച്ചത്. സ്വാതന്ത്ര്യസമര ഭടന്‍, വൈക്കം സത്യഗ്രഹി, ഐഎന്‍എ ഭടന്‍ എന്ന നിലകളിലെല്ലാം അറിയപ്പെട്ട അദ്ദേഹം മാതൃഭൂമി പത്രാധിപര്‍, സിലോണ്‍(ശ്രീലങ്ക) ഹൈക്കമ്മിഷണര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം 1915-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ആനി ബെസന്റിന്റെ ഹോം റൂള്‍ ലീഗില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1921ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായതോടെയാണ് ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ കൂടുതല്‍ ആകൃഷ്ടനായത്. മാപ്പിള ലഹള നടക്കുമ്പോള്‍ കെപിസിസി സെക്രട്ടറിയായിരുന്നു. 1923-ല്‍ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായി.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മലയായിലേക്കു പോയ കേശവമേനോന്‍ പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മി(ഐഎന്‍എ)യുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. ഇതിനെത്തുടര്‍ന്ന് ജപ്പാനില്‍ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് മോചിതനായത്. 1946-ല്‍ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണ്‍ ഹൈക്കമ്മിഷണര്‍ ആയെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മലയാള സാഹിത്യത്തില്‍ ഏറെ ശ്രദ്ധ നേടിയ യാത്രാവിവരണമായ ‘ബിലാത്തി വിശേഷം’, ആത്മകഥയായ ‘കഴിഞ്ഞ കാലം’, അഞ്ചു ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട ‘നാം മുന്നോട്ട്’ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.
ഭാര്യ: അകത്തേത്തറ മാണിക്കമേലിടം ലക്ഷ്മി നേത്യാരമ്മ. മകന്‍: പാലക്കാട്ടുശ്ശേരി വലിയരാജ മാണിക്കമേലിടം ശേഖരീവര്‍മ.
ആമച്ചാടി തേവന്‍
വൈക്കം സത്യഗ്രഹത്തില്‍ പുലയ സമുദായാംഗങ്ങളെ അണിനിരത്തി സമരത്തിന് നേതൃത്വം നല്‍കിയത് ആമച്ചാടി തേവനാണ്. 1924 മാര്‍ച്ച് 30-ന് തിരുവിതാംകൂറിലെ മധ്യപട്ടണമായ വൈക്കം ശിവക്ഷേത്രം കേന്ദ്രീകരിച്ചാണ് സമരത്തില്‍ തേവന്‍ പങ്കാളിയായത്.
അക്കാലം ക്ഷേത്രത്തില്‍ താഴ്ന്ന ജാതിക്കാരെ പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല, ചുറ്റുമുള്ള വഴികള്‍ ഉപയോഗിക്കുന്നതിലും അവര്‍ക്ക് വിലക്കുണ്ടായിരുന്നു. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം വേമ്പനാട്ട് കായലിലെ നിരവധി തുരുത്തുകളില്‍ ഒന്നു മാത്രമാണ് ആമച്ചാടി തുരുത്ത്. എന്നാല്‍ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കാവട്ടെ ഈ ഭൂപ്രദേശം വളരെ പ്രാധാന്യമുള്ളതാണ്. എറണാകുളത്തെ പൂത്തോട്ടയ്‌ക്കും ആലപ്പുഴയിലെ പെരുമ്പളത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ തുരുത്താണ് ആമച്ചാടി തേവന്റെ ജന്മസ്ഥലം.
വൈക്കം സത്യഗ്രഹത്തിലെ ധീരഭടന്മാരില്‍ പ്രമുഖനായിരുന്നു ആമച്ചാടി തേവന്‍.
തേവന്റെ ഓട് മേഞ്ഞ വീടും അതിനോട് ചേര്‍ന്നുള്ള കുഴിമാടവും അടുത്ത കാലം വരെ ജീര്‍ണാവസ്ഥയിലായിരുന്നു. പ്രാദേശിക സ്രാവുകള്‍ ഈ വസ്തു ചുളുവില്‍ തട്ടിയെടുക്കുകയും മണ്ണിട്ടുയര്‍ത്തി വന്‍വിലയ്‌ക്ക് മറിച്ചു വില്‍ക്കുകയും ചെയ്തു എന്നതാണ് ദുഃഖകരമായ വസ്തുത. തേവന്റെ പിന്‍ഗാമികള്‍ക്ക് പാരമ്പര്യമായി ലഭിച്ച ഒരേക്കറില്‍ 20 സെന്റ് മാത്രമാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ പക്കല്‍ അവശേഷിക്കുന്നത്.
തേവന്റെ സ്മാരകമായി വീടും ശവകുടീരവും നവീകരിച്ച് സംരക്ഷിക്കാന്‍ ശക്തമായ ഇടപെടലുകള്‍ വേണ്ടിവന്നു. സ്മാരക ലിഖിതത്തില്‍ ഗാന്ധിജി തേവന് മരുന്ന് അയച്ചത് എങ്ങനെയെന്ന് പറയുന്നുണ്ട്. തേവന്റേതായി ഇന്ന് അവശേഷിക്കുന്ന ഏക സ്മാരകമായ ശവകുടീരം നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യം തേവന്റെ കുടുംബാംഗങ്ങള്‍ പലപ്പോഴും മാറിമാറി വന്നസംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും നിരാശയായിരുന്നു ഫലം.
ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള
തിരുവിതാംകൂറിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, സമുദായ പരിഷ്‌കര്‍ത്താവ്, നിയമസഭാ സാമാജികന്‍, ഹരിജനോദ്ധാരകന്‍, അഭിഭാഷകന്‍, ന്യായാധിപന്‍, എന്‍എസ്എസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച വ്യക്തിയായിരുന്നു സമര നേതാക്കളില്‍ ഒരാളായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള. ചങ്ങനാശ്ശേരി എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
നാലുവട്ടം തിരുവിതാംകൂര്‍ നിയമസഭയിലേയ്‌ക്ക്(ശ്രീമൂലം പ്രജാസഭ) തെരഞ്ഞെടുക്കപ്പെട്ടു.
ചങ്ങനാശ്ശേരി വാഴപ്പള്ളിയിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് വടക്കേക്കര പുത്തേട്ട് വീട്ടില്‍ നാരായണപിള്ള. മാതാവ് മണക്കാട്ട് വീട്ടില്‍ നാരായണിയമ്മ. സ്‌കൂള്‍ കാലത്തേ അച്ഛനും അമ്മയും മരിച്ചു. തിരുവനന്തപുരത്ത് പ്രിപ്പറേറ്ററി സ്
കൂളിലും കൊല്ലത്ത് മഹാരാജാസ് സ്‌കൂളിലും പഠിച്ചു. സി. കൃഷ്ണപിള്ളയായിരുന്നു അന്നവിടുത്തെ ഹെഡ്മാസ്റ്റര്‍. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ എഫ്.എ ബിരുദം ഒന്നാം ക്ലാസില്‍ പൂര്‍ത്തിയാക്കി. സായാഹ്ന ക്ലാസില്‍ ബി.എല്‍ ബിരുദത്തിനു പഠിച്ചു. ചാല ഫോര്‍ട്ട് ഹൈസ്‌കൂളിലും പിന്നീട് കൊല്ലത്ത് മഹാരാജാസ് സ്‌കൂളിലും അദ്ധ്യാപകനായി. പിന്നീട് ബിഎല്‍ പാസായി പ്രഗ്തഭ അഭിഭാഷകന്‍ എന്ന് പേരെടുത്ത അദ്ദേഹം കൊല്ലം ബാര്‍ അസോസിയേഷന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്നു.
ഹരിജന്‍ സേവാ സംഘത്തിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും കേരളപ്രദേശ് ശാഖയുടെ അദ്ധ്യക്ഷനുമായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലുടനീളം 82 ഹരിജനോദ്ധാരണകേന്ദ്രങ്ങളാണ് തുറന്നത്.
അയിത്തത്തിനെതിരെ ശുചീന്ദ്രത്തും വൈക്കത്തും അവര്‍ണര്‍ക്കുവേണ്ടി നടന്ന സമരങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന സവര്‍ണ ജാഥയില്‍ മന്നത്തു പത്മനാഭനൊപ്പം തോളോടുതോള്‍ ചേര്‍ന്നു. അയ്യങ്കാളിയുടെ ക്ഷണം സ്വീകരിച്ച് കല്ലുമാല പ്രക്ഷോഭത്തിലും പങ്കെടുത്തു. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മൈതാനിയില്‍ നടന്ന മഹാസമ്മേളനത്തില്‍ അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന പ്രകാരം, അപമാനഭാരം പേറി മേല്‍ വസ്ത്രത്തിന് പകരം കല്ലുമാല അണിഞ്ഞ സഹോദരിമാരോട് അപമാനച്ചിഹ്നം അഴിച്ചു വയ്‌ക്കാന്‍ ആഹ്വാനം ചെയ്തതും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റും സ്ഥാപക പ്രമുഖരില്‍ പ്രധാനിയുമായിരുന്നു അദ്ദേഹം. കേരള കര്‍ഷക സംഘത്തിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
നായര്‍ റെഗുലേഷന്‍ ആക്ട് തിരുവിതാംകൂര്‍ അസംബ്ലിയില്‍ പാസാക്കിയെടുക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗ്തഭ്യം കൊണ്ടാണ്. കേരളാ കര്‍ഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1926-ല്‍ തിരുവിതാംകൂര്‍ ഹൈക്കോടതി ന്യായാധിപനായി നിയമിതനായി. ആറുവര്‍ഷത്തിനു ശേഷം ഹൈക്കോടതിയില്‍ നിന്നു വിരമിച്ചപ്പോള്‍ വീണ്ടും പൊതുരംഗത്തേയ്‌ക്കു പ്രവേശിച്ചു. നാലാമത്തെ തവണ നിയമസഭയിലേയ്‌ക്കു തെരഞ്ഞെടുക്കപ്പെട്ടത് ഇക്കാലത്താണ്. പക്ഷേ രാഷ്‌ട്രീയ കാരണത്താല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ റദ്ദാക്കി.
1938-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരുവിതാംകൂര്‍ ഘടകം(ശാഖാസമിതി) തിരുവനന്തപുരത്തു സ്ഥാപിതമായപ്പോള്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു ആദ്യ പ്രസിഡന്റ്. ജി രാമചന്ദ്രന്‍ ആദ്യ സെക്രട്ടറിയുമായി. 1938-ലെ എഐസിസിയ്‌ക്കു മുമ്പ് തിരുവനന്തപുരത്തു് പട്ടാഭി സീതാരാമയ്യയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരുവിതാംകൂര്‍ ഘടകത്തിന്റെ സമ്മേളനം സുപ്രധാനമായിരുന്നു. എത്രയും പെട്ടെന്നു കൊച്ചിയിലും തിരുവിതാംകൂറിലും ഉത്തരവാദഭരണം സ്ഥാപിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളും ഒരു സബ് ഫെഡറേഷനായി സംഘടിപ്പിയ്‌ക്കേണ്ടതാണെന്നു് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസ്സാക്കി.
1938-ഫെബ്രുവരിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മറ്റികള്‍ നാട്ടുരാജ്യങ്ങളിലെ രാഷ്‌ട്രീയ മുന്നേറ്റങ്ങളില്‍ സജീവമായി ഇടപെടേണ്ടതില്ലെന്നും രാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സ്വതന്ത്ര രാഷ്‌ട്രീയ സംഘടനകള്‍ക്കു് പ്രോത്സാഹനം നല്‍കാമെന്നും തീരുമാനിച്ചു. എട്ടു ബ്രിട്ടീഷ് ഇന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത സന്ദര്‍ഭമായതുകൊണ്ടു നാട്ടുരാജ്യങ്ങളിലെ ഉത്തരവാ ദഭരണത്തിനുവേണ്ടണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശാഖാസമിതികള്‍ നേതൃത്വം നല്കുന്നത് പാടില്ലെന്നു വന്നു.
ഹരിപുര എ ഐ സി സി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 1938-ഫെബ്രുവരിയില്‍ തന്നെ തിരുവനന്തപുരത്ത് എ. നാരായണപിള്ളയുടെ വക്കീലാഫീസില്‍ സി.വി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയില്‍ കൂടിയ രാഷ്‌ട്രീയ നേതൃയോഗം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് എന്ന പേരില്‍ സ്വതന്ത്ര രാഷ്‌ട്രീയ കക്ഷി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. പട്ടം എ. താണുപിള്ളയെ അതിന്റെ പ്രസിഡന്റായും പി.എസ്. നടരാജപി
ള്ളയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു താല്ക്കാലിക സമിതിയും രൂപവത്കരിച്ചു. തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തോടെ സ്റ്റേറ്റ് കോണ്‍ഗ്രസ് നിലവില്‍ വന്നു.
സ്റ്റേറ്റ് കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ ശാഖാസമിതിയും തമ്മില്‍ ലയിപ്പിയ്‌ക്കാനുള്ള ശ്രമങ്ങള്‍ പലതുനടന്നെങ്കിലും ഫലപ്രദമായില്ല. കോണ്‍ഗ്രസിന്റെ ശാഖാസമിതിയോഗം ചേര്‍ന്നു സംഘടന പിരിച്ചുവിടാന്‍ തീരുമാനമെടുത്തെങ്കിലും പരമേശ്വരന്‍ പിള്ളയും ജി. രാമചന്ദ്രനും സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായില്ല. പട്ടം എ. താണുപിള്ളയും മറ്റുള്ളവരും സ്റ്റേറ്റ് കോണ്‍ഗ്രസുമായി മുന്നോട്ടുപോയി. കേരള സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ ഉന്നത സ്ഥാനം രേഖപ്പെടുത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മഹാനായ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള 1940 ജൂണ്‍30-നാണ് ഇഹലോക വാസം വെടിഞ്ഞത്.
ചിറ്റേടത്തു ശങ്കുപ്പിള്ള
വൈക്കം സത്യഗ്രഹത്തിലെ ഉദയനക്ഷത്രമായ ചിറ്റേടത്തു ശങ്കുപ്പിള്ള കേരള ചരിത്രത്തിലെ ആദ്യ രാഷ്‌ട്രീയ രക്തസാക്ഷിയാണ്. ചിറ്റേടത്തും കൂട്ടുകാരും 1920-ല്‍ ചെങ്ങന്നൂരില്‍ നടത്തിയ അയിത്തോച്ചാടന ക്ഷേത്രപ്രവശനം കേരള ചരിത്രത്തില്‍ ആദ്യത്തേതായിരുന്നു. 1923-ല്‍ കാക്കിനഡ സമ്മേളനത്തില്‍ പങ്കെടുത്ത ചിറ്റേടത്തിന്റെയും ടി.കെ. മാധവന്റെയും ഉത്സാഹത്തിലാണ് അയിത്തോച്ചാടനം കോണ്‍ഗ്രസ് അജന്‍ഡയാക്കിയത്. ടി.കെ. മാധവന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം വൈക്കത്തെത്തിയത്. വൊളണ്ടണ്ടിയര്‍ ക്യാപ്
റ്റന്‍ സ്ഥാനവും ക്യാംപിലേക്ക് ആഹാരം എത്തിക്കുന്ന ചുമതലയും അതോടെ ചിറ്റേടത്തിനായി. കോണ്‍ഗ്രസിന് സംഘടനാ സംവിധാനമില്ലാത്ത അക്കാലത്ത് ടി.കെ.മാധവന്‍ അദ്ദേഹത്തിന്റെ ധീരതയിലും കഴിവിലും പൂര്‍ണ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ഭക്ഷണം ഒരുക്കുന്നതിനു ചിറ്റേടത്ത് തെള്ളിയൂരില്‍ നിന്ന് വാഴക്കുല, കാച്ചില്‍, മത്തങ്ങാ തുടങ്ങിയവ ശേഖരിച്ച് മണിമലയാറ്റിലെ കോമളം കടവിലൂടെ ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിച്ചു. മലയോരപ്രദേശങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളും മറ്റും സൂക്ഷിക്കുവാന്‍ മന്നത്ത് പത്മനാഭന്‍ സ്റ്റോര്‍ ഒരുക്കി. കൈനിക്കര പത്മനാഭപിള്ളയ്‌ക്കായിരുന്നു ചുമതല. കെട്ടുവള്ളത്തില്‍ ഇവയെല്ലാം വൈക്കത്ത് എത്തിക്കുകയായിരുന്നു.
ചെന്നിത്തല അമ്പലപ്പാട്ട് രായിങ്ങല്‍ ശങ്കരനാശാന്റെയും ചിറ്റേടത്ത് പാര്‍വതിയമ്മയുടെയും മകനായി 1887 ഏപ്രില്‍ 10 നു ജനനം. കോഴഞ്ചേരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചെന്നിത്തലയിലെ പിതൃഭവനത്തില്‍ താമസമാക്കിയ ശങ്കു, മാന്നാര്‍ നായര്‍ സമാജം ഇംഗ്ലിഷ് സ്‌കൂളില്‍ ചേര്‍ന്നു. പിതാവ് രായിങ്ങനാശാനെ പരിചയപ്പെടാനെത്തിയ പത്രാധിപര്‍ കെ. രാമകൃഷ്ണപിള്ളയുമായി പരിചയപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി. പിന്നീട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തുമ്പോള്‍ ചിറ്റേടത്ത് അദ്ദേഹത്തോടൊപ്പം നിഴല്‍ പോലെ നിന്നു. രാമകൃഷ്ണപിള്ള ആദ്യകാലത്ത് നടത്തിയിരുന്ന പല പത്രങ്ങളും ചിറ്റേടത്തിന്റെ ശേഖരത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
ആറടി ഉയരവും അതിനൊത്ത ആകാരവുമുണ്ടായിരുന്ന ചിറ്റേടം ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നേതൃപാടവം പലപ്പോഴും പുറത്തെടുത്തിരുന്നു. ചെങ്ങന്നൂരിനടുത്ത ഗ്രാമത്തിലും മറ്റും ഉണ്ടായ ലഹളകളെ നേരിട്ടത് ഉദാഹരണം. കുറവ സമുദായാംഗത്തില്‍ നിന്നു മര്‍മവിദ്യ സ്വായത്തമാക്കിയ ചിറ്റേടം ആനക്കൊമ്പിന്റെ പിടിയുള്ള കഠാര ഏറെക്കാലം സ്വന്തമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും അത് ഉപയോഗപ്പെടുത്തിയില്ല. കേരള നവോത്ഥാന ചരിത്രത്തിലും പിന്നാക്ക സമുദായങ്ങളുടെ ഉയര്‍പ്പിലും മറക്കാനാവാത്ത അധ്യായമാണ് പുല്ലാട് ലഹള. സവര്‍ണരില്‍ ചിലര്‍ പിന്നാക്കക്കാരായ കുട്ടികളെ സ്‌കൂളുകളില്‍ കയറാന്‍ അനുവദിക്കാതിരുന്നത് എതിര്‍പ്പുകള്‍ക്കിടയാക്കി. പുല്ലാട് ഗവ. സ്‌കൂളിനു ചിലര്‍ തീവച്ചതോടെ അയ്യങ്കാളിയോടും വെള്ളിക്കര ചോതിയോടും കറുമ്പന്‍ ദൈവത്താനോടും ഒപ്പം ചേര്‍ന്ന് അഴകാനന്ദസ്വാമിയും ചിറ്റേടത്തും പുല്ലാട് വൈദ്യനും മറ്റും വര്‍ണവ്യത്യാസമില്ലാതെ കുട്ടികള്‍ക്കു പഠിക്കാന്‍ അവസരം ഒരുക്കി. തേരും കുതിരയും ആഘോഷവും മാത്രമല്ല സമുദായ പ്രവര്‍ത്തനമെന്ന ചിന്തയില്‍ നിന്നാണ് തേരിന്റെ ചട്ടമെടുത്ത് അയിരൂര്‍ നായര്‍ സമാജ മന്ദിരം പണിയുവാന്‍ തോട്ടാവള്ളില്‍ നാരായണനാശാനും മറ്റും ഒപ്പം നിന്ന് ചിറ്റേടത്ത് പ്രവര്‍ത്തിച്ചത്. റാന്നി വൈദ്യശാലയില്‍ പാവപ്പെട്ടവരും വിവിധ മതസ്ഥരുമായ രോഗികളെ എത്തിച്ച് ചികിത്സ ഉറപ്പാക്കിഅയിരൂര്‍ ഹിന്ദുമത പരിഷത്ത് സദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുമ്പോള്‍ സംഘാടകനായി ചിറ്റേടവും ഉണ്ടായിരുന്നു.
കാശിക്കു പോയാല്‍ ആരും തിരിച്ചു വരില്ലെന്നു കരുതിയിരുന്ന കാലത്ത് 20ാം വയസ്സില്‍ ശങ്കു കാശിക്കു പോയി. കാശിക്കു പോകും മുന്‍പ് ചിറ്റേടത്ത് നേര്‍ച്ച നടത്തിയത് ‘പാലന്‍ അപ്പൂപ്പ’ന്റെ നടയിലായിരുന്നു. ചിറ്റേടേത്ത് തറവാട്ടിലെ അടിയാനായിരുന്നു പുലയ സമുദായാംഗമായ പാലന്‍. 800 ഏക്കറോളം പരന്നു കിടന്ന കൃഷിയിടത്തില്‍ നിന്ന് നിധിയായി ലഭിച്ച സ്വര്‍ണനാണയങ്ങള്‍ തറവാട്ടിലെത്തിച്ച പാലനെ പിന്നീടു കടുവ ആക്രമിച്ചു കൊന്നു. ഗതികിട്ടാതെ നടന്ന പാലന്റെ ആത്മാവിനെ തടിപ്രതിമയില്‍ പ്രതിഷ്ഠിച്ച് ഇന്നും പൂജിക്കുന്നിടമാണ് അയിരൂര്‍ കാഞ്ഞീറ്റുകര കാലായില്‍ പുരയിടത്തിലെ ‘പാലന്‍ അപ്പൂപ്പന്‍’ നട.
അദ്ദേഹം കാശിക്കു പോയത് 1907-ല്‍ ആണ്. ബാലഗംഗാധര തിലകന്‍ സ്വരാജ് ജന്മാവകാശം എന്ന് പ്രഖ്യാപിച്ച വേളയായിരുന്നു അത്. പുതിയ രാഷ്‌ട്രീയവും ലോകവും മനസ്സിലാക്കാന്‍ കാശി യാത്ര സഹായിച്ചു. ഈ ദേശീയ വികാരത്തെ ജന്മനാടിന്റെ വിമോചനത്തിനു പ്രയോജനപ്പെടുത്തണമെന്ന തീരുമാനത്തോടെയാണ് ശങ്കു തിരികെയെത്തിയത്. ഗാന്ധിജിയെ കാണാന്‍ കേരളത്തില്‍ നിന്നു സബര്‍മതിയിലേക്ക് എത്തിയ ആദ്യ സേവകന്‍ ആയിരുന്നു ശങ്കു. മധ്യതിരുവിതാംകൂറില്‍ നിന്ന് എത്തിയ ആദ്യ സന്നദ്ധഭടനെ മഹാത്മജി നേരിട്ട് ഇറങ്ങി വന്നാണ് സ്വീകരിച്ചത്. മൂന്നു മാസം നീണ്ട പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഗാന്ധിജി നല്‍കിയ സമ്മാനം മൂന്നു ചര്‍ക്കകളായിരുന്നു. നാടാകെ ഖാദി പ്രസ്ഥാനത്തിനു ഊടുംപാവും നെയ്തത് ഈ ചര്‍ക്കകള്‍ കൊണ്ടായിരുന്നു. ഭാര്യ ലക്ഷ്മിയമ്മയുടെ ബന്ധുദേശമായ തെള്ളിയൂര്‍ കേരളത്തിലെ ആദ്യ ഖാദി ഗ്രാമങ്ങളിലൊന്നായി. ഇതിനായി പരുത്തി കൃഷി ചെയ്തു. ഖദര്‍ ഈ നാടിന്റെ മേലങ്കിയാക്കി ചിറ്റേടത്തു മാറ്റി. സബര്‍മതിയില്‍ നിന്നു മടങ്ങിവന്ന് മൂന്നു മാസം കഴിഞ്ഞ് വീട്ടില്‍ പിന്നാക്ക വിഭാഗക്കാരെ വിളിച്ച് പന്തിഭോജനം നടത്തി. ഗാന്ധിജിയുടെ ആഹ്വാനപ്രകാരമായിരുന്നെങ്കിലും ഇത് മറ്റുള്ളവരെ ചൊടിപ്പിച്ചു. അവര്‍ ആക്രമിച്ചെങ്കിലും ചട്ടമ്പി സ്വാമിയില്‍ നിന്നു ലഭിച്ച ആത്മീയ ഉള്‍ക്കാഴ്‌ച്ചയും ഗാന്ധിജയന്‍ തത്ത്വങ്ങളും സമന്വയിപ്പിച്ച് അക്രമരഹിതമായ പുതിയൊരു ജീവിതക്രമം രൂപപ്പെടുത്തുകയാണ് ചിറ്റേടത്ത് ചെയ്തത്.
കേരള ചരിത്രത്തെ പിടിച്ചുലച്ച മലയാള വര്‍ഷമായിരുന്നു 1099(1924). വൈക്കം സത്യഗ്രഹം, വെള്ളപ്പൊക്കം, ബോട്ട് അപകടത്തില്‍ കുമാരനാശാന്റെ മരണം തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ 1099-ല്‍ ആയിരുന്നു. കഴുത്തറ്റം വെള്ളത്തിലായിരുന്നു ആ ആഴ്ചകളില്‍ വൈക്കത്ത് സത്യഗ്രഹം നടന്നത്. ഇതിനിടെ കോഴഞ്ചേരിയിലെത്തിയ ചിറ്റേടത്ത് നാട്ടില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് ഓലകെട്ടി കൊടുത്തു. തെങ്ങും 50 രൂപയും നല്‍കി. 1924 ഒക്ടോബറില്‍ ഇണ്ടംതുരുത്തി മനയുമായി ബന്ധമുള്ളവരെന്നു കരുതുന്ന ഗുണ്ടകള്‍ ശങ്കുപ്പിള്ളയെ ആക്രമിച്ചു. ഇവര്‍ക്കൊപ്പം പോലീസും അദ്ദേഹത്തെ ഉപദ്രവിച്ചു. എന്നാല്‍ ചെറുത്തുനില്‍ക്കാതെ ഗാന്ധിയന്‍ ആദര്‍ശത്തില്‍ ഉറച്ച് മര്‍ദനം ഏറ്റുവാങ്ങുകയാണ് ചിറ്റേടം ടെയ്തത്. മാരകമായ ക്ഷതമേറ്റിട്ടും സമര രംഗത്ത് തുടര്‍ന്നു. ആരോഗ്യം വഷളായതോടെ കോട്ടുക്കുന്നേല്‍ നീലകണ്ഠന്‍ എന്നയാള്‍ ചിറ്റേടത്തിനെ വൈക്കം മാധവന്റെ വീട്ടിലെത്തിച്ച് ശുശ്രൂഷിച്ചു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ വൈക്കത്തു നിന്നു തിരുവനന്തപുരത്തേക്കു നടത്തിയ സവര്‍ണ ജാഥയില്‍ പരുക്കുകാരണം ചിറ്റേടത്ത് പങ്കെടുത്തില്ല. കുറച്ചു സൗഖ്യം ലഭിച്ചപ്പോള്‍ ബോട്ടില്‍ ചങ്ങനാശേരിയില്‍ എത്തി കൈനിക്കര കുമാരപിള്ളയെ കണ്ടു. പിന്നീട് തെള്ളിയൂരെത്തി. തുടര്‍ന്ന് കാളവണ്ടണ്ടിയില്‍ ചിറ്റേടത്ത് തറവാട്ടിലേക്കു പോയി. പ്രകൃതി ചികിത്സയല്ലാതെ മറ്റു രീതികള്‍ സ്വീകരിക്കാന്‍ മടിച്ചു. ഒടുവില്‍ ന്യൂമോണിയ കലശലായി 1924 ഡിസംബര്‍ 13-ന് 38-ാം വയസ്സില്‍ മരണത്തിനു കീഴടങ്ങി.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവിചുമതലക്കാരനായി മനസ്സില്‍ക്കണ്ട യുവാവിന്റെ വേര്‍പാട് ഗാന്ധിജിയെ ദുഃഖത്തിലാക്കി. ചെങ്ങന്നൂരില്‍ പൊതുയോഗം സംഘടിപ്പിക്കാന്‍ ഗാന്ധിജി നിര്‍ദേശിച്ചത് ചിറ്റേടത്തിനോടുള്ള സ്‌നേഹം കൊണ്ടായിരുന്നു. ചിറ്റേടത്തിന്റെ പത്‌നി ലക്ഷ്മിയമ്മയെയും കുട്ടികളായ പ്രഭാകരനെയും ചന്ദ്രശേഖരനെയും വേദിയില്‍ എത്തിച്ചു. ഒന്നര വയസ്സുള്ള ചന്ദ്രശേഖരനെ എടുത്തുകൊണ്ടാണ് ഗാന്ധിജി അന്ന് പ്രസംഗിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ടണ്ട്.
നീര്‍വിളാകം കുന്നത്തേത്ത് നാണിയമ്മ ആദ്യ ഭാര്യ. മകന്‍: രാമകൃഷ്ണപിള്ള. നാണിയമ്മയുടെ മരണശേഷം മേലുകര തോട്ടത്തില്‍ ലക്ഷ്മിയമ്മയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മക്കളാണ് പ്രഭാകരന്‍ നായരും ചന്ദ്രശേഖരന്‍ നായരും. ചിറ്റേടത്തിന്റെ മാതൃസഹോദരിയുടെ ചെറുമകള്‍ സി.കെ. ശോഭനാദേവിയും ഭര്‍ത്താവ് ജി. രാമചന്ദ്രന്‍ നായരുമാണ് തറവാട്ടില്‍ ഇപ്പോള്‍ താമസം. ചിറ്റേടം ഉപയോഗിച്ച ദണ്ഡും സബര്‍മതിയില്‍ നിന്നുള്ള ചര്‍ക്കയുടെ ഭാഗവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. തറവാടിനോടു ചേര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ഒരു മണ്ഡപവും നിര്‍മിച്ചിട്ടുണ്ട്.
ഗാന്ധിജിക്ക് ഒപ്പം സബര്‍മതി ആശ്രമത്തില്‍ താമസിച്ചിട്ടുള്ള കോഴഞ്ചേരിക്കാരനായ അദ്ദേഹത്തെപ്പറ്റിയുള്ള പല വിവരങ്ങളും ഇന്നു ലഭ്യമല്ലെന്നത് സാംസ്‌കാരിക കേരളത്തിന് വലിയ പോരായ്മയാണ്. മേലുകരയിലെ തറവാട്ടു വീട്ടില്‍ അദ്ദേഹത്തിന്റെ ഒരു പെട്ടി സൂക്ഷിച്ചിരുന്നു. ഗാന്ധിജിയുടെ കത്തുകളും മറ്റുമുണ്ടായിരുന്ന ഈ ട്രങ്കില്‍ കാശിയാത്രയില്‍ ശേഖരിച്ച തീര്‍ഥജലവും ഉണ്ടായിരുന്നു. പിന്നീട് ഈ പെട്ടി ആരോ സമീപത്തെ പമ്പായാറ്റില്‍ തള്ളിയതോടെ അദ്ദേഹത്തെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങളാണ് നഷ്ടപ്പെട്ടത്.കേട്ടറിവും നാട്ടറിവും കൂട്ടിച്ചേര്‍ത്ത് കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ആണ് ചിറ്റേടത്തിന്റെ ലഘുജീവചരിത്രം തുന്നിയെടുത്തത്. ഇതു പിന്‍പറ്റി, ചിറ്റേടത്തിന്റെ മകന്‍ പ്രഭാകരന്‍ നായരില്‍ നിന്നു വിവരങ്ങള്‍ സമാഹരിച്ച് ‘ചിറ്റേടത്ത് ശങ്കുപ്പിള്ള: ആദ്യ രക്തസാക്ഷിയുടെ കഥ’ എന്ന പേരില്‍ 2007-ല്‍ ദേശചരിത്രകാരനായ തെള്ളിയൂര്‍ ഗോപാലകൃഷ്ണന്‍ പുറത്തിറക്കിയ ജീവിത ചരിത്രമാണ് ഈ സമുദായ പരിഷ്‌ക്കാര്‍ത്താവിന്റെ ജീവിതത്തിലേക്കു വെളിച്ചം വീശുന്നത്.
ടി.കെ. മാധവന്‍
സാമൂഹിക പരിഷ്‌കര്‍ത്താവ്, വിപഌവകാരി, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു ടി.കെ. മാധവന്‍. കാര്‍ത്തികപ്പള്ളിയിലെ പ്രസിദ്ധമായ ആലുംമൂട്ടില്‍ തറവാട്ടില്‍ ജനിച്ച അദ്ദേഹം ചെറുപ്രായത്തില്‍ത്തന്നെ അനീതിക്കെതിരേ ശബ്ദമുയര്‍ത്തി. സമൂഹത്തില്‍ വിവേചനമോ വേര്‍തിരിവോ നടക്കുമ്പോള്‍ അസാധാരണമായ എന്തോ ആണ് ചുറ്റും നടക്കുന്നതെന്ന തോന്നല്‍ കുഞ്ഞുമാധവനെ അസ്വസ്ഥനാക്കിയിരുന്നു. അത് ജാതിവ്യവസ്ഥയെക്കുറിച്ചോ വംശീയ വിവേചനത്തെക്കുറിച്ചോ ഒന്നും അറിഞ്ഞിട്ടല്ല. മറിച്ച് അനീതിക്കെതിരേ പൊരുതാനുള്ള ആര്‍ജവം ആ കുഞ്ഞുമനസ്സില്‍ എവിടെയോ ഉള്ളതുകൊണ്ടായിരുന്നു.
ജാത്യാഭിമാനിയായ നരിയഞ്ചിലാശാന്റെ കുടിപ്പള്ളിക്കൂടമായിരുന്നു മാധവന്റെ ആദ്യക്ഷര കളരി. പക്ഷേ, നിലത്തെഴുത്തും എഞ്ചുവടിയും പഠിക്കേണ്ട സമയം, അവിടത്തെ കുട്ടികളോടുള്ള ആശാന്റെ പെരുമാറ്റം മാധവന്റെ മനസ്സില്‍ തീക്കനല്‍ കോരിയിടുകയാണു ചെയ്തത്. സവര്‍ണ കുട്ടികളെ വടികൊണ്ട് അടിച്ചിരുന്ന ആശാന്‍ അന്യജാതിയിലെ കുരുന്നുകളെ ദൂരെനിന്ന് വടികൊണ്ട് എറിയുകയായിരുന്നു പതിവ്. തന്റെ കളിക്കൂട്ടുകാരനായ ഗോവിന്ദനെ വടികൊണ്ട് തൊട്ടടിച്ച നരിഞ്ചലാശാന്‍ തനിക്കു നേരെ വടിയെറിഞ്ഞപ്പോഴുണ്ടായ പ്രതിഷേധമായിരുന്നു നീതിനിഷേധങ്ങള്‍ക്കും അവകാശലംഘനങ്ങള്‍ക്കും വേണ്ടി പൊരുതാനുള്ള മാധവന്റെ ആദ്യ പ്രചോദനം. ”ആശാന്റെ എഴുത്തങ്ങെടുത്തോ, എന്റെ ഓല ഇങ്ങു തന്നേക്ക്” -എന്ന് ആശാനോട് തട്ടിക്കയറി ഗുരുകുലംവിട്ട മാധവന്‍ നടന്നുകയറിയത് ഉച്ചനീചത്വങ്ങളുടെ പേരില്‍ സവര്‍ണ മേധാവിത്വം കീഴാളര്‍ക്കുമുന്നില്‍ കൊട്ടിയടച്ച വഴിയിലേക്കാണ്. ആ വിപ്ലവവീര്യമാണ് അയിത്തോച്ചാടനം ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രാദേശിക സാമൂഹിക പരിഷ്‌കരണ സമരങ്ങള്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ദേശീയ പ്രക്ഷോഭമായി വളര്‍ത്തിയെടുത്തത്.
തിരുനെല്‍വേലിയില്‍ 1921 സെപ്റ്റംബര്‍ മൂന്നിന് ടി.കെ. മാധവന്‍ മഹാത്മാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് പിന്നീട് വൈക്കം സത്യഗ്രഹത്തില്‍ നിര്‍ണായകമായത്. 1923-ല്‍ കാക്കിനഡയില്‍ നടത്തിയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ തൊട്ടുകൂടായ്മ സംബന്ധിച്ച പ്രമേയം പാസാക്കണമെന്ന നിര്‍ദേശം മുന്നോട്ടുെവച്ചത് ടി.കെ. മാധവനായിരുന്നു. 1924 ജനുവരിയോടെ ടി.കെ. മാധവനും കെ.പി. കേശവമേനോനും ചേര്‍ന്ന് വൈക്കത്ത് ‘തൊട്ടുകൂടായ്മ വിരുദ്ധ കമ്മിറ്റി’ രൂപവത്കരിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് വമ്പിച്ച പൊതുയോഗം സംഘടിപ്പിച്ചു. ‘വൈക്കം ക്ഷേത്രത്തിലേക്കുള്ള പാത അവര്‍ണര്‍ക്ക് തുറന്നു കൊടുക്കുന്നതുവരെ ഒരുകൂട്ടം സത്യഗ്രഹികള്‍ സമരരംഗത്തിറങ്ങുമെന്ന പ്രഖ്യാപനം വന്നത് അവിടെ നിന്നാണ്.’
വൈക്കം സത്യഗ്രഹ വിജയത്തിന് സവര്‍ണരുടെ പിന്തുണ വേണമെന്ന് ടി.കെ. മാധവന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ഉത്പതിഷ്ണുവായ മന്നത്തിന്റെ നേതൃത്വത്തില്‍ സംഘടിച്ചു കഴിഞ്ഞ നായന്മാരുടെ പിന്തുണയുണ്ടായാല്‍ വലിയ നേട്ടമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. ഇക്കാര്യത്തിന് ബന്ധപ്പെട്ടപ്പോള്‍ മന്നത്തിന് രണ്ടാമതൊന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. അനാചാരങ്ങളുടെ അര്‍ഥശൂന്യതയും അനീതിയും സവര്‍ണരെ ബോധ്യപ്പെടുത്തി എതിര്‍പ്പ് നീക്കാന്‍ അതോടെ മന്നവും മുന്നിട്ടിറങ്ങി.
മന്നത്ത് പത്മനാഭന്‍
എല്ലാ സമുദായങ്ങളുടെയും ഉന്നമനമെന്ന ആദര്‍ശം സ്വന്തംജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും താന്‍ നട്ടുനനച്ചുവളര്‍ത്തിയ സംഘടനയെ അത് പഠിപ്പിക്കുകയും ചെയ്ത മഹാനാണ് മന്നത്ത് പദ്മനാഭന്‍. തീണ്ടല്‍, തൊടീല്‍ തുടങ്ങി എല്ലാ അയിത്താചാരങ്ങളും ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു, അദ്ദേഹത്തിന്. പ്രസംഗംകൊണ്ട് എവിടെയും പ്രകമ്പനം സൃഷ്ടിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന മന്നം രംഗത്തിറങ്ങിയതോടെ സത്യഗ്രഹത്തിന് അനുകൂലമായ മാറ്റം പെട്ടെന്ന് പ്രകടമായി.
വൈക്കത്തിനടുത്ത് ഇരുമ്പൂഴിക്കരയില്‍ കെ. മാധവന്‍ നായരുടെ അധ്യക്ഷതയില്‍ വിപുലമായ നായര്‍ സമ്മേളനം നടത്തി. അതില്‍, അവര്‍ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മന്നം പ്രസംഗിച്ചത് ജനങ്ങളുടെ മനസ്സില്‍ വലിയ ചലനമുണ്ടാക്കി. എം.എന്‍. നായര്‍ പ്രമേയത്തെ പിന്താങ്ങി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സത്യാഗ്രഹപ്പന്തലില്‍ നായരീഴവ സമ്മേളനം നടന്നത്. എന്‍എസ്എസ് പ്രസിഡന്റായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍പി
ള്ളയാണ് അതില്‍ അധ്യക്ഷത വഹിച്ചത്.
മഹാത്മജിയുടെ ഉപദേശാനുസരണം വൈക്കത്തുനിന്ന് കാല്‍നടയായി തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ ആരംഭിച്ചത് 1924 നവംബര്‍ ഒന്നിനാണ്. മന്നത്ത് പദ്മനാഭനായിരുന്നു ജാഥാനായകന്‍. ഖദര്‍വസ്ത്രം ധരിച്ച് നഗ്‌നപാദരായി നീങ്ങിയ ജാഥാംഗങ്ങള്‍ വലിയ ആവേശമുയര്‍ത്തി. നാടുനീളെ സ്വീകരണങ്ങള്‍, യോഗങ്ങള്‍, പ്രസംഗങ്ങള്‍. വര്‍ക്കലയില്‍വെച്ച് ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകള്‍ നേടി, ജാഥ 11-ാം നാള്‍ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരള മനസ്സാക്ഷിയില്‍ വൈക്കം സത്യാഗ്രഹത്തിന് അനുകൂലമായ വലിയൊരുതരംഗം പ്രകടമായിരുന്നു. നാഗര്‍കോവിലില്‍നിന്ന് ഇ.എം. നായിഡുവിന്റെ നേതൃത്വത്തില്‍ മറ്റൊരു ജാഥയും പുറപ്പെട്ട് സവര്‍ണജാഥയോട് ചേര്‍ന്നു. നവംബര്‍ 12-ന് റാണി സേതുലക്ഷ്മീബായിക്ക് 20,000 പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു.
അവശ വിഭാഗങ്ങള്‍ക്ക് വഴിനടക്കാനും ആരാധന നടത്താനും അവകാശം നല്‍കുന്നതില്‍ സവര്‍ണവിഭാഗങ്ങളുടെ എതിര്‍പ്പ് കുറയ്‌ക്കാന്‍ മന്നത്തിന്റെ വാഗ്വിലാസവും അദ്ദേഹം നയിച്ച സവര്‍ണജാഥയും ഏറെ സഹായിച്ചു. വൈകാതെ നിയമസഭയില്‍ എന്‍. കുമാരന്‍ സഞ്ചാരസ്വാതന്ത്ര്യത്തിനായി അവതരിപ്പിച്ച അടിയന്തരപ്രമേയം ഒറ്റ വോട്ടിന് പരാജയപ്പെട്ടെങ്കിലും മുഴുവന്‍ നായര്‍ അംഗങ്ങളും പ്രമേയത്തിന് അനു
കൂലമായാണ് വോട്ടുചെയ്തതെന്നത് സമൂഹനന്മയ്‌ക്കായി മനസ്സുകളെ മാറ്റിത്തീര്‍ക്കാന്‍ മന്നത്തിനുണ്ടായിരുന്ന പാടവത്തിന് സാക്ഷ്യമാണ്. വൈക്കം സത്യാഗ്രഹവിജയത്തിന് അത് അനുകൂലഘടകമായി മാറി.
1998-ല്‍ നായര്‍ സര്‍വീസ് സൊസൈറ്റി വൈക്കത്ത് മന്നത്തിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിച്ചത് സത്യഗ്രഹത്തില്‍ മന്നത്തിന്റെ പങ്ക് പുതുതലമുറയെ ഓര്‍മ്മപ്പെടുത്തുന്നതിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: