കൊച്ചി: പൂനെയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ അമിത ജോലിഭാരത്തിന്റെ ആഘാതം താങ്ങാനാവാതെ കുഴഞ്ഞു വീണു മരിച്ച അന്ന സെബാസ്റ്റ്യന്റെ വിയോഗത്തെക്കുറിച്ച് കമ്പനി പ്രതികരിച്ചത് അന്നയുടെ അമ്മ കത്തയച്ചപ്പോള്‍ മാത്രം.
ഏറെ പ്രതീക്ഷയോടെ ഇവൈ കമ്പനിയില്‍ ജോലിക്കു കയറി. അമിത ജോലിയുടെ ആഘാതം അലട്ടുമ്പോഴും പറ്റില്ലെങ്കില്‍ രാജിവച്ചു വരൂ എന്ന് അച്ഛന് സിബിയും അമ്മ അനിതയും നിര്‍ബന്ധിച്ചപ്പോഴും അന്ന പിടിച്ചു നിന്നു. ഇവിടുത്തെ അനുഭവം മറ്റൊരിടത്തു നല്ല ജോലി ലഭിക്കാന്‍ സഹായമാവുമെന്നാണ് അന്ന പറഞ്ഞത്. പക്ഷേ… ജൂലൈ 21ന് അന്ന ഈ ലോകത്തോടു വിട പറഞ്ഞു. അമിത ജോലിഭാരം താങ്ങാതെ കുഴഞ്ഞു വീണായിരുന്നു അന്ത്യം.
എല്ലാ പരീക്ഷയിലും മികച്ച മാര്‍ക്കോടെയായിരുന്നു മകളുടെ വിജയം. എല്ലാവര്ക്കും പ്രിയപ്പെട്ട അന്നയുടെ വിയോഗം ഇപ്പോഴും കുടുംബാഗങ്ങള്‍ക്ക് സഹിക്കാനായിട്ടില്ല. തുടര്‍ച്ചയായി ജോലികള്‍ ഏല്‍പ്പിക്കുന്ന മേലുദ്യോഗസ്ഥരോട് പറ്റില്ലെന്ന് പറയാന്‍ തന്റെ കുട്ടിക്ക് അറിയില്ലായിരുന്നു. മരിക്കുന്ന സമയത്ത് ബജാജ് ഓട്ടോ എന്ന കമ്പനിയുടെ ഓഡിറ്റിങ്ങായിരുന്നു ചെയ്തിരുന്നത്. കൃത്യസമയത്തിനുള്ളില്‍ ഈ വര്‍ക്ക് ചെയ്തു തീര്‍ക്കണമെന്നുണ്ട്. അതുകൊണ്ട് രാത്രിയിലൊക്കെ ഇരുന്ന് ജോലി ചെയ്തു, അച്ഛന് സിബി ജോസഫ് പറയുന്നു.
പത്തു മണി കഴിഞ്ഞാന്‍ ആഹാരം കിട്ടിയിരുന്നില്ല. അവിടുത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. രാത്രിയിലും ജോലി ചെയ്യാനാണ് അവര്‍ നിര്‍ദേശിച്ചത്.
പൂനെയ്ക്കു പോയപ്പോള്‍ ആരോഗ്യവതിയായിരുന്നു അന്ന. മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കോണ്വൊക്കേഷന് പോയപ്പോള്‍ ഞങ്ങള്‍ അവളെ കണ്ടു. ഞങ്ങള്‍ക്കൊപ്പം അല്‍പ്പ സമയം ചെലവഴിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നു അവള്‍ക്ക്. ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഒരു ഹോസ്പിറ്റലില്‍ പോയി ഇസിജിയെടുത്തു. കാര്‍ഡിയോളജിസ്റ്റിനെ കണ്ടപ്പോള്‍ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞു. ഉറക്കമില്ലായ്മയും സമയത്ത് ഭക്ഷണം കഴിക്കാത്തതിന്റെയും പ്രശ്നം മാത്രമാണ് അവള്‍ക്കുണ്ടായിരുന്നത്. അതിനൊരു വഴി കണ്ടുപിടിക്കണമെന്നുമാണ് പറഞ്ഞത്, സിബി പറയുന്നു.
ഞങ്ങള്‍ കത്തെഴുതിയതിന് ശേഷമാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായത്. നിയമ നടപടിക്ക് ഇതുവരെ ആലോചിച്ചിട്ടില്ല. എങ്കിലും വരുന്ന തലമുറ ഇത്തരം വിവരങ്ങള്‍ അറിയണമെന്ന് കരുതി. അതാണ് കത്തിലൂടെ പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പരാതി നല്‍കും. തങ്ങളുടെ മകളുടെ അവസ്ഥ ഇനിയാര്‍ക്കും വരരുതെന്നും അന്നയുടെ അച്ഛന് കണ്ണീരോടെ പറയുന്നു.
കൃഷി വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറാണ് വൈക്കം പേരയില്‍ വീട്ടില്‍ സിബി ജോസഫ്, എസ്ബിഐ മുന്‍ മാനേജരാണ് അനിത അഗസ്റ്റിന്. അന്നയുടെ സഹോദരന് അരുണ്‍ സെബാസ്റ്റ്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: