തിരുവനന്തപുരം: എം പോക്സ് വായുവിലൂടെ പകരില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. സ്പര്‍ശനം, കിടക്ക പങ്കിടല്‍, ലൈംഗിക ബന്ധം, ചേര്‍ന്നു നില്ക്കല് തുടങ്ങിയ സാഹചര്യങ്ങളില്‍ രോഗബാധ ഉണ്ടാകാം.
പനിയും തലവേദനയും നടുവേദനയും പേശീവേദനയും ഉന്മേഷക്കുറവും കഴലവീക്കവും മറ്റുമാണ് പ്രാഥമിക ലക്ഷണങ്ങള്‍. അണുബാധയുണ്ടായി 21 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പനി തുടങ്ങി ഒരാഴ്ചക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും ഉണ്ടാകും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക. കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നിവിടങ്ങളിലും ഉണ്ടാകാം . രണ്ടു മുതല്‍ നാലാഴ്ചവരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗാവസ്ഥ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. തീവ്രത കുറവാണെങ്കിലും പഴയകാലത്തെ വസൂരിയുമായി ഇതിന് സാമ്യമുണ്ട്.
2022 ജൂലൈയിലാണ് കേരളത്തില്‍ ആദ്യമായി എം പോക്സ് കണ്ടെത്തിയത്. പിന്നീട് പലപ്പോഴായി പത്തോളം തവണ ഈ രോഗബാധയുണ്ടായി. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: